തെരഞ്ഞെടുപ്പിന് മുമ്പുതന്നെ രാഹുല്‍ പരാജയപ്പെട്ടിരുന്നു

Web Desk
Posted on July 04, 2019, 10:48 pm
Rajaji mathew thomas

രാജാജി മാത്യു തോമസ്‌

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ ചൂഴ്ന്ന് നിന്നിരുന്ന എല്ലാ ഊഹാപോഹങ്ങള്‍ക്കും അസംബന്ധ നാടകങ്ങള്‍ക്കും ബുധനാഴ്ച അറുതിയായി. കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നുമുള്ള തന്റെ രാജി അന്തിമമാണെന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചു. ”2019 തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ എന്റേതാണ്. ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നത് പാര്‍ട്ടിയുടെ ഭാവി വളര്‍ച്ചയ്ക്ക് നിര്‍ണായകമാണ്. അക്കാരണത്താലാണ് ഞാന്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവയ്ക്കുന്നത്” അദ്ദേഹം ട്വിറ്റ് ചെയ്യുന്നു.

രാഹുല്‍ഗാന്ധിയുടെ രാജി കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ആശയപരവും രാഷ്ട്രീയവുമായ ആശയക്കുഴപ്പത്തിന്റെ പ്രതിഫലനമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന വേളയില്‍ നേതൃത്വത്തില്‍ പ്രകടമാകുന്ന ആശയക്കുഴപ്പത്തേയും അസ്ഥിരതയേയും നേരിടാന്‍ പ്രാപ്തമായ ഒരു കൂട്ടായ നേതൃത്വം ഉയര്‍ന്നുവരാന്‍ കഴിയാത്ത വിധം ദുര്‍ബലമാണ് അതിന്റെ നേതൃസമിതികള്‍. കഴിഞ്ഞ ഏതാനും നാളുകളായി തുടരുന്ന അന്തര്‍നാടകങ്ങള്‍ വ്യക്തമാക്കുന്നത് അതാണ്. പരാജയത്തിന്റെ ഉത്തരവാദിത്വം അധ്യക്ഷന്‍ സ്വയം ഏറ്റെടുക്കേണ്ടി വന്നത് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതില്‍ മറ്റൊരാള്‍ക്കും യാതൊരു പങ്കും ഇല്ലെന്നുതന്നെയാണ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പരാജയത്തിന്റെ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കാന്‍ മുതിര്‍ന്നില്ലെന്നത് നല്‍കുന്ന സന്ദേശം മറ്റെന്താണ്? കോണ്‍ഗ്രസിലെ പല തലങ്ങളിലുമുള്ള നേതാക്കള്‍ രാഹുലിന്റെ രാജി ഭീഷണിയെ തുടര്‍ന്ന് സ്വയം രാജിവച്ചതായി വന്ന വാര്‍ത്തകളാകട്ടെ ആ പാര്‍ട്ടിയില്‍ കൊടികുത്തി വാഴുന്ന വിധേയത്വ സംസ്‌കാരത്തിന്റെ നാണംകെട്ട പ്രകടനമാണ്.

തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനത്ത് താന്‍ തുടരില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും തലമുതിര്‍ന്ന നേതാക്കളടങ്ങുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്ക് തീരുമാനം കൈക്കൊള്ളാന്‍ മാസം ഒന്നു പിന്നിട്ടിട്ടും കഴിഞ്ഞില്ല. അത് പ്രവര്‍ത്തക സമിതിയിലെ പരസ്പര വിശ്വാസ രാഹിത്യത്തേയും കൂട്ടായ നേതൃത്വത്തിന്റെ അഭാവത്തേയുമാണ് തുറന്നുകാട്ടുന്നത്. നെഹ്‌റു-ഗാന്ധി കുടുംബത്തോടുള്ള അടിമസമാനമായ വിധേയത്വമാണ് അത് പ്രകടമാക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം വിധേയന്മാരുടെ ആള്‍ക്കൂട്ടം എന്നതിലുപരി ആശയപരമായോ രാഷ്ട്രീയമായോ യോജിച്ച് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മ അല്ലെന്നാണ് തെളിയിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജയ-പരാജയങ്ങളില്‍ രാഹുലിനൊഴിച്ച് മറ്റൊരു നേതാവിനും ഒരു പങ്കും വഹിക്കാന്‍ ഉണ്ടായിരുന്നില്ലെന്ന യാഥാര്‍ഥ്യം കൂടിയാണ് അദ്ദേഹത്തിന്റെ രാജി തെളിയിക്കുന്നത്. തങ്ങളുടെയും തങ്ങളുടെ കുടുംബാംഗങ്ങളുടെയും അനുചരന്മാരുടെയും താല്‍പര്യങ്ങള്‍ക്കപ്പുറം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലനില്‍പില്‍ പോലും ഉല്‍ക്കണ്ഠ ഇല്ലാത്തവരായി ഉന്നത നേതാക്കളടക്കം മാറിക്കഴിഞ്ഞിരുന്നുവെന്നും രാഹുലിന്റെ രാജി തുറന്നുകാണിക്കുന്നു.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും അധികാരത്തിന്റെ തണലിലേക്ക് തിരിച്ചുവരാനുള്ള ഒറ്റമൂലിയായാണ് രാഹുലിനെ കോണ്‍ഗ്രസ് നേതൃത്വം കണ്ടിരുന്നത്. ആശയപരമോ രാഷ്ട്രീയപരമോ സംഘടനാപരമോ ആയ യാതൊരു പുനര്‍ചിന്തനത്തിനും രാഹുലോ കോണ്‍ഗ്രസോ സന്നദ്ധമായിരുന്നില്ല. ബിജെപിയുടെയും സംഘ്പരിവാറിന്റെയും സംഘടനാശേഷിക്കും അവ മുന്നോട്ടുവയ്ക്കുന്ന പ്രതിലോമ ആശയങ്ങള്‍ക്കും രാഷ്ട്രീയത്തിനും അധികാരത്തില്‍ അള്ളിപ്പിടിച്ചുനില്‍ക്കാനും അത് ശാശ്വതവല്‍ക്കരിക്കാനുമുള്ള മോഡി-ഷാ പ്രഭൃതികളുടെ അഭിവാഞ്ഛയ്ക്കും പകരംവയ്ക്കാന്‍ കോണ്‍ഗ്രസിന് ആകെ ഉയര്‍ത്തിക്കാട്ടാനുണ്ടായിരുന്നത് രാഹുല്‍ഗാന്ധി മാത്രം.

നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന പ്രതിലോമ രാഷ്ട്രീയത്തിനെതിരെ ഒരു ബദല്‍ മുന്നോട്ടുവയ്ക്കാന്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. തങ്ങള്‍ തുടക്കം കുറിച്ചതും മോഡി സര്‍ക്കാര്‍ തീവ്രതയോടെ നടപ്പിലാക്കിയതുമായ സാമ്പത്തിക നയങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്താനോ ബദല്‍ മുന്നോട്ടുവയ്ക്കാനോ കോണ്‍ഗ്രസ് മുതിര്‍ന്നില്ല. മോഡിക്കെതിരെ രാജ്യത്തെ പ്രാദേശിക പാര്‍ട്ടികളടക്കം പ്രതിപക്ഷത്തെ വിട്ടുവീഴ്ചാ മനോഭാവത്തോടെ ഒരുമിച്ചു നിര്‍ത്താനും സാധ്യമായ ഒരു വിശാല കൂട്ടായ്മ വളര്‍ത്തിയെടുക്കാനും രാഹുലിനോ കോണ്‍ഗ്രസിനോ കഴിഞ്ഞില്ല. അതിനുപകരം മോഡിക്കെതിരെ ഒരു പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പു മാതൃകയിലെ ദുര്‍ബല ബദലായി സ്വയം ഉയര്‍ത്തിക്കാട്ടാനാണ് രാഹുലും കോണ്‍ഗ്രസും ശ്രമിച്ചത്. സംഘ്പരിവാറിന്റെ തീവ്രഹിന്ദുത്വ നയങ്ങളെ ചെറുക്കുന്നതിനു പകരം മൃദുഹിന്ദുത്വ സമീപനം അവലംബിക്കാനാണ് രാഹുല്‍ മുതിര്‍ന്നത്. അതുകൊണ്ടുതന്നെ മോഡിക്കെതിരായ ബദല്‍ എന്ന നിലയില്‍ പൊതു തെരഞ്ഞെടുപ്പിന് മുമ്പുതന്നെ രാഹുല്‍ യഥാര്‍ഥത്തില്‍ പരാജയപ്പെട്ടിരുന്നു.

പൊതു തെരഞ്ഞെടുപ്പിനു മുമ്പ് നടന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പില്‍ ലഭിച്ച വിജയം യാഥാര്‍ഥ്യബോധത്തോടെ വിലയിരുത്തുന്നതിന് പകരം അതിനെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ സൂചനയായാണ് രാഹുലും കോണ്‍ഗ്രസും കണ്ടത്. അതില്‍ രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നമ്മുടെ തെരെഞ്ഞടുപ്പ് സമ്പ്രദായത്തിന്റെ വൈകല്യമായി കാണാന്‍ അവര്‍ക്കായില്ല. ആ സംസ്ഥാനങ്ങളില്‍ വിട്ടുവീഴ്ചാ മനോഭാവത്തോടെ ബിഎസ്പി, എസ്പി എന്നിവയുമായി സഖ്യത്തിന് സന്നദ്ധമായിരുന്നെങ്കില്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്‍കുന്ന ഒരു പ്രതിപക്ഷ കൂട്ടുകെട്ടിന്റെ മുന്നോടിയായി അതിനെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുമായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ രൂപീകരണത്തില്‍ അവരെക്കൂടി, കര്‍ണാടക മാതൃകയില്‍, ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് സന്നദ്ധമായിരുന്നെങ്കില്‍ വിശാല സഖ്യമെന്ന സങ്കല്‍പത്തിന് ഊര്‍ജം പകരാന്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നു.
ഉത്തര്‍പ്രദേശിലാവട്ടെ എസ്പി, ബിഎസ്പി സഖ്യത്തിന്റെ പ്രസക്തി ഉള്‍ക്കൊള്ളാനോ സ്വന്തം അവസ്ഥയും സംഘടനാ ദൗര്‍ബല്യങ്ങളും യാഥാര്‍ഥ്യബോധത്തോടെ തിരിച്ചറിയാനോ വിസമ്മതിച്ച കോണ്‍ഗ്രസ് ഫലത്തില്‍ സ്വന്തം പാര്‍ട്ടിയുടെയും വിശാലസഖ്യസാധ്യതകളുടെയും ശവക്കുഴി തോണ്ടുകയായിരുന്നു. അവിടെ ബദല്‍ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു പകരം സഹോദരിയെ രംഗത്തിറക്കി പ്രതിപക്ഷ ഐക്യശ്രമങ്ങളും പ്രിയങ്കയുടെ ഊതിവീര്‍പ്പിച്ച പ്രതിഛായ തന്നെയും തകര്‍ക്കുകയാണ് രാഹുല്‍ ചെയ്തത്. ഡല്‍ഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടി മുന്നോട്ടുവച്ച സഖ്യ നിര്‍ദ്ദേശം നിരസിക്കുക വഴി അവിടെയും പരാജയം ഉറപ്പുവരുത്താനെ രാഹുലിന്റെ നേതൃത്വത്തിന് കഴിഞ്ഞുള്ളു. ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലുമടക്കം രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും പ്രതിപക്ഷ സഖ്യശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയോ തകര്‍ക്കുകയോ ചെയ്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും രാഹുലിനും കോണ്‍ഗ്രസിനും ഒഴിഞ്ഞുമാറാനാവില്ല. കോണ്‍ഗ്രസ് അധ്യക്ഷന്റെ അപക്വമായ രാഷ്ട്രീയ നീക്കങ്ങളെ യഥാസമയം തിരുത്തുന്നതിന് യാതൊരു ശ്രമവും നടത്താതെ, നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ കുടുംബവാഴ്ചയ്ക്ക് സമാനമായി, സ്വന്തം കുടുംബ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാനും അവ വ്യാപിപ്പിക്കാനുമുള്ള യത്‌നങ്ങളിലായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ മിക്കവരും.

നവ ഉദാരവല്‍ക്കരണ പ്രത്യയശാസ്ത്രത്തെയും അതിന്റെ നയപരിപാടികളെയും പുനര്‍ചിന്തനത്തിന് വിധേയമാക്കാതെ അതിന്റെ രാഷ്ട്രീയത്തെ നിരാകരിക്കാതെ നേതൃതലത്തിലുള്ള ഉപരിപ്ലവമായ മാറ്റങ്ങള്‍കൊണ്ട് ഒരു ബദലും ജനപിന്തുണയുള്ള പുതിയ നേതൃത്വവും ഉയര്‍ത്തിക്കൊണ്ടുവരാമെന്ന രാഹുലിന്റെ പ്രതീക്ഷ അസ്ഥാനത്താണ്. അത്തരത്തില്‍ മൗലികമായ ഒരു മാറ്റത്തിന് സന്നദ്ധമാവാതെ പുതിയ നേതൃത്വത്തിന് വേണ്ടിയുള്ള തിരച്ചില്‍ വൃഥാവ്യായാമമായി മാറുമെന്നുവേണം കരുതാന്‍.