Monday
16 Sep 2019

ഖേദംപോരാ,മാപ്പുതന്നെപറയണം; മാപ്പ് പറഞ്ഞ് രാഹുല്‍ ഗാന്ധി

By: Web Desk | Tuesday 30 April 2019 4:13 PM IST


ന്യൂഡെല്‍ഹി: ‘ചൗകീദാര്‍ ചോര്‍ ഹേ’ എന്ന്  റഫാല്‍ കേസില്‍ സുപ്രീംകോടതിയും കണ്ടെത്തിയതായുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പുപറഞ്ഞു . നേരത്തേ സുപ്രീംകോടതിയില്‍ രാഹുല്‍ നല്‍കിയ സത്യവാങ്മൂലം ഖേദപ്രകടനം മാത്രമാണെന്നും അത് മാപ്പ് പറച്ചിലല്ലെന്നും ബിജെപി വാദിച്ചു.

നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം തിങ്കളാഴ്ച എഴുതി നല്‍കാന്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‍വിയോട് നിര്‍ദേശിച്ചു.’ചൗകീദാര്‍ ചോര്‍ ഹേ’ എന്നത് രാഷ്ട്രീയമുദ്രാവാക്യമാണെന്ന രാഹുലിന്‍റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.

താന്‍ മാസങ്ങളായി പറയുന്ന ‘ചൗകീദാര്‍ ചോര്‍ ഹേ’ എന്നകാര്യം സുപ്രീംകോടതിയും അംഗീകരിച്ചു എന്നായിരുന്നു ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ ഇത് കോടതിയലക്ഷ്യം തന്നെയാണെന്നും രാഹുല്‍ ഗാന്ധി കോടതി നോട്ടീസ് നല്‍കിയിട്ടും മാപ്പ് പറയുകയല്ല, വെറും ഖേദപ്രകടനം മാത്രമാണ് നടത്തിയതെന്നുമായിരുന്നു ബിജെപി നേതാവ് മീനാക്ഷി ലേഖിക്ക് വേണ്ടി ഹാജരായ അഭിഭാഷക രുചി കോഹ്‍ലി വാദിച്ചത്.

‘കോടതി അലക്ഷ്യം നടത്തിയ ആ ആള്‍’ എന്ന് പറഞ്ഞ് മീനാക്ഷി ലേഖിയുടെ അഭിഭാഷക വാദം തുടങ്ങിയപ്പോള്‍ ചീഫ് ജസ്റ്റിസ് ‘ആരാണ് ആ ആള്‍’ എന്ന് ചോദിച്ചു. അതിന് ‘മിസ്റ്റര്‍ ഗാന്ധി’ എന്ന് അഭിഭാഷക മറുപടി നല്‍കി. ‘ഏത് ഗാന്ധി’ എന്ന് ചീഫ് ജസ്റ്റിസ്. ‘രാഹുല്‍ ഗാന്ധി’ എന്ന് അഭിഭാഷക. ‘അങ്ങനെ വ്യക്തമായി പറയൂ, രാജ്യത്തെ എല്ലാ ഗാന്ധിമാരും രാഹുല്‍ ഗാന്ധിയല്ല’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മറുപടി.

സുപ്രീംകോടതി വിധി വായിക്കാതെയാണ് രാഹുല്‍ ഗാന്ധി ‘ചൗകിദാര്‍ ചോര്‍ ഹേ’ എന്ന പ്രസ്താവന നടത്തിയതെന്ന വാദം ശരിയല്ലെന്ന് ലേഖിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. റഫാല്‍ കേസില്‍ ചില രേഖകള്‍ പരിഗണിക്കാമെന്ന വിധി പുറപ്പെടുവിച്ച ദിവസം ഒന്നിലധികം ഇടങ്ങളില്‍ രാഹുല്‍ ഈ പ്രസ്താവന ആവര്‍ത്തിച്ചു. ഇത് ബോധപൂര്‍വമാണെന്നും രുചി കോഹ്‍ലി വാദിച്ചു.

നിങ്ങള്‍ തെറ്റായ പ്രസ്താവന നടത്തി അതിനെ ന്യായീകരിക്കുകയാണോ എന്നായിരുന്നു മനു അഭിഷേക് സിംഗ്‍വിയോട് കോടതിയുടെ ചോദ്യം. രാഹുലിന്‍റെ പ്രസ്താവന തെറ്റായാണ് ഹര്‍ജിക്കാര്‍ കോടതിക്ക് മുമ്ബാകെ അവതരിപ്പിച്ചതെന്ന് സിംഗ്‍വി മറുപടി നല്‍കി. അപ്പോഴേക്ക് മീനാക്ഷി ലേഖിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി എത്തി. രാഹുല്‍ കോടതിയെത്തന്നെ അപമാനിക്കുകയാണെന്നും രാഹുല്‍ നിരുപാധികം മാപ്പ് പറഞ്ഞേ തീരൂവെന്നും റോത്തഗി ആവശ്യപ്പെട്ടു.

അപ്പോള്‍ കോടതി, സിംഗ്‍വിക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു എന്ന് സിംഗ്‍വി. ഖേദപ്രകടനത്തിനാണോ 22 പേജ് സത്യവാങ്മൂലം എഴുതിത്തന്നതെന്ന് കോടതി. പോര, നിരുപാധികം മാപ്പ് തന്നെ പറയണമെന്ന് റോത്തഗി. ഖേദപ്രകടനം മാപ്പപേക്ഷ തന്നെയെന്ന് സിംഗ്‍‍വി. ഒടുവില്‍ നിരുപാധികം മാപ്പ് പറയുന്നുവെന്ന് രാഹുലിന് വേണ്ടി സിംഗ്‍വി കോടതിയില്‍ പറഞ്ഞു.

ഈ സത്യവാങ്മൂലം എഴുതി നല്‍കാന്‍ കോടതി സിംഗ്‍വിയോട് നിര്‍ദേശിച്ചു. തിങ്കളാഴ്ചത്തേക്ക് രേഖാമൂലം നല്‍കാനാണ് കോടതി നി‍ര്‍ദേശം.

Related News