Web Desk

ന്യൂഡല്‍ഹി

December 13, 2020, 6:30 pm

ഛാട്ട് പൂജ നടത്തി കോവിഡിനെ ഓടിച്ചതായിരുന്നു: കര്‍ഷകര്‍ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ആളെ ഇറക്കി ഡല്‍ഹി കലാപം പുനഃസൃഷ്ടിക്കുമെന്ന് ഹിന്ദുത്വ നേതാവ് രാഗിണി തിവാരി

Janayugom Online

ഛാട്ട് പൂജ നടത്തി കോവിഡിനെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്നും ഇനിയും കര്‍ഷകര്‍ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ആളെ ഇറക്കി കലാപം പുനഃസൃഷ്ടിക്കുമെന്നും സ്വയം പ്രഖ്യാപിത ഹിന്ദുത്വ നേതാവ് രാഗിണി തിവാരി. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിനെതിരെയാണ് പരസ്യമായ ഭീഷണിയുമായി രാഗിണി രംഗത്ത് വന്നിരിക്കുന്നത്. ആളെ ഇറക്കി കലാപം സൃഷ്ടിക്കേണ്ടിവന്നാല്‍ അതിന് ഉത്തരവാദി ഡല്‍ഹി സര്‍ക്കാരായിരിക്കും. കര്‍ഷകര്‍ ഒഴിഞ്ഞുപോവാന്‍ തയ്യാറായില്ലെങ്കില്‍ താനും രംഗത്തിറങ്ങുമെന്നും അവര്‍ പറഞ്ഞു. ഒരു വീഡിയോ സന്ദേശത്തിലാണ് രാഗിണി വെല്ലുവിളി ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 17നകം കര്‍ഷകര്‍ ഒഴിഞ്ഞുപോകണമെന്നാണ് രാഗിണിയുടെ ഭീഷണി. ഇല്ലെങ്കില്‍ താനും സംഘവുമെത്തി കര്‍ഷകരെ ഒഴിപ്പിക്കും. ജാഫ്രാബാദ് കലാപം ആവര്‍ത്തിക്കുമെന്നും രാഗിണി വീഡിയോയില്‍ പറയുന്നുണ്ട്.

ഉമര്‍ ഖാലിദ്, ഷര്‍ജില്‍ ഇമാം തുടങ്ങിയ രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന കര്‍ഷകരുടെ ആവശ്യം ചൂണ്ടിക്കാണിച്ച രാഗിണി ഇത് രാജ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും ആരോപിച്ചു. ഛാട്ട് പൂജ നടത്തി കൊറോണ വൈറസ് വ്യാപനം തടഞ്ഞിരിക്കുകയായിരുന്നു. എന്നാല്‍ കര്‍ഷക സമരം കോവിഡ് ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. മഹാത്മാ ഗാന്ധിയെപ്പോലെ നിശബ്ദയായി ഇരിക്കാനോ അഹിസംയുടെ മാര്‍ഗം പിന്തുടരാനോ തനിക്ക് കഴിയില്ലെന്നും രാഗിണി വീഡിയോയില്‍ പറയുന്നു.

പരസ്യമായി ഭീഷണി നടത്തിയിരിക്കുന്ന രാഗിണിക്കെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിപിക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതികളും എത്തിയിട്ടുണ്ട്. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന് സമാനമായ കലാപം ആസൂത്രണം ചെയ്യുമെന്ന് ഒരു വ്യക്തി പരസ്യമായി പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഇതാദ്യമായല്ല രാഗിണി കൊലവിളിയുമായി രംഗത്തെത്തുന്നത്. ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം നടന്നപ്പോഴും രാഗിണി വിദ്വേഷ പ്രസംഗങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ രാഗിണി കല്ലേറിന് നേതൃത്വം നല്‍കുന്നതിന്റെ വീഡിയോയും പുറത്തെത്തിയിരുന്നു.

‘ഹിന്ദുക്കള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തിയത് മതി. ഇനിയൊന്നും നമ്മള്‍ സഹിച്ചിരിക്കേണ്ടതില്ല. ഹിന്ദുക്കള്‍ പുറത്തേക്ക് വരണം. മരിക്കുക അല്ലെങ്കില്‍ കൊല്ലുക. ബാക്കി പിന്നെ നോക്കാം. നിങ്ങളുടെ രക്തം ഇപ്പോള്‍ തിളച്ചില്ലെങ്കില്‍ അത് പിന്നെ രക്തമല്ല, വെറും പച്ചവെള്ളമാണ്’, എന്നായിരുന്നും രാഗിണിയുടെ അന്നത്തെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍. രാഗിണിയുടെ വിദ്വേഷ പ്രസംഗത്തിന്റെ പിറ്റേന്നായിരുന്നു ഡല്‍ഹിയില്‍ കലാപം അരങ്ങേറിയത്.

ഇതോടെ ഡല്‍ഹി കലാപത്തില്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുണ്ടെന്നുകൂടിയാണ് അവര്‍ പറയാതെ പറയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Ragh­i­ni Tiwari accept­ing that she incit­ed vio­lence in Jaf­frabad, Threat­ens farmers

You may like this video also