റഫാല്‍: നിര്‍ണായക രേഖകള്‍ മോഷണം പോയി

Web Desk
Posted on May 26, 2019, 10:53 pm

ന്യൂഡല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഫ്രാന്‍സിലെ ഓഫീസില്‍ നിന്ന് മോഷണം പോയെന്ന് റിപ്പോര്‍ട്ട്. വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി വ്യോമസേനയുടെ പ്രത്യേകസംഘം പാരിസിലേക്ക് തിരിച്ചു.
ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കരാറില്‍ വന്‍ക്രമക്കേട് നടന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് മോഷണം. അതേസമയം സുപ്രധാന രേഖകളൊന്നും പോയിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്.
പാരീസിലെ സെന്റ് ക്ലോഡ് മേഖലയിലാണ് റഫാല്‍ ഇടപാടിന് മേല്‍നോട്ടം വഹിക്കുന്ന ഇന്ത്യന്‍ വ്യോമസേനയുടെ പ്രോജക്ട് മാനേജ്‌മെന്റ് ടീം ഓഫീസ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞയാഴ്ച ഇവിടെ അജ്ഞാതര്‍ അതിക്രമിച്ചു കടക്കുകയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പല രേഖകളും നഷ്ടമായെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഓഫിസിലെ മൂന്ന് മുറികളില്‍ അജ്ഞാതര്‍ അതിക്രമിച്ച് കടന്നിരുന്നു. ചില അലമാരകള്‍ തകര്‍ത്തതായി കണ്ടെത്തി. നിരവധി രേഖകള്‍, പല വിവരങ്ങളുമുള്ള ഡിസ്‌കുകള്‍, നിര്‍ണായകമായ ഒരു ഹാര്‍ഡ് ഡിസ്‌ക് എന്നിവയാണ് ഓഫീസിലുണ്ടായിരുന്നത്. ഇതില്‍ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. കൂട്ടത്തില്‍ അവിടെ സൂക്ഷിച്ചിരുന്ന പണവും മോഷണം പോയിരുന്നു. മോഷണം ആസുത്രിതമാണെന്ന് ഫ്രഞ്ച് പൊലീസ് സംശയിക്കുന്നുണ്ട്.
ഗ്രൂപ്പ് ക്യാപ്റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഓഫിസിന്റെ ചുമതല വഹിക്കുന്നത്. ഫോറന്‍സിക് വിദഗ്ധരടങ്ങിയ സംഘത്തെയാണ് വ്യോമസേന പാരിസിലേക്ക് നിയോഗിച്ചിരിക്കുന്നത്.

you may also like this: