രഹന ഫാത്തിമ അറസ്റ്റില്‍

Web Desk
Posted on November 27, 2018, 1:43 pm

കൊച്ചി: രഹന ഫാത്തിമ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന  കേസിലാണ് അറസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിലാണ് പരാമര്‍ശം നടത്തിയത്. പത്തനംതിട്ട ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രഹനയെ അറസ്റ്റ് ചെയ്തത്.

സമൂഹ മാധ്യമങ്ങളില്‍ രഹന അയ്യപ്പ വേഷത്തില്‍ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് തൃക്കൊടിത്താനം സ്വദേശി ആര്‍ രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ശബരിമല ഹിന്ദുക്കളുടെ മാത്രം ആരാധനാലയമല്ലെന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്നും മറ്റുമുള്ള പരാമര്‍ശങ്ങളാണ് രഹന ഫേസ്ബുക്കിലൂടെ നടത്തിയത്.

ഇതിനിടയില്‍ രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ വിധി പറയാനായി ഹൈക്കോടതി മാറ്റിയിരുന്നു. താന്‍ വിശ്വാസിയാണെന്നും തത്ത്വമസിയില്‍ വിശ്വസിക്കുന്നുവെന്നും രഹന കോടതിയില്‍ വ്യക്തമാക്കി. മുസ്ലിം ആചാര പ്രകാരം ജീവിക്കുന്ന വ്യക്തിയല്ലെന്നും അയ്യപ്പ വേഷം ധരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത് തെറ്റാണെന്ന് കരുതുന്നില്ലെന്നും രഹനപറഞ്ഞു. എന്നാല്‍ നിങ്ങളുടെ വിശ്വാസം മറ്റൊരു വിശ്വാസിയുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തരുതെന്ന് കോടതി പറഞ്ഞിരുന്നു.

തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ രഹന ശബരിമല സന്ദര്‍ശിക്കാനെത്തിയത് വന്‍ വിവാദമായിരുന്നു. ഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് രഹനയ്ക്ക് ശബരിമലയില്‍ പ്രവേശിക്കാനായില്ല. ശബരിമല സന്ദര്‍ശിക്കുന്ന വിവരം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇവര്‍ താമസിക്കുന്ന പനംപള്ളി നഗര്‍ ഫ്ലാറ്റിന് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണയിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ശബരിമലയില്‍ പോകുന്നതിന് മുമ്പാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. തത്ത്വമസി എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റിട്ടത്.