റഫാൽ കേസ്; പുനഃപരിശോധന ഹർജികൾ തള്ളി

Web Desk
Posted on November 14, 2019, 11:40 am

ന്യൂഡൽഹി: റഫാൽ കേസിലെ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി. ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജസ്റ്റിസ് എസ്. കെ കൗൾ, ജസ്റ്റിസ് കെ. എം. ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഡിസംബര്‍-14ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

റിവ്യു ഹ‍ര്‍ജികളിൽ പുന:പരിശോധനക്ക് ആവശ്യമായ ഒന്നുമില്ലെന്നും അതിനാൽ തന്നെ ആവശ്യം തള്ളുകയാണെന്നുമാണ് റഫാൽ റിവ്യു ഹ‍ര്‍ജിയിലെ വിധിയിൽ പറയുന്നത്.

ഫ്രാൻസിലെ ദസൊ ഏവിയേഷനിൽ നിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ 59,000 കോടി രൂപയ്ക്ക് വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജി ഡിസംബർ 14‑നാണ് സുപ്രീംകോടതി തള്ളിയത്. ഇതിനെതിരേയാണ് പുനഃപരിശോധനാ ഹർജി സമർപ്പിക്കപ്പെട്ടത്.

അഭിഭാഷകരായ എം. എൽ. ശർമ, വിനീത് ദണ്ഡ, രാജ്യസഭാംഗവും എ. എ. പി. നേതാവുമായ സഞ്ജയ് സിങ്, മുൻ കേന്ദ്രമന്ത്രിമാരും ബി. ജെ. പി. നേതാക്കളുമായിരുന്ന യശ്വന്ത് സിൻഹ, അരുൺ ഷൗരി, അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ എന്നിവരാണ് പുനഃപരിശോധനാ ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചത്.