റഫാല്‍: വിധി പുനഃപരിശോധിക്കുക

Web Desk
Posted on December 22, 2018, 9:42 pm
new-age editorial janayugom

ഗോള സാമ്പത്തിക കുത്തകകള്‍, വലതുപക്ഷ ആശയങ്ങളുടെ നികൃഷ്ടമായ രൂപം, വര്‍ഗീയ, ജാതി വിവേചനം തുടങ്ങിയ ഷോവനിസ്റ്റിക് പ്രവണതകളുടെ സംയുക്ത രൂപമാണ് മോഡി സര്‍ക്കാരെന്ന് ആദ്യംമുതല്‍തന്നെ ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു. ഈ പ്രതിലോമശക്തികളെ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളേയും സംവിധാനങ്ങളേയും തകര്‍ക്കുന്ന സമീപനങ്ങളാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

കഴിഞ്ഞ നാലരവര്‍ഷത്തിനിടെ ഈ നിലപാടുകള്‍ അവലംബിച്ച് പാര്‍ലമെന്റ് നടപടികളെ തടസപ്പെടുത്തുന്നു. തങ്ങളുടെ ആശയങ്ങള്‍ നടപ്പാക്കുന്നതിന് ധനബില്‍ ഉപയോഗപ്പെടുത്തുന്നു. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയിലെ ചര്‍ച്ചകള്‍ ഒഴിവാക്കുന്നതിനും ധനബില്ലാണ് മോഡി സര്‍ക്കാര്‍ അവലംബിക്കുന്നത്. സുപ്രധാനമായ സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഒഴിവാക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ എതിര്‍പ്പുപോലും അവഗണിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നതിന് ഇലക്ട്രല്‍ ബോണ്ട് സംബന്ധിച്ച ബില്‍ പാസാക്കി. തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ എതിര്‍പ്പുകള്‍ പറഞ്ഞില്ലെന്ന വാദവുമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ എതിര്‍പ്പുകള്‍ ബന്ധപ്പെട്ട ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുന്നതിലെ സുതാര്യത നഷ്ടപ്പെടുമെന്ന വാദം നിരത്തിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിയോജനക്കുറിപ്പ് എഴുതിയത്. സര്‍ക്കാര്‍ കണക്കുകള്‍ പരിശോധിക്കാനുള്ള അവകാശം സിബിഐ, സിഎജി തുടങ്ങിയ ഏജന്‍സികള്‍ക്കുണ്ട്. നരേന്ദ്ര മോഡിയുടേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടേയും കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുങ്ങി എന്ന കാരണത്താല്‍ സിബിഐ ഡയറക്ടറെ തല്‍സ്ഥാനത്തുനിന്നും നീക്കി.

ഇതിനെക്കാള്‍ ഏറ്റവും മോശമായ കാര്യമാണ് ഈ ആഴ്ച്ച പുറത്തുവന്നത്. റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തള്ളി. ഹര്‍ജി തള്ളിയത് ഇടപാടില്‍ സര്‍ക്കാരിനുള്ള ക്ലീന്‍ ചിറ്റാണെന്ന് സര്‍ക്കാരും സംഘപരിവാറും അവകാശപ്പെടുന്നു. അഴിമതി ആരോപണം ഉന്നയിച്ചതിന് ഹര്‍ജി നല്‍കിയവര്‍ നിരുപാധികം മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കോടതിവിധി സര്‍ക്കാര്‍ നല്‍കിയ തെറ്റായ വിവരങ്ങളുടേയും രേഖകളുടേയും അടിസ്ഥാനത്തിലെന്ന് വ്യക്തമായതോടെ ഈ വാദം പൊളിഞ്ഞു.

ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണെന്ന് ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയുടെ 25-ാം ഖണ്ഡികയില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതാണെന്നും ഇത് പൊതുരേഖയായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇതുവരെ സിഎജി റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഇത് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കും പാര്‍ലമെന്റിനും അയച്ചതാണെന്ന സര്‍ക്കാരിന്റെ കള്ളവും പുറത്തുവന്നു. മുദ്രവച്ച കവറില്‍ നല്‍കിയ രേഖകളിലൂടെ മോഡി സര്‍ക്കാര്‍ സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണം ആവശ്യമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളിയത്. ഇത് പരമോന്നത കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനുള്ള തെളിവാണ്. ആംഗലേയ ഭാഷയിലെ മികവ് പറഞ്ഞ് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബിജെപിയും സര്‍ക്കാരും ആദ്യം ശ്രമിച്ചത്. എന്നാല്‍ കോടതിയലക്ഷ്യത്തിനുള്ള മറ്റൊരു സംഭവമായി. വിധിയില്‍ തിരുത്തല്‍ വേണമെന്ന ആവശ്യവുമായി ഹര്‍ജിതള്ളിയ തൊട്ടടുത്ത ദിവസം സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. കോടതിയില്‍ തെറ്റായ വിവരങ്ങളും രേഖകളും സമര്‍പ്പിച്ചു എന്ന കാര്യം ഇവിടെയും സര്‍ക്കാര്‍ സമ്മതിക്കുന്നില്ല. തെറ്റായ വിവരങ്ങള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചതാണ് കോടതിയുടെ ഭാഗത്തുനിന്നും തെറ്റായ തീരുമാനം ഉണ്ടാകാനുള്ള കാരണം.

റഫാല്‍ ഇടപാടില്‍ കോടതിക്ക് നേരിട്ട് അന്വേഷണം നടത്താന്‍ കഴിയില്ലെന്ന കാര്യം പ്രതിപക്ഷത്തിനും അഴിമതി ഉന്നയിച്ചവര്‍ക്കും വ്യക്തമായ ബോധ്യമുണ്ട്. എന്നാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ കഴിയുമായിരുന്നു. വിധിയില്‍ തിരുത്തല്‍ വേണമെന്ന സര്‍ക്കാരിന്റെ അപേക്ഷയില്‍ ഇനിയും കോടതി തീരുമാനം എടുത്തിട്ടില്ല. നിലവിലെ വിധി പുനഃപരിശോധിക്കുകയും പരാതിക്കാര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ ബോധിപ്പിക്കാനുള്ള അവസരം നല്‍കുകയുമാണ് ഇക്കാര്യത്തില്‍ ഏറ്റവും അനുയോജ്യമായ നടപടി. മുദ്രവച്ച കവറില്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണം. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നടപടികള്‍ പരിശോധിക്കുമ്പോള്‍ രേഖകള്‍ മുദ്രവച്ച കവറില്‍ നല്‍കുന്നത് എന്തിനാണെന്ന കാര്യം കോടതി ആരായണം.