റഫാല്‍: പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം

Web Desk
Posted on December 17, 2018, 10:22 pm

പ്രധാനമന്ത്രിക്ക് എതിരെ അവകാശലംഘനത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം. സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രധാനമന്ത്രിക്ക് എതിരെ പ്രതിപക്ഷ അംഗങ്ങള്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. ബിജെപി അംഗങ്ങള്‍ രാഹുല്‍ ഗാന്ധിക്കെതിരെയും അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.

ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നേരത്തെ പിരിഞ്ഞു. ലോക്‌സഭ പല തവണ നിര്‍ത്തിവച്ചു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം എഴുതിയത് അവകാശലംഘനമാണെന്നാരോപിച്ചാണ് നോട്ടീസ്. സിഎജി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും സഭയില്‍ വയ്ക്കില്ല എന്ന് കോടതിയെ അറിയിച്ചതും അവകാശലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഇല്ലാത്ത സിഎജി റിപ്പോര്‍ട്ട് ഉണ്ടെന്ന് സുപ്രിംകോടതിയെ അറിയിച്ചതിന് പ്രധാനമന്ത്രിക്ക് എതിരെ അവകാശലംഘനത്തിന് നടപടി വേണമെന്ന് കോണ്‍ഗ്രസ്, ആര്‍ജെഡി അംഗങ്ങള്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് വേണ്ടി സുനില്‍ ഝക്കറാണ് നോട്ടീസ് നല്‍കിയത്.

ഇടപാട് ശരിവച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ അംഗങ്ങളും പ്ലക്കാര്‍ഡുകളുമായി നടുത്തളത്തില്‍ ഇറങ്ങിയതോടെയാണ് സഭാനടപടികള്‍ നിര്‍ത്തിവച്ചത്. മറ്റ് വിഷയങ്ങളില്‍ പ്രതിഷേധവുമായി എഐഎഡിഎംകെ, ടിഡിപി, അകാലിദള്‍ അംഗങ്ങളും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലെത്തി.

സര്‍ക്കാര്‍ സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജെപിസി അന്വേഷണം അനിവാര്യമാണെന്നും രാജ്യസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കിയ സിപിഐ നേതാവ് ബിനോയ് വിശ്വം, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ പറഞ്ഞു.
വിമാനത്തിന്റെ വിലവിവരം സിഎജി പരിശോധിച്ചെന്നും അതിന്റെ കരട് റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കണ്ടതാണെന്നും വിധിയില്‍ 25ാം ഖണ്ഡികയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി നേടിയതെന്ന് വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വിധിയില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ തിരുത്തല്‍ ഹര്‍ജി നല്‍കിയത് പ്രതിപക്ഷത്തിന് കൂടുതല്‍ കരുത്തായി. റഫാലില്‍ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷം തീരുമാനമെടുത്തിരിക്കുന്നത്.

അതേസമയം സിഎജി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല കോടതി വിധിയെന്നും തിരിച്ചടിയുടെ നിരാശയിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണങ്ങളെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംപി അനുരാഗ് ഠാക്കൂര്‍, നിഷികാന്ത് ദുബൈ, സഞ്ജയ് ജയ്‌സ്വാള്‍ എന്നിവരാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. അവകാശലംഘന നോട്ടീസുകളില്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ തീരുമാനമെടുക്കും.
ശീതകാല സമ്മേളനത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ ട്രാന്‍സ്ജന്‍ഡര്‍ അവകാശ സംരക്ഷണ ബില്‍ പാസാക്കി. ബഹളത്തിനിടയിലും മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അവതരിപ്പിച്ചു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. മുത്തലാഖ് നിയമവിരുദ്ധവും മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള ബില്‍ നേരത്തെ രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല.