മനോഹര്‍ ലാല്‍ ഖട്ടറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധി

Web Desk
Posted on August 11, 2019, 3:25 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടര്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധി. നികൃഷ്ടമായ പ്രസ്താവന എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ആര്‍ട്ടിക്കിള്‍ 370 ഇല്ലാതായതോടെ ഇനി കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാധിക്കുമല്ലോ എന്നായിരുന്നു ഖട്ടറുടെ പ്രസ്താവന. തന്റെ മരുമക്കളെ ബിഹാറില്‍ നിന്നാണു കണ്ടെത്താനായതെന്നു മന്ത്രിയായ ഒ പി ധാങ്കര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കശ്മീരിലേക്കുള്ള വഴിയും ശരിയായതായി ജനങ്ങള്‍ പറയുന്നുണ്ട്. കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ഇനി കൊണ്ടുവരാം.’  ഖട്ടര്‍ പറഞ്ഞു. ഫത്തേബാദില്‍ മഹാഋഷി ഭഗീരഥ് ജയന്തിയോട് അനുബന്ധിച്ചു നടന്ന ചടങ്ങിലായിരുന്നു ഖട്ടറിന്റെ പ്രസ്താവന.

ദുര്‍ബലനും ദയനീയനുമായ ഒരു മനുഷ്യനു വര്‍ഷങ്ങളായി ലഭിക്കുന്ന ആര്‍എസ്എസ് പരിശീലനം കൊണ്ട് എന്താണു സംഭവിക്കുക എന്നതിനുദാഹരണമാണ് ഖട്ടറുടെ വാക്കുകളെന്നും രാഹുല്‍ പറഞ്ഞു. പുരുഷനു സ്വന്തമാക്കി വയ്ക്കാവുന്ന സ്വത്തല്ല സ്ത്രീയെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ അഞ്ചു ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്നു റദ്ദാക്കിയിരുന്നു. ജമ്മു, കത്വ, സാംബ, ഉദംപൂര്‍, റീസി എന്നിവിടങ്ങളിലെ നിരോധനാജ്ഞയാണ് പിന്‍വലിച്ചത്.

ഓഗസ്റ്റ് പതിനൊന്നിനാണ് ജമ്മുകശ്മീരില്‍ നിരോധനാജ്ഞ ആരംഭിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു പ്രധാന നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ അടക്കം നിര്‍ത്തിവെക്കുകയും ചെയ്തത്.