വയനാട് ഉയര്‍ത്തുന്ന രാഷ്ട്രീയ ചോദ്യങ്ങള്‍

Web Desk
Posted on March 31, 2019, 11:01 pm

ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും നാടകങ്ങള്‍ക്കും ശേഷം എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കൂടി മത്സരിക്കുന്നുവെന്ന അറിയിപ്പ് എത്തിയിരിക്കുന്നു. ഇതോടെ പതിനേഴാമത് ലോക്‌സഭയെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നിലവിലുള്ള 540 ലധികം മണ്ഡലങ്ങളില്‍ ഒന്നു മാത്രമല്ലാതായി തീരുകയാണ് കേരളത്തിലെ വയനാട് എന്ന മണ്ഡലം. പുനര്‍നിര്‍ണയം നടത്തിയ 2009 ല്‍ ആണ് വയനാട് എന്ന പേരിലുള്ള ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകഴിഞ്ഞുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പിനാണ് വയനാട് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പക്ഷേ വയനാട് മണ്ഡലത്തിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് രാജ്യ ചരിത്രത്തില്‍ തന്നെ സുപ്രധാനമാവുകയാണ്. അതിന് കാരണം രാഹുലിന്റെ സ്ഥാനാര്‍ഥിത്വം തന്നെയാണ്.

ബിജെപിയുടെ വര്‍ഗീയ — ഫാസിസ്റ്റ് നയങ്ങളെ പരാജയപ്പെടുത്തുകയെന്ന സുപ്രധാന രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കുന്നതിനാണ് ഇത്തവണ രാജ്യം വോട്ടുചെയ്യുന്നത്. ഓരോ മനുഷ്യനും ജനവിഭാഗവും അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്ന് അത്തരമൊരു മാനസികാവസ്ഥയിലെത്തുന്നതിന് പിന്നില്‍ കോണ്‍ഗ്രസിനെക്കാള്‍ പങ്ക് വഹിച്ചിട്ടുള്ളത് ഇടതുപക്ഷ പാര്‍ട്ടികളും രാഷ്ട്രീയമൊന്നുമില്ലാത്ത പ്രസ്ഥാനങ്ങളുമാണ്. ഒരു കൊടിയും പിടിക്കാതെ വെടിയേല്‍ക്കാനിറങ്ങുകയും രക്തസാക്ഷികളാവുകയും ചെയ്ത മധ്യപ്രദേശ് സംസ്ഥാനത്തെ മാന്‍സോറിലെ കര്‍ഷകരുണ്ട് അതിന്റെ മുന്നില്‍. ചുട്ടുപൊള്ളിയ കാല്‍പാടുകളുമായി നൂറുകണക്കിന് കിലോമീറ്ററുകള്‍ സമരത്തിനായി താണ്ടിയ നാസിക്കില്‍ നിന്ന് മുംബൈവരെ നടന്ന കര്‍ഷകരുണ്ട് അതില്‍. ക്യാമ്പസുകളെ ഏറ്റവും പ്രക്ഷുബ്ധമാക്കിയ വിദ്യാര്‍ഥി സംഘടനകളും വിദ്യാര്‍ഥികളുമുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മാത്രമായി ഒതുങ്ങിയതായിരുന്നില്ല അത്. രോഹിത് വെമുലയുടെ ആത്മഹത്യപോലും അതിന് കാരണമായുണ്ട്. ദ്വിദിന പണിമുടക്കിന് ഇന്ത്യയിലെ തൊഴിലാളികളെ സജ്ജമാക്കിയ കേന്ദ്ര സംഘടനകളുടെ കൂട്ടായ്മ അതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അങ്ങനെ തൊഴിലാളി സംഘടനകളുടെ കൂട്ടായ്മ സൃഷ്ടിക്കുന്നതില്‍ കോണ്‍ഗ്രസിനായിരുന്നില്ല ഇടതു തൊഴിലാളി സംഘടനകള്‍ക്കായിരുന്നു മുന്‍കൈ ഉണ്ടായിരുന്നതെന്നത് മറക്കാന്‍ പാടുള്ളതല്ല.

ബിജെപിക്കെതിരായ വിശാല മതേതര — ജനാധിപത്യ — ഇടതുപ്രസ്ഥാനങ്ങളുടെ കൂട്ടായ്മ എന്ന രാഷ്ട്രീയ നിലപാട് ആദ്യമായി മുന്നോട്ടുവച്ചതും കോണ്‍ഗ്രസായിരുന്നില്ല, ഇടതു പാര്‍ട്ടികള്‍ തന്നെയായിരുന്നു. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങിലൂടെയാണ് ബിജെപി വിരുദ്ധ ഇന്ത്യന്‍ മനസ് പാകപ്പെടുത്താനായത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ അതിനനുസൃതമായി ഉയരാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പല പാര്‍ട്ടികളും സന്നദ്ധമായില്ലെന്ന വസ്തുതയുമുണ്ട്.
ഈയൊരു പശ്ചാത്തലത്തിലാണ് വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ചില രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയരുന്നത്. ബിജെപിക്കെതിരെ രാഷ്ട്രീയ പോരാട്ടം നടത്തുന്ന ഇടതുപക്ഷത്തെ തോല്‍പ്പിക്കുകയെന്ന ദൗത്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ ഏറ്റെടുത്തത് എന്തിനെന്നതാണ് അതില്‍ ആദ്യത്തേത്. കോണ്‍ഗ്രസ് രാജ്യത്ത് വലിയ പ്രസ്ഥാനവും കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും പരസ്പരം മത്സരിക്കുന്ന സംസ്ഥാനവുമാണ്. എന്നാല്‍ വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെയല്ല ഇടതുപക്ഷത്തെയാണ് വിശ്വാസമെന്ന് പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെന്നുകൂടി ഓര്‍ക്കണം. 2004 ല്‍ എ ബി വാജ്‌പേയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ വര്‍ഗീയ ഭരണത്തെ തൂത്തെറിയുന്നതിന് വോട്ട് ചെയ്തപ്പോഴാണ് കേരളത്തില്‍ 18 സീറ്റില്‍ എല്‍ഡിഎഫ് ജയിച്ചതെന്നത് ഓര്‍ത്തെടുക്കേണ്ടതുണ്ട്. ആ തെരഞ്ഞെടുപ്പില്‍ ലോക്‌സഭയില്‍ നിര്‍ണായക ശക്തിയായ ഇടതുപക്ഷത്തിന്റെ പിന്‍ബലത്തില്‍ ഒന്നാം യുപിഎ അധികാരത്തിലെത്തിയെന്നും അന്ന് നടത്തിയ പുരോഗമന നടപടികളുടെ പിന്‍ബലത്തിലാണ് രണ്ടാം യുപിഎ അധികാരത്തിലെത്തിയെന്നതടക്കമുള്ള ചരിത്രവുമുണ്ട്.

ഉത്തരേന്ത്യയില്‍ ബിജെപിയുടെ തട്ടകങ്ങളില്‍ അവരെ നേരിടാന്‍ പ്രാപ്തിയില്ലാത്ത വിധം കോണ്‍ഗ്രസ് ദുര്‍ബ്ബലമായെന്ന പ്രഖ്യാപനവും ഈ സ്ഥാനാര്‍ഥിത്വം മുന്നോട്ടുവയ്ക്കുന്നുണ്ട്. ബിജെപിയും സംഘപരിവാറും അതിന്റെ സകല ദംഷ്ട്രകളും പുറത്തെടുത്ത് നടത്തുന്ന ക്രൂരതകളുടെ വിളനിലങ്ങളായ സംസ്ഥാനങ്ങളെ വെറുതെവിട്ട് ബിജെപിക്ക് ഒരുലക്ഷം വോട്ടുപോലും തികയ്ക്കാനാകാത്തതും ഇടതുപക്ഷ സ്വാധീനം നിര്‍ണായകമായതുമായ മണ്ഡലത്തിലെത്തി പത്രിക നല്‍കുമ്പോള്‍, കോണ്‍ഗ്രസിന് തോല്‍പ്പിക്കേണ്ടത് ഇടതുപക്ഷത്തെയാണ് എന്ന സന്ദേശമാണ് അത്.

കേരളം പോലുള്ളൊരു സംസ്ഥാനത്തിലെത്തി മുസ്‌ലിംലീഗുള്‍പ്പെടെയുള്ള വര്‍ഗീയ പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണിയുടെ വോട്ടുവാങ്ങി ജയിക്കാന്‍ ശ്രമിക്കുമ്പോള്‍ വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തിലെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുമെന്നതും വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഉന്നയിക്കുന്ന രാഷ്ട്രീയ വിഷയമാണ്. യഥാര്‍ഥത്തില്‍ സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ കോണ്‍ഗ്രസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പരമ്പരാഗത സങ്കല്‍പ്പങ്ങളില്‍ നിന്ന് അവര്‍ക്ക് മുക്തി നേടാനായില്ലെന്നും തന്നെയാണ് വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ രാഷ്ട്രീയ കടമ നിര്‍വഹിക്കുന്നതിനുള്ള മറ്റൊരു വേദിയായി തെരഞ്ഞെടുപ്പിനെ വയനാട്ടിലെ വോട്ടര്‍മാര്‍ ഉപയോഗിക്കുമെന്നുറപ്പാണ്.