രാഹുൽബജാജിന്റെ പ്രസ്താവനയും ബിജെപിയുടെ പ്രതികരണവും

Web Desk
Posted on December 02, 2019, 10:04 pm

നരേന്ദ്രമോഡി സർക്കാരിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ രാജ്യത്തെ കോർപ്പറേറ്റുകളും വൻ വ്യവസായികളുമാണെന്നത് യാഥാർഥ്യമാണ്. കഴിഞ്ഞ നാലുവർഷത്തിനിടെ ഏറ്റവുമധികം നേട്ടങ്ങളുണ്ടായതും തടിച്ചുകൊഴുത്തതും അവർ തന്നെയാണെന്നത് നിഷേധിക്കാനാവാത്തതുമാണ്. നരേന്ദ്രമോഡി സർക്കാരിന്റെ സാമ്പത്തിക പരിലാളനകളേറ്റ് ലാഭം കുന്നുകൂട്ടിയാണ് അംബാനിമാർ ലോകത്തെ തന്നെ വൻ സമ്പന്നരുടെ നിരയിൽ ഇപ്പോഴും തുടരുന്നത്.

ഗൗതം അഡാനിയെന്ന നാം കേട്ടിട്ടില്ലാതിരുന്ന പേര് അതിസമ്പന്നരുടെ പട്ടികയിലേയ്ക്ക് കയറിവന്നത് നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷമായിരുന്നു. പിന്നീട് മോഡി പ്രധാനമന്ത്രിയായപ്പോഴാണ് അഡാനി ലോകോത്തര വ്യവസായസംരംഭകനായി വളർന്നതും. ഇതാണ് സാഹചര്യമെങ്കിലും രാജ്യത്തിന്റെ സമകാലിക അവസ്ഥ അലോസരപ്പെടുത്തുന്ന ചിലരെങ്കിലുമുണ്ടെന്നതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം പ്രമുഖ വ്യവസായി രാഹുൽ ബജാജിൽ നിന്നുണ്ടായിരിക്കുന്ന പ്രതികരണം. രാജ്യത്തെ ജനങ്ങൾ ഭയപ്പാടോടെയാണ് ജീവിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പങ്കെടുത്ത വേദിയിലാണ് രാഹുൽ ബജാജ് തുറന്നടിച്ചത്. സർക്കാരിന്റെ നടപടികളെ വിമർശിക്കാൻ ജനങ്ങൾക്കു ഭയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ധനമന്ത്രി നിർമ്മല സീതാരാമൻ, റയിൽവേ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുമിരിക്കുന്ന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. നേരത്തേ സമ്പദ്ഘടന വല്ലാതെ തകർച്ചയെ നേരിട്ടു തുടങ്ങിയപ്പോഴും ആശങ്ക ഉയർത്തിയ വളരെ കുറച്ച് വ്യവസായികളിൽ ഒരാളായി രാഹുൽ ബജാജ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് വ്യവസായ ഗ്രൂപ്പായ ബൈകോൺ ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ കിരൺ മജുംദാർ ഷാ രംഗത്തെത്തുകയുണ്ടായി. സമ്പദ്ഘടനയുമായി ബന്ധപ്പെട്ട ഒരു വിമർശനവും സർക്കാർ ചെ­വിക്കൊള്ളുന്നില്ലെന്നായിരുന്നു അവരുടെ പ്രതികരണം. രാജ്യത്തെ വ്യാപാര സമൂഹത്തിൽ ഒരു വിഭാഗം പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന ഗുരുതര വിമർശനവും അവർ ഉന്നയിക്കുന്നുണ്ട്. രാഹുൽ ബജാജ് പറഞ്ഞത് വസ്തുതയാണെന്ന് അതിനോടുള്ള ബിജെപി നേതാക്കളുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങ­ൾ ത­ന്നെയാണ് തെളിവ്.

വിമർശിക്കുന്നവരെ ഇ­ല്ലാ­താക്കുന്ന അല്ലെങ്കിൽ വായടപ്പിക്കുകയെങ്കിലും ചെയ്യുന്ന രീതിയാണ് ആ പ്രതികരണങ്ങൾ മുഴങ്ങി നിൽക്കുന്നത്. അദ്ദേഹം ഉന്നയിച്ച വിമർശനങ്ങളെ നേരിടുന്നതിനോ അതിന് മറുപടി നൽകുന്നതിനോ പകരം വ്യക്തിപരമായി നേരിടുന്നതിനാണ് പലരും സന്നദ്ധമായത്. ബ­ജാജ് അച്ചടക്കമില്ലായ്മയാണ് കാട്ടിയതെന്നും വസ്തുതാവിരുദ്ധമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നുമായിരുന്നു മുതിർന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഹർദീപ് സിങ് പുരിയുടെ പ്രതികരണം. രാജ്യത്തിന്റെ പൊതുതാൽപര്യത്തിന് മുറിവേൽപ്പിക്കുന്നതായിരുന്നു പ്രതികരണമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത്.

ബിജെപിയുടെ സോഷ്യൽ മീഡിയ മേധാവി അമിത് മാളവ്യ ബജാജിന്റെ പ്രതികരണം കോൺഗ്രസിന് വേണ്ടിയാണെന്ന് പറഞ്ഞ് തള്ളുകയാണ് ചെയ്യുന്നത്. ഡൽഹിലെ നിരാശരായ മാധ്യമപ്രവർത്തകർക്ക് തുല്യമാണ് ബജാജെന്ന് പരിഹസിക്കാനാണ് ബിജെപി വക്താവ് ജി വി എൽ നരസിംഹറാവു സന്നദ്ധമായത്. രാജ്യസഭാ സീറ്റ് മോഹിച്ച് സ്വയം വിൽക്കാൻ നടക്കുകയാണെന്നും റാവു ആരോപിക്കുന്നുണ്ട്. ബിജെപി കഴിഞ്ഞ കുറേക്കാലമായി പയറ്റുന്ന ഈ തന്ത്രത്തെ തന്നെയാണ് യഥാർഥത്തിൽ രാഹുൽ ബജാജ് തുറന്നുകാട്ടുന്നത്. കാര്യങ്ങൾ പറയുമ്പോൾ ക്ഷമാപൂർവ്വം കേൾക്കുകയോ വിമർശനമുന്നയിക്കുമ്പോൾ അത് ഉൾക്കൊള്ളാൻ തയ്യാറാവുകയോ ചെയ്യാത്തതാണ് ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും സമീപനങ്ങൾ. ഇന്ത്യയിലെ ബിജെപിക്കൊപ്പമെന്ന് കരുതപ്പെട്ടിരുന്ന വ്യവസായ സമൂഹത്തെയും എതിർപക്ഷത്തേയ്ക്ക് എത്തിക്കുന്നുവെന്ന് ഇതിൽ നിന്ന് കരുതാനാവില്ല.

എന്നാൽ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ വളർന്നുവരുന്ന അസ്വസ്ഥതകൾ വ്യവസായ സമൂഹത്തിലേയ്ക്കും വ്യാപിക്കുന്നുവെന്ന് മനസിലാക്കാവുന്നതാണ്. അത് കേന്ദ്ര സർക്കാർ സ്വീകരിച്ചുപോരുന്ന പക്ഷപാതപരവും ഏകപക്ഷീയവുമായ സമീപനങ്ങൾ വ്യവസായ സമൂഹത്തിനകത്തും സ്വാഭാവിക വൈരുദ്ധ്യം സൃഷ്ടിക്കുന്നുവെന്നും വിലയിരുത്താവുന്നതാണ്. അതെന്തായാലും അസഹിഷ്ണുതയും വിദ്വേഷവും മാത്രം കൈമുതലാക്കി ഭരിക്കുന്ന ബിജെപി സർക്കാരിന് കീഴിൽ ജനങ്ങളാകെ ഭയചകിതരാണെന്ന യാഥാർഥ്യമാണ് ബജാജ് വിളിച്ചുപറഞ്ഞിരിക്കുന്നത്. അതെങ്കിലും വിലയ്ക്കെടുക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണെന്ന് തത്വത്തിൽ പറയാമെങ്കിലും അതിന് തയ്യാറല്ലെന്നുതന്നെയാണ് അതിനോടുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. അനുസരിക്കുക, അല്ലെങ്കിൽ ഭയചകിതരായി തന്നെ നിങ്ങൾ ജീവിച്ചുകൊള്ളുക എന്ന മുന്നറിയിപ്പാണ് അത്.