എന്നെ ഇനിയും ഉപദ്രവിച്ചാൽ ഈ നാടിന് തന്നെ തീ കൊടുത്തിട്ടേ ഞാൻ പോകൂ

Web Desk
Posted on January 24, 2019, 5:10 pm

എന്നെ ഇനിയും ഉപദ്രവിച്ചാൽ ഈ നാടിന് തന്നെ തീ കൊടുത്തിട്ടേ ഞാൻ പോകൂ. ഫ്രീതിങ്കേഴ്‌സ്, എന്ന ഫേസ് ബുക്ക്  കൂട്ടായ്‌മയിൽ  വിവാദ നായിക രഹ്‌ന ഫാത്തിമ ഇങ്ങനെ കുറിച്ചു. വീണ്ടും എനിക്കെതിരെ പുതിയതും പഴയതുമായ കേസുകൾ കുത്തിപൊക്കി കൊണ്ടുവന്നിട്ടുണ്ട് ചിലർ. കള്ളകേസിലും രാഷ്ട്രീയ കളികളിലും പെട്ടു 18ദിവസത്തോളം ജയിൽവാസം അനുഭവിക്കേണ്ടി വന്നു എനിക്ക്. എന്റെ ജോലി കളയാനും കിടപ്പാടം നഷ്ടപ്പെടുത്താനും കുടുംബത്തെ തെറ്റിച്ചു ഒറ്റപ്പെടുത്താനും മാനസികമായി തകർക്കാനും വീണ്ടും ജയിലിൽ ആക്കാനും അവർ വളരെ കഷ്ടപ്പെടുന്നുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് കുറിപ്പിൽ ഒരു താക്കീത് കൂടെ നൽകുന്നുണ്ട് രഹ്‌ന. രഹ്‌നയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയാണ് .

ഫ്രീതിങ്കേഴ്‌സ്,
ഞാൻ ഇവിടൊക്കെ തന്നെ ഉണ്ട് ട്ടാ…

ഞാൻ ഈ സ്പെയിസിൽ ഈയിടെ അത്ര ആക്റ്റീവ് അല്ലാഞ്ഞിട്ടും കള്ളകേസിലും രാഷ്ട്രീയ കളികളിലും പെട്ടു 18ദിവസത്തോളം ജയിൽവാസം അനുഭവിക്കേണ്ടി വന്നപ്പോൾ എനിക്ക് സപ്പോർട്ടുമായി കൂടെ നിന്നും, എന്നെ ജാമ്യത്തിൽ ഇറക്കാനും ‚നല്ലൊരു വക്കീലിനെ വെച്ചു കേസ് നടത്താൻ സാമ്പത്തിക സഹായം നൽകാനും ft ഗ്രൂപ്പ് ആണ് മുന്നിൽ നിന്നത് എന്നറിഞ്ഞു ( ഞാനുമായി നേരിട്ട് പരിചയം പോലും ഇല്ലാത്തവരും മുൻപ് ഞാൻ ഉടക്കിയിട്ടുള്ളവരും സുഹൃത്തുക്കളും എല്ലാം എന്നെ ആ വിഷയത്തിൽ സപ്പോർട്ട് ചെയ്യാനും ഹെല്പ് ചെയ്യാനും കൂടി എന്നറിഞ്ഞു, സന്തോഷം💝) , വളരെ അധികം വിമർശനങ്ങൾ നേരിടുമ്പോഴും എന്റെ ഇടപെടലുകൾ മനസിലാക്കുന്ന ഒരു ന്യൂനപക്ഷമെങ്കിലും ഉണ്ടെന്നറിയുന്നത് വളരെ സന്തോഷവും ആത്മവിശ്വാസവും നൽകുന്നു. വാക്കാൽ നന്ദി പറഞ്ഞു ഈ ഇടപെടലുകളെ വിലകുറച്ചു കാണുന്നില്ല.

സംഘി കേന്ദ്രങ്ങളിൽ നിന്നും മത മൗലിക വാദികളിൽ നിന്നും സദാചാരക്കാരായ പുരോഗമന നാട്യക്കാരിൽ നിന്നും വേട്ടയാടപെടൽ തുടരുമ്പോഴും എന്റെ സമാന മനസ്കരായ കുറച്ചാളുകൾ എങ്കിലും പലയിടത്തായി ജീവിച്ചിരിപ്പുണ്ട് ഞാൻ ഒറ്റയ്ക്കല്ല എന്നറിയുന്നത് വലിയ പ്രതീക്ഷ തന്നെയാണ്.

എന്റെ ജോലി കളയാനും കിടപ്പാടം നഷ്ടപ്പെടുത്താനും കുടുംബത്തെ തെറ്റിച്ചു ഒറ്റപ്പെടുത്താനും മാനസികമായി തകർക്കാനും വീണ്ടും ജയിലിൽ ആക്കാനും അവർ വളരെ കഷ്ടപ്പെടുന്നുണ്ട്. ഇതെല്ലാം എന്നിലെ സ്ത്രീയെ കൂടുതൽ ശക്തിപ്പെടുത്തുകയെ ഉള്ളൂ എന്നിവർ അറിയുന്നില്ല. അടങ്ങി ഒതുങ്ങി സമൂഹത്തെയും പുരുഷാരവത്തെയും ഭയന്നു സ്വന്തം കാര്യം മാത്രം നോക്കി പ്രതികരണ ശേഷിപോലും നഷ്ടപ്പെട്ടു ജീവിച്ച എന്നെ നിരന്തരമായ അക്രമങ്ങളിലൂടെയും നീതി നിഷേധങ്ങളിലൂടെയും വെർബൽ അഭ്യൂസിൽ കൂടെയും പ്രകോപിപ്പിച്ചു പ്രകോപിപ്പിച്ചു പുറത്തിറങ്ങി പ്രവർത്തിക്കുന്നവളും പ്രതികരിക്കുന്നവളും പോരാടുന്നവളും ആക്കിയത് ഇവർ തന്നെ ആണെന്ന് ഇവർ ഓർക്കുന്നില്ല.

വീണ്ടും എനിക്കെതിരെ പുതിയതും പഴയതുമായ കേസുകൾ കുത്തിപൊക്കി കൊണ്ടുവന്നിട്ടുണ്ട് ഇവറ്റകൾ. പിണറായി,ബെഹ്റ എന്നിവർക്കൊപ്പം എന്നെയും കൂടെ പ്രതിചേർത്തു എന്നൊരു കേസാണ് അവസാനം അറിഞ്ഞത് .ഒരാൾക്ക് ജാമ്യം നിന്ന ഒരു കേസും കുത്തി പൊക്കി കൊണ്ട് വന്നിട്ടുണ്ട്(ഇനി ആ പണവും ഞാൻ കണ്ടെത്തണം അല്ലെങ്കിൽ 3മാസം ജയിൽ ആണത്രേ :p ) .


bsnl ഇന്റെർണൽ അന്വേഷണവും മറ്റൊരു വഴിക്ക് നടക്കുന്നുണ്ട്. അവിടെ വക്കീലിനെ വെക്കാൻ സാമ്പത്തികം ഇല്ലാത്തതിനാൽ ഞാൻ നേരിട്ട് തന്നെയാണ് വാദിക്കുന്നത്. മിക്കവാറും എനിക്ക് ചാർത്തിതന്ന കേസുകൾ തീരുമ്പോഴേക്കും ഞാൻ നിയമ ബിരുദം കൂടി എടുക്കും😊. ഇതെല്ലാം ഇവിടെ പറയുന്നത് എനിക്ക് വീണ്ടും ജയിലിൽ പോകേണ്ടിവന്നാൽ എന്നെ സപ്പോർട്ട് ചെയ്തിരുന്നവർ യാഥാർഥ്യം അറിയണം എന്ന ഉദ്ദേശത്തിൽ ആണ്.

സ്വന്തം മുല പറിച്ചെറിഞ്ഞു മധുര സാമ്രാജ്യം കത്തിച്ച കണ്ണകിയുടെ കഥ വായിച്ചിട്ടില്ലേ, അതുപോലെ എന്നെ ഇനിയും ഉപദ്രവിച്ചാൽ ഈ നാടിന് തന്നെ തീ കൊടുത്തിട്ടേ ഞാൻ പോകൂ.