ഇനി ശബരിമലയിലേക്കില്ല: രഹ്ന ഫാത്തിമ

Web Desk
Posted on November 04, 2018, 9:00 pm

തിരുവനന്തപുരം: ഇനി ശബരിമലയിലേക്കില്ലെന്ന് രഹ്ന ഫാത്തിമ. ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ മല കയറാന്‍ രഹ്ന എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ വിവാദങ്ങളാണ് ഉണ്ടായത്.

ഇരുമുടി കെട്ടില്‍ സാനിട്ടറി പാഡ് വെച്ചിരുന്നുവെന്ന തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം വ്യാജ പ്രചരണങ്ങളായിരുന്നുവെന്നും  തന്‍റെ ഇരുമുടിക്കെട്ടില്‍ സാധാരണ നിറയ്ക്കുന്ന വസ്തുക്കളാണ് ഉണ്ടായിരുന്നതെന്നും രഹ്ന പറഞ്ഞു. ഇനി ശബരിമല ചവിട്ടില്ലെന്നാണ് രഹ്ന ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞത്. അവിടെ നിന്ന് തിരിച്ചിറങ്ങിയതാണ്. ഇനി മല ചവിട്ടില്ല. ഒരു പുരുഷന്‍ എങ്ങനെയാണോ വ്രതം നോക്കുന്നത് അതൊക്കെ തന്നെ ഞാനും നോക്കിയിരുന്നെന്നും രഹ്ന പറയുന്നു.

മൂന്ന് ദിവസം ഞാന്‍ വ്രതമെടുത്തു. അയ്യപ്പന്മാര്‍ ചെരിപ്പിടാതെ നടക്കണമെന്നൊക്കെ നിഷ്ഠകള്‍ ഉണ്ടല്ലൊ. അതൊക്കെ ഞാന്‍ പാലിച്ചിരുന്നു. എല്ലാ മതങ്ങളുടെയും അന്തസത്ത പഠിക്കാന്‍ എനിക്ക് വളരെ താല്പര്യമുണ്ട്. ആ രീതിയിലാണ് ഞാന്‍ ശബരിമലയിലും പ്രവേശിക്കാന്‍ ശ്രമിച്ചത്. പോകും മുമ്പ് ഞാന്‍ ശബരിമലയെ കുറിച്ച് പലരോടും സംസാരിച്ചിരുന്നു. അവിടുത്തെ ആചാരങ്ങളെ കുറിച്ചും മറ്റും വിവരങ്ങളും ശേഖരിച്ചുവെന്ന് പറഞ്ഞ രഹ്ന ശബരിമലയുടെ വിഷയത്തില്‍ ഞാന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയത് വിശ്വാസമില്ലാതെയാണെന്ന് പലരും പ്രചരിപ്പിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.