അപകീർത്തി കേസ് രാഹുലും സുര്‍ജേവാലയും കോടതിയില്‍ ഹാജരാകണം

Web Desk
Posted on May 28, 2019, 10:37 pm

ഗാന്ധിനഗര്‍: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനക്കെതിരെയുള്ളറ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും ജൂലൈ 12ന് ഹാജരാകണമെന്ന് ഗുജറാത്ത് കോടതി.
നോട്ട് നിരോധനത്തിനു ശേഷം അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് 745.59 കോടി രൂപയുടെ പഴയ നോട്ടുകള്‍ നിയമവിരുദ്ധമായി മാറ്റിയെടുത്തുവെന്ന് രാഹുലും സുര്‍ജേവാലയും ആരോപിച്ചിരുന്നു. ഇതിനെതിരെ ബാങ്ക് ഫയല്‍ ചെയ്ത അപകീര്‍ത്തി കേസിലാണ് രാഹുല്‍ ഹാജരാകണമെന്ന നിര്‍ദേശം കോടതി പുറപ്പെടുവിച്ചത്.

തെറ്റായ ആരോപണം ഉന്നയിച്ച് ബാങ്കിന്റെ പേരിന് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ അജയ് പട്ടേലാണ് ഹര്‍ജി നല്‍കിയത്. നേരത്തെ രാഹുല്‍ മെയ് 27ന് ഹാജരാകണമെന്ന് അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നുവെങ്കിലും ഹാജരാകുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന രാഹുലിന്റെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ച് കോടതി തീയതി നീട്ടി നല്‍കുകയായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും എഡിസിബിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.