Tuesday
19 Mar 2019

‘റഫാല്‍ അഴിമതി’ മോഡി ഭരണത്തിന്‍റെ അന്ത്യം കുറിക്കും

By: Web Desk | Saturday 8 September 2018 10:14 PM IST


jalakam

ഇന്ത്യന്‍ ജനതയുടെ ദേശാഭിമാനബോധത്തെ തെരഞ്ഞെടുപ്പില്‍ വില്‍ക്കാനുള്ള ഏറ്റവും നല്ല ചരക്കായി കാണുന്നവരാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി നയിക്കുന്ന സംഘപരിവാര്‍ ശക്തികള്‍. അതില്‍ തന്നെ പാകിസ്ഥാന്‍ എന്ന മുസ്‌ലിം അയല്‍രാഷ്ട്രവും ചൈന എന്ന കമ്മ്യൂണിസ്റ്റ് അയല്‍രാഷ്ട്രവും ഇന്ത്യയെ ആക്രമിക്കാന്‍ തയാറെടുക്കുന്നു എന്നോ അവര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്തുന്നു എന്നോ ഒരു വാര്‍ത്ത പടര്‍ന്നാല്‍ ദേശസ്‌നേഹികളായ ഇന്ത്യക്കാരുടെ മനസ് അസ്വസ്ഥമാകും. ആ അസ്വസ്ഥതയെ എങ്ങനെ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന് തല പുകഞ്ഞ് ചിന്തിച്ചുകൊണ്ടിരിക്കുന്നവരാണ് നരേന്ദ്രമോഡി-അമിത് ഷാ കൂട്ടുകെട്ട്. അത്തരം ചിന്തയില്‍ നിന്നുണ്ടായതാണ് കഴിഞ്ഞ വര്‍ഷം ബജറ്റില്‍ നീക്കിവച്ച 2.74 ലക്ഷം കോടി രൂപയ്ക്കു പുറമെ പുതുതായി 40,000 കോടി രൂപയ്ക്ക് കൂടി പുതിയ വിദേശ ആയുധശേഖരം വാങ്ങാന്‍ കേന്ദ്രം തീരുമാനിച്ചത്. വിവിധ ഇനം റൈഫിളുകള്‍ നല്‍കാന്‍ മാത്രമായി ഏകദേശം 20 ആഗോള കമ്പനികള്‍ രംഗത്തെത്തിയെന്നാണ് പുറത്തറിയുന്നത്. ആഗോളകമ്പനികള്‍ വ്യാപാരത്തിനെത്തിയാല്‍ കിക്ബാക്കുകള്‍ ഉറപ്പ്. അതാണ് ആയുധവ്യാപാരത്തിന്റെ ആഗോളരാഷ്ട്രീയവും തന്ത്രവും.

2016-ല്‍ ഫ്രാന്‍സുമായിട്ടുണ്ടാക്കിയ കരാര്‍ പ്രകാരം 59,000 കോടി രൂപ മുടക്കി 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്രഗവണ്‍മെന്റ് തീരുമാനിച്ചത് രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണിതെന്നും ഇടപാടില്‍ കുറ്റകരമായ ക്രമക്കേടുകളും നിയമലംഘനങ്ങളും നടന്നിട്ടുണ്ടെന്നും ബിജെപി നേതാക്കളും മുന്‍ കേന്ദ്രമന്ത്രിമാരുമായ അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയും ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി പറഞ്ഞു. 2011ല്‍ 126 യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സിലെ ദസ്സാള്‍ട്ടു കമ്പനിയില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ആകെ വില നിശ്ചയിച്ചിരുന്നത 42,000 കോടി രൂപയാണ്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും ഈ ഇടപാടിലെ അഴിമതി പുറത്തുകൊണ്ടുവരുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അദ്ദേഹം മാധ്യമപ്രതിനിധികളോട് ചോദിച്ച ചോദ്യം വളരെ പ്രസക്തമാണ്. നിങ്ങള്‍ എന്തുകൊണ്ട് പ്രധാനമന്ത്രിയോട് റഫാല്‍ ഇടപാടിനക്കുറിച്ച് ചോദിക്കുന്നില്ല. റഫാല്‍ അഴിമതിയുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനുപോലും അപ്രഖ്യാപിത വിലക്ക് ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2015ല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിനുവേണ്ടി 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ”ഉടന്‍ പറത്താന്‍ കഴിയുന്ന നിലയില്‍” വാങ്ങുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണല്ലോ. അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഒലാന്ദിനെ സാക്ഷിനിര്‍ത്തിയാണ് മോഡി ഈ തീരുമാനം അറിയിച്ചത്. 2016 സെപ്റ്റംബറില്‍ വിദേശകാര്യ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ഫ്രഞ്ച് ഗവണ്‍മെന്റുമായി ഇതിനുവേണ്ടിയുള്ള ആദ്യ ഔപചാരികകരാറില്‍ ഒപ്പുവയ്ക്കുകയുമുണ്ടായി. ഇന്ത്യയുടെ പൊതുമേഖലയിലുള്ള പ്രതിരോധ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, ഫ്രഞ്ച് യുദ്ധവിമാന നിര്‍മാണ കമ്പനിയായ ദസാള്‍ട്ട് ഏവിയേഷനുമായി കരാറുണ്ടാക്കി അവരുടെ സാങ്കേതിക വിജ്ഞാനം കൈമാറ്റം ചെയ്തു വാങ്ങിയിട്ടുള്ള കമ്പനിയാണ്. എച്ച്എഎല്‍ ഫ്രഞ്ച് മിറാഷ് വിമാനങ്ങള്‍ നിര്‍മിക്കുന്നതില്‍ ദീര്‍ഘനാളത്തെ പരിചയം ഉള്ള കമ്പനിയുമാണ്. ഈ പൊതുമേഖല കമ്പനിയെ ഒഴിവാക്കി ദസാള്‍ട്ട് റിലയന്‍സ് ഏവിയേഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഇപ്പോള്‍ കരാര്‍ നല്‍കിയിരിക്കുന്നത്.

2017 ഒക്‌ടോബറിലാണ് നാഗ്പൂരില്‍ ദസാള്‍ട്ട് റിലയന്‍സ് ഏവിയേഷന്‍ ലിമിറ്റഡ് എന്ന പുതിയ ജോയിന്റ് വെഞ്ച്വര്‍ കമ്പനിയുടെ തറക്കല്ലിടുന്നത്. കമ്പനിയുടെ 51 ശതമാനം ഓഹരി അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് കമ്പനിക്കും (റിലയന്‍സ് എയ്‌റോസ്ട്രക്ചര്‍) 49 ശതമാനം ദസാള്‍ട്ട് ഏവിയേഷനുമാണ്. 2016 സെപ്റ്റംബറില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രാഥമിക കരാര്‍ ഒപ്പിട്ട ഒരു പ്രതിരോധ ഇടപാട് ഒരു വര്‍ഷത്തിനുശേഷം മാത്രം തറക്കല്ലിട്ട് നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ച കമ്പനിക്ക് അതും പൊതുമേഖലയായ എച്ച്എന്‍എല്ലിനെ ഒഴിവാക്കി നല്‍കാന്‍ കേന്ദ്രഗവണ്‍മെന്റിനെ പ്രേരിപ്പിച്ച ഘടകം എന്താണ്. പച്ചയായ അഴിമതിയല്ലാതെ മറ്റൊന്നുമല്ല.
റിലയന്‍സ് ഗ്രൂപ്പിന്റെ പുതിയ കമ്പനിക്ക് തറക്കല്ലിടുന്നതിന് മുമ്പ് 2016 നവംബറില്‍ പാര്‍ലമെന്റില്‍ അന്നത്തെ പ്രതിരോധ സഹമന്ത്രി നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ ഒരു റഫാല്‍ യുദ്ധവിമാനത്തിന് 670 കോടി രൂപ വില വരുമെന്ന് പറഞ്ഞിരുന്നു. ഇതേ ചോദ്യം 2018ല്‍ വീണ്ടും പാര്‍ലമെന്റില്‍ രേഖാമൂലം ഉന്നയിക്കപ്പെട്ടു. അതിന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ നല്‍കിയ മറുപടിയില്‍ ”ഇന്റര്‍-ഗവണ്‍മെന്റല്‍ എഗ്രിമെന്റിലെ ആര്‍ട്ടിക്കിള്‍-10 അനുശാസിക്കുന്നത്, ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 2008ല്‍ (യുപിഎ ഭരണം) ഒപ്പുവച്ച സെക്യൂരിറ്റി എഗ്രിമെന്റിന് വിധേയമാണ് ഈ ഇടപാട്” എന്നാണ്. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വില വെളിപ്പെടുത്താന്‍ കഴിയില്ല. ഇന്ത്യന്‍ ജനതയുടെ നികുതിപ്പണം കൊടുത്ത് വിദേശരാജ്യത്തുനിന്നും യുദ്ധവിമാനങ്ങള്‍ വിലയ്ക്ക് വാങ്ങുമ്പോള്‍ അതിന്റെ വില എത്രയെന്ന് പറയാന്‍ പോലും തയാറാകാതെ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ നിന്നും ഒളിച്ചോട്ടം നടത്തി സ്വന്തം അഴിമതി മൂടിവയ്ക്കാനാണ് നരേന്ദ്രമോഡിയും കൂട്ടരും ശ്രമിക്കുന്നത്. 2016-ല്‍ യുദ്ധവിമാനങ്ങളുടെ വിലയെത്ര വരുമെന്ന് പറയാം. 2018ല്‍ പറയാന്‍ സാധ്യമല്ലായെന്ന വിചിത്ര നിലപാടാണ് കേന്ദ്രഗവണ്‍മെന്റ് കൈക്കൊള്ളുന്നത്.

യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനുള്ള യാതൊരു മുന്‍പരിചയവുമില്ലാത്ത, ഇനിയും നിയതരൂപം കൈക്കൊണ്ടിട്ടില്ലാത്ത റിലയന്‍സ് ഗ്രൂപ്പില്‍ ഇത്രയും വലിയ പ്രതിരോധ വിമാനക്കരാര്‍ നല്‍കിയതില്‍ക്കൂടി പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ ഏറ്റവും വലിയ ഒരഴിമതിക്ക് നേതൃത്വം നല്‍കുകയാണ്. പ്രധാനമന്ത്രി നേരിട്ടാണ് ഈ കരാറില്‍ ഇടപെട്ടിട്ടുള്ളതും. ഇതുകൂടാതെ ഒന്നരലക്ഷം കോടി രൂപയ്ക്ക് 114 യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള കരുനീക്കങ്ങള്‍ വിദേശ ആയുധ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ ഗവണ്‍മെന്റ് നടത്തുന്നുണ്ട്.

അമിത്ഷായുടെയും അദ്ദേഹത്തിന്റെ മകന്‍ ജെയ്ഷായുടെയും അഴിമതികള്‍ മൂടിവച്ചും ലളിത് മോഡിയുടെയും നീരവ് മോഡിയുടെയും അഴിമതികളില്‍ നിസഹായാവസ്ഥ പ്രകടിപ്പിച്ചും ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞു മാറിയും പാര്‍ലമെന്റില്‍ മിക്കപ്പോഴും മൗനം പാലിച്ചിരിക്കുന്ന പ്രധാനമന്ത്രിക്ക് റഫാല്‍ ഇടപാടില്‍ മറുപടി പറയേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ ബാങ്കുകളെ കബളിപ്പിച്ച് ലണ്ടനില്‍ കഴിയുന്ന വിജയ്മല്യയുടേയും നീരവ് മോദിയുടേയും അയാളുടെ ബന്ധു മെഹുല്‍ ചോക്‌സിയുടേയും ഒളിവില്‍ കഴിയുന്ന ലളിത് മോദിയുടേയും പേരില്‍ കര്‍ശനമായ നിയമനടപടി നടത്താന്‍ പോലും കേന്ദ്രഗവണ്‍മെന്റിന് കഴിയുന്നില്ല. ഇതൊന്നും തന്നെ സാധ്യമാകാത്തതല്ല. ബിജെപിക്ക് കിട്ടിയ കോടികളുടെ പ്രത്യുപകാരമായിട്ടാണ് ഈ അഴിമതിക്കാര്‍ക്കെല്ലാം സൈ്വരവിഹാരം നടത്താന്‍ കഴിയുന്നത്. വിദേശരാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപകര്‍ക്കും ഇന്ന് മോഡിയുടെ അനുഗ്രഹാശിസുകള്‍ ഉണ്ട്. അതുകൊണ്ട് സ്വിസ് ബാങ്കുകളില്‍ ഇന്ത്യന്‍ കള്ളപ്പണ നിക്ഷേപം നോട്ട് നിരോധനത്തിനു ശേഷം 52 ശതമാനം കണ്ട് വര്‍ധിച്ചു. ഇന്ത്യയുടെ ഭരണതലത്തില്‍ ഇരുന്നുകൊണ്ട് ഇത്രയും വലിയ അഴിമതി നടത്തുന്ന ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തെ ചുറ്റി സഞ്ചരിക്കുന്ന ഒരു കൂട്ടം അഴിമതി വീരന്‍മാരും നമ്മുടെ രാജ്യത്തിന് അപമാനമാണെന്ന തിരിച്ചറിവ് വരുംനാളുകളില്‍ ജനങ്ങള്‍ പ്രകടിപ്പിക്കുക തന്നെ ചെയ്യും. പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കാളിത്തമുള്ള റഫാല്‍ അഴിമതി മോഡി ഭരണത്തിന് അന്ത്യം കുറിക്കാനാണ് സാധ്യത.

Related News