Monday
18 Feb 2019

റഫാല്‍ ഇടപാട്: രാജ്യതാല്‍പര്യങ്ങള്‍ ഹനിച്ചതിന് വീണ്ടും തെളിവുകള്‍ പുറത്ത്

By: Web Desk | Monday 11 February 2019 10:48 PM IST

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ ഹനിച്ചതിന് പുതിയ തെളിവുകള്‍ പുറത്ത്. ഫ്രഞ്ച് കമ്പനികള്‍ക്ക് വഴിവിട്ട ഇളവുകള്‍ അനുവദിച്ചത് പ്രധാനമന്ത്രി ഇടപെട്ടാണെന്ന് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമതിയും അവിഹിത സ്വാധീനവും തടയുന്ന വ്യവസ്ഥകള്‍ കരാറില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആക്ഷേപം. കരാറനുസരിച്ചുള്ള പണമിടപാടുകള്‍ ഫ്രഞ്ച് സര്‍ക്കാര്‍ മുഖാന്തരം മാത്രമാക്കണമെന്ന ശുപാര്‍ശ പ്രധാനമന്ത്രി ഇടപെട്ട് തള്ളിയെന്നും തെളിയിക്കുന്നതാണ് രേഖകള്‍.

പ്രതിരോധ ഇടപാടുകളിലെ അഴിമതി തടയുന്നതിന് കൊണ്ടുവന്ന 2013 ലെ ഡിഫന്‍സ് പര്‍ച്ചേസ് പോളിസിയിലെ സുപ്രധാന നിബന്ധനകളാണ് കരാറില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഇടനിലക്കാരുടെ അവിഹിത സ്വാധീനം, കോഴ തുടങ്ങിയവ ശ്രദ്ധയില്‍പെട്ടാല്‍ കമ്പനികളില്‍ നിന്ന് പിഴ ഈടാക്കാന്‍ നയം വ്യവസ്ഥ ചെയ്യുന്നു. ഇതടക്കം എട്ട് വ്യവസ്ഥകളില്‍ നിന്നാണ് ഫ്രഞ്ച് കമ്പനികളെ ഒഴിവാക്കിയത്.

റഫാല്‍ വിമാനവും ആയുധങ്ങളും വിതരണം ചെയ്യുന്നത് സ്വകാര്യമേഖലയിലെ ദസോ, എംബിഡിഎ ഫ്രാന്‍സ് എന്നീ കമ്പനികളാണ്. ഇവരുമായുള്ള പണമിടപാടുകള്‍ ഫ്രഞ്ച് സര്‍ക്കാര്‍ മുഖാന്തരമാകണമെന്ന ശുപാര്‍ശ പ്രധാനമന്ത്രി തള്ളി. പോര്‍ വിമാനങ്ങളും ആയുധങ്ങളും സമയബന്ധിതമായി കൈമാറുന്നുവെന്ന് ഉറപ്പാക്കാന്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ ഗ്യാരണ്ടി വേണമെന്ന നിബന്ധന നേരത്തെ പ്രധാനമന്ത്രി ഇടപെട്ട് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ പണം കൈമാറുന്നത് ഫ്രഞ്ച് സര്‍ക്കാരിന്റെ പ്രത്യേക ബാങ്ക് അക്കൗണ്ട് വഴിയാകണമെന്ന് ധനമന്ത്രാലയം ശുപാര്‍ശ ചെയ്തത്. ഇന്ത്യയുമായുള്ള കരാറില്‍ ഫ്രഞ്ച് സര്‍ക്കാരിന് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതും ഇന്ത്യക്ക് ഉറപ്പും സുരക്ഷിതത്വവും നല്‍കുന്നതായിരുന്നു ഈ ശുപാര്‍ശ. എന്നാല്‍ പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി ഈ ശുപാര്‍ശയും മറ്റ് എട്ട് വ്യവസ്ഥകളും ഒഴിവാക്കിയുള്ള കരാറിന് 2016 ഓഗസ്റ്റില്‍ അന്തിമരൂപം നല്‍കി. സെപ്റ്റംബറില്‍ ചേര്‍ന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അധ്യക്ഷനായ ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സില്‍ ഈ കരാറിന് അംഗീകാരം നല്‍കുകയും ചെയ്തു. കൗണ്‍സിലിലെ മൂന്ന് അംഗങ്ങള്‍ ഇതിനോട് വിയോജിച്ചതായി ദ ഹിന്ദു ദിനപ്പത്രം വെളിപ്പെടുത്തുന്നു.

ഇടപാടില്‍ ഫ്രഞ്ചു സര്‍ക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് അനധികൃത സമാന്തര ഇടപെടല്‍ നടത്തിയെന്നും ഇതിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തിരുന്നതായും കഴിഞ്ഞ ദിവസം വെളിപ്പെട്ടിരുന്നു. പ്രതിരോധ മന്ത്രാലയവും കൂടിയാലോചനകള്‍ക്കായുള്ള ഇന്ത്യന്‍ സംഘവും ചര്‍ച്ച നടത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന ഇടപെടല്‍ രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറി ജി മോഹന്‍ കുമാര്‍ കുറിപ്പെഴുതിയതാണ് പുറത്തുവന്നത്.

അഴിമതി തുടച്ചുനീക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറുകയും അഴിമതിയെ കുറിച്ച് നിരന്തരം പ്രസംഗിക്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ഇടപാടില്‍ തന്നെ ഇത്തരത്തില്‍ അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കാന്‍ ഒത്താശ ചെയ്‌തെന്ന വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ജൂണ്‍ 2001നാണ് വ്യോമസേനയ്ക്കായി 126 ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 18 ജെറ്റ് വിമാനങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായ തരത്തില്‍ വാങ്ങാനും ബാക്കിയുള്ള 108 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സ് ലിമിറ്റഡിനെ ഉപയോഗിച്ച് നിര്‍മ്മിക്കാനുമായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്.

പിന്നീട് 2007 ഓഗസ്റ്റില്‍ യുപിഎ കാലത്ത് ലേലം തുടങ്ങിയെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം മാത്രമാണ് ഫ്രാന്‍സിലെ വിമാനനിര്‍മ്മാണക്കമ്പനിയായ ദസോ ഏവിയേഷന് കരാര്‍ ഏല്‍പിക്കാന്‍ ധാരണയായത്. ആദ്യം 18 ജെറ്റ് വിമാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കാനും, ബാക്കി വിമാനനിര്‍മ്മാണത്തിനുള്ള സാങ്കേതികവിദ്യ നല്‍കി സഹകരിക്കാനുമാണ് ദസോയ്ക്ക് കരാര്‍ നല്‍കിയത്. ദസോയുമായി തുടങ്ങിയ ചര്‍ച്ച 2014 വരെ നീണ്ടെങ്കിലും ആ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ യുപിഎ പരാജയപ്പെട്ടതോടെ, ചര്‍ച്ചകള്‍ തല്‍ക്കാലം അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാര്‍ ഏപ്രില്‍ 2015ന് ഫ്രാന്‍സില്‍ നിന്ന് സര്‍ക്കാരുകള്‍ തമ്മില്‍ 8.7 ബില്യണ്‍ ഡോളര്‍ ചെലവില്‍ 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 126 വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള യുപിഎ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ഇത്. മുന്‍ കരാര്‍ പ്രകാരം ഓരോ വിമാനവും 526 കോടി രൂപയ്ക്കാണ് വാങ്ങാനുദ്ദേശിച്ചിരുന്നതെന്നും, ഇപ്പോള്‍ വിമാനങ്ങളുടെ വില 1670 കോടി രൂപയായെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

Related News