റഫാല്‍: കേന്ദ്രസര്‍ക്കാര്‍ സുപ്രധാന വിവരങ്ങള്‍ മറച്ചുവച്ചു

Web Desk
Posted on May 10, 2019, 10:19 pm

ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. റഫാല്‍ കേസില്‍ അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് വിധി പറയാന്‍ മാറ്റിവച്ചത്. കൂടുതല്‍ വാദങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ രേഖാമൂലം നല്‍കാന്‍ കോടതി കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിനു മുമ്പ് വിധിയുണ്ടാവില്ലെന്ന് ഉറപ്പായി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ എസ് കെ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരുമടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡിസംബര്‍ 14ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ അഡ്വ. പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവരാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നത്.
കരാറിലെ സുപ്രധാന വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ മറച്ചുവച്ചുവെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ അനുകൂലവിധി നേടിയെടുത്തത്. കേന്ദ്രത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിയില്‍ പിഴവുകളുണ്ടെന്നും അദ്ദേഹം വാദിച്ചു. കരാര്‍ റദ്ദാക്കണമെന്നല്ല, ക്രിമിനല്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കരാറില്‍ അഴിമതി തടയാനുള്ള വ്യവസ്ഥകള്‍ എന്തുകൊണ്ട് ഒഴിവാക്കിയെന്ന് ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ ഒഴിവാക്കിയതിന് എതിരെ ക്രിമിനല്‍ അന്വേഷണം തന്നെ വേണം. ലളിതാ കുമാരി കേസ് വിധിപ്രകാരം പരാതി ലഭിച്ചാല്‍ പ്രാഥമിക അന്വേഷണം നടത്തണമെന്ന് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
ബാങ്ക് ഗാരന്റി ഒഴിവാക്കുന്നതിനെയും അടിസ്ഥാന വില നിര്‍ണയത്തെയും ഫ്രാന്‍സില്‍ ചര്‍ച്ചയ്ക്കുപോയ കൂടിയാലോചനാ സംഘത്തിലെ ഏഴില്‍ മൂന്നുപേര്‍ എതിര്‍ത്തത് കോടതിയെ അറിയിച്ചിട്ടില്ലെന്ന് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. കരാറിന് വേണ്ടി കൂടിയാലോചന നടത്തിയവര്‍ നിശ്ചയിച്ച ബെഞ്ച് മാര്‍ക്ക് വിലയേക്കാളും ഉയര്‍ന്ന തുകയ്ക്കാണ് വിമാനം വാങ്ങിയത്. അടിസ്ഥാന വില അഞ്ചു ബില്യന്‍ യൂറോയാണെന്ന് ചൂണ്ടിക്കാട്ടിയ ഭൂഷണ്‍ അന്തിമ വില ഇതില്‍നിന്നും 55.6 ശതമാനം വരെ ഉയരുമെന്നും അറിയിച്ചു.

സോവറിന്‍ ഗാരന്റിക്ക് പകരം ഫ്രഞ്ച് സര്‍ക്കാരിന്റെ ലെറ്റര്‍ ഓഫ് കംഫര്‍ട്ട് മാത്രം അടിസ്ഥാനമാക്കിയ കരാറിനെയും കൂടിയാലോചനാ സംഘത്തിലെ അംഗങ്ങള്‍ എതിര്‍ത്തിരുന്നു. റഷ്യന്‍ കമ്പനികള്‍ ഗവണ്‍മെന്റ് കമ്പനികള്‍ ആയതിനാലാണ് ഇന്ത്യ ഗാരന്റി ആവശ്യപ്പെടാത്തതെന്നും ദസ്സോ സ്വകാര്യകമ്പനിയാണെന്നും ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങളും കോടതിയില്‍ നിന്നും മറച്ചുവച്ചു. പിഎംഒയുടെ നിരീക്ഷണം എന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചത് യഥാര്‍ഥത്തില്‍ സമാന്തര ഇടപെടലാണ്. ഇത് ഇന്ത്യന്‍ സംഘത്തിന്റെ വിലപേശല്‍ ദുര്‍ബലമാക്കി.

അനില്‍ അംബാനിക്ക് ഓഫ്‌സെറ്റ് പങ്കാളിത്തം ലഭിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ചും അന്വേഷണം ആവശ്യമാണ്. ഇതിനായി ഫ്രാന്‍സില്‍ സാമ്പത്തിക ഇടപാടുകള്‍ വരെ നടന്നു. സിഎജി വില സംബന്ധിച്ച് പരിശോധന നടത്തിയില്ലെന്ന് ആരോപിച്ച പ്രശാന്ത് ഭൂഷണ്‍ ഇതാദ്യമായാണ് ഒരു കരാറിലെ വില വിലയിരുത്താതെ സിഎജി അംഗീകരിക്കുന്നതെന്നും വാദിച്ചു.

കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും വിവരങ്ങള്‍ മറച്ചു വച്ചതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് അരുണ്‍ ഷൂരി വാദിച്ചു.
കരാറിലെ വിലവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ വ്യവസ്ഥയുണ്ടെന്നാണ് എജി കെ കെ വേണുഗോപാല്‍ വാദിച്ചത്. വില വിവരങ്ങള്‍ കോടതി ആവശ്യപ്പെട്ടില്ലെന്നും നടപടിക്രമങ്ങള്‍ മാത്രമാണ് ചോദിച്ചതെന്നും എജി പറഞ്ഞു. അവ ഹാജരാക്കിയിട്ടുണ്ട്. അതില്‍ ചെറിയ പിഴവുണ്ടെങ്കില്‍ പോലും വിധി പുനഃപരിശോധിക്കാന്‍ തക്കതായ കാരണമല്ലെന്നും എജി വാദിച്ചു.

ലളിത കുമാരി കേസ് വിധിപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതല്ലേയെന്ന ജസ്റ്റിസ് കെ എം ജോസഫിന്റെ ചോദ്യത്തിന് ലളിത കുമാരി കേസിലെ വിധി ഇവിടെ ബാധകമാകില്ലെന്നും രണ്ടും രണ്ട് സാഹചര്യം ആണെന്നുമായിരുന്നു വിശദീകരണം. മുന്‍ കരാറിലേത് പോലെ സാങ്കേതികവിദ്യ കൈമാറ്റം ഇല്ലാത്തതിനെ എങ്ങനെ വിശദീകരിക്കാന്‍ ആകുമെന്നും ജസ്റ്റിസ് കെ എം ജോസഫ് ആരാഞ്ഞു. എന്നാല്‍ സാങ്കേതിക വശം തീരുമാനിക്കേണ്ടത് കോടതിയല്ലെന്നായിരുന്നു എജിയുടെ മറുപടി.

you may also like this: