Saturday
16 Feb 2019

ആസൂത്രിത അഴിമതി

By: Web Desk | Tuesday 12 February 2019 11:00 PM IST

പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിന് പിന്നില്‍ ആസൂത്രിതമായ അഴിമതി നടന്നുവെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുതിയ റഫാല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പ് റിലയന്‍സ് ഡിഫന്‍സ് ഉടമ അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രി ഷോണ്‍ വെസ് ലെ ഡ്രിയാന്റെ പ്രതിരോധ ഉപദേഷ്ടാക്കളേയും ഉദ്യോഗസ്ഥരേയും കണ്ട് ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് ഷോണ്‍ ക്ലോഡ് മാലെറ്റ്, ഇന്‍ഡസ്ട്രി അഡൈ്വസര്‍ ക്രിസ്‌റ്റൊഫെ സലൊമണ്‍, സാങ്കേതിക ഉപദേഷ്ടാവ് ജെഫ്രി ബോകറ്റ് എന്നിവരെ അനില്‍ അംബാനി കണ്ടിരുന്നു. അംബാനിയുമായുള്ള കൂടിക്കാഴ്ച പെട്ടെന്ന് സംഭവിച്ചതും രഹസ്യസ്വഭാവമുള്ളതായിരുന്നു എന്നും യൂറോപ്യന്‍ പ്രതിരോധ കമ്പനി ഉദ്യോഗസ്ഥനോട് ക്രിസ്റ്റൊഫെ സലൊമണ്‍ പറഞ്ഞത് ഉള്‍പ്പെടെയുള്ള ഇ മെയില്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാന്‍സ് സന്ദര്‍ശിക്കുമ്പോള്‍ റഫാല്‍ ഇടപാട് സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കാനുള്ള സാധ്യത സംബന്ധിച്ച് അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ധാരണാപത്രം തയാറായി വരികയാണ് എന്നാണ് പറഞ്ഞതെന്നും ഇ മെയില്‍ രേഖകള്‍ വ്യക്തമാക്കുന്നു. 2015 ഏപ്രില്‍ ഒമ്പതിന് മോഡി പാരീസിലെത്തി. അനില്‍ അംബാനി പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഒപ്പമുണ്ടായിരുന്നു. മോഡിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദും 36 റഫാല്‍ യുദ്ധവിമാനങ്ങളുടെ കരാര്‍ സംബന്ധിച്ച് പ്രഖ്യാപനവും സംയുക്ത പ്രസ്താവനയും ഇറക്കി. അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ സമയത്തുതന്നെയാണ് റിലയന്‍സ് ഡിഫന്‍സ് എന്ന കടലാസ് കമ്പനി 2015 മാര്‍ച്ച് 28നാണ് നിലവില്‍ വന്നത്. –ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) റഫാല്‍ കരാറിന് അംഗീകാരം നല്‍കിയത് 2015 മേയിലാണ്. ഡിഎസിയുടെ അംഗീകാരത്തിനും കാബിനറ്റ് തീരുമാനത്തിനും മുമ്പ് തിടുക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി റഫാല്‍ ഇടപാട് പ്രഖ്യാപിച്ചതിന് പിന്നിലും ദുരൂഹതയാണ് വ്യക്തമാകുന്നത്.

ലെ ഡ്രിയാന്റെ ഓഫീസിനും റിലയന്‍സ് ഡിഫന്‍സിനും അയച്ച ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. 2015 ഏപ്രില്‍ എട്ടിന് അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎല്‍) ആണ് കരാറില്‍ ഭാഗമായിരിക്കുന്നത് എന്നാണ്. ഇത് സാങ്കേതികമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്നും വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ് എന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഇതുമായി ഒരു ബന്ധവുമില്ലെന്നും ജയശങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എച്ച്എല്ലിനെ ഒഴിവാക്കി. പകരം റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തി.

ആദ്യം തയ്യാറാക്കിയ ധാരണാ പത്രം പൂര്‍ണമായി റദ്ദാക്കി മോഡിയും ഫ്രാന്‍സ്വാ ഒലാന്ദും ഒപ്പുവച്ചത് പുതിയ കരാറിലാണെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ കരാര്‍ തയ്യാറാക്കിയത് അന്നത്ത പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ ഒഴിവാക്കിയാണ്. ഇതിന്റെ പിന്നിലുള്ളത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഏകപക്ഷീയമായ നിലപാടാണെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡില്‍ അജയ് ശുക്ല എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.

Related News