Janayugom Online
Rahul Gandhi- Janayugom

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് രാഹുല്‍ഗാന്ധി

Web Desk
Posted on October 30, 2018, 10:51 pm

ഇന്‍ഡോര്‍: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അവര്‍ക്ക് എവിടെയും പോകാന്‍ അനുമതിയുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം.
കേരളത്തിലെ സ്ത്രീകളെയും പുരുഷന്മാരെയും സംബന്ധിച്ച് വളരെ വൈകാരികമായ വിഷയമാണ് ശബരിമലയെന്നാണ് തന്റെ പാര്‍ട്ടി കരുതുന്നത്. കേരളത്തിലെ സ്ത്രീകള്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടിയും താനും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട്. എന്നാല്‍ കേരളത്തിലെ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ താന്‍ പാര്‍ട്ടി നിലപാടിന് വഴങ്ങുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
അതേസമയം ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിന് പിന്തുണയുമായി പ്രവര്‍ത്തക സമിതി അംഗം ആനന്ദ് ശര്‍മയും രംഗത്തെത്തി. വിഷയത്തില്‍ രാഹുല്‍ അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ആനന്ദ് ശര്‍മയും നിലപാട് വ്യക്തമാക്കിയത്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കട്ടെ എന്ന രാഹുലിന്റെ നിലപാടില്‍ ഒരു തെറ്റുമില്ല. ഇതുതന്നെയാണ് എഐസിസിയുടെ നിലപാട്. കെപിസിസി നേതൃത്വം പ്രാദേശിക വികാരങ്ങള്‍ക്കൊപ്പമാണ് നിന്നത്. അതില്‍ തെറ്റില്ലെന്നും ഇക്കാര്യം കെപിസിസി നേതൃത്വം വ്യക്തമാക്കിയതാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു.
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെ തള്ളുന്നതാണ് രാഹുലിന്റെയും ആനന്ദ് ശര്‍മയുടെയും പ്രതികരണം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ നിലപാടിന് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തി രാഹുല്‍ഗാന്ധി അടക്കമുള്ളവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അനുകൂല നിലപാടല്ല അന്നും കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
എന്നാല്‍ കേരളത്തില്‍ യുവ എംഎല്‍എ വി ടി ബല്‍റാം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.