Web Desk

ചങ്ങനാശേരി

April 29, 2021, 7:00 pm

കോട്ടയത്തെ ബസ് ജീവനക്കാരന്റേത് കൊലപാതകം; സുഹൃത്തുക്കൾ അറസ്റ്റില്‍

Janayugom Online

കറുകച്ചാലില്‍ കാറിനടിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരെ കറുകച്ചാല്‍ പോലീസ് അറസ്റ്റു ചെയ്തു. രാഹുലിന്റെ സുഹൃത്തുക്കളായ തോട്ടയ്ക്കാട് സ്വദേശികളായ വിഷ്ണു,സുനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കറുകച്ചാല്‍ കുമ്പിടി സ്വദേശിയും ചമ്പക്കര ബസ്സിലെ ഡ്രെെവറുമായ ബംഗ്ലാകുന്നില്‍ രാഹുല്‍ (35) നെയാണ് കഴിഞ്ഞദിവസം ചമ്പക്കര ഭാഗത്ത് ഇടറോഡില്‍ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവാവിന്റെ മരണം കൊലപാതകമെന്ന് കാണിച്ചു രാഹുലിന്റെ പിതാവും ഭാര്യയും പോലീസില്‍ പരാതി നല്‍കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാഹുലിന്റെ തലയ്ക്കുള്ളില്‍ സാരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ട്. ശരീരത്തിലും മുറിവുകളുണ്ട്. മൃതദേഹം ഇടറോഡിലെ കാറിനടിയില്‍ മരിച്ച നിലയില്‍ കമിഴ്ന്നു കിടക്കുന്ന രീതിയില്‍ രാവിലെ പത്ര വിതരണത്തിനെത്തിയ ആളാണ് യുവാവിനെ കണ്ടെത്തിയത്.

രാത്രി കാറില്‍ യാത്ര ചെയ്യുമ്പോള്‍ കാര്‍ കേടായതിനെ തുടര്‍ന്ന് നന്നാക്കുന്നതിനായി കാറിനടിയില്‍ കയറുകയും അപകടം സംഭവിക്കുകയുമായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇയാളുടെ ശരീരത്തില്‍ അമര്‍ന്ന നിലയിലല്ല വാഹനം കിടക്കുന്നത് എന്നത് മരണത്തില്‍ ദുരൂഹത ഉയര്‍ത്തിയിരുന്നു. മൃതദേഹത്തില്‍ നിന്നും നാല് മീറ്ററോളം അകലെയായാണ് ചെരുപ്പ് കണ്ടെത്തിയത്. നിലത്ത് ഉരഞ്ഞ നിലയില്‍ രാഹുലിന്റെ വസ്ത്രത്തില്‍ പാടുകളുണ്ടായിരുന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നുതായിരുന്നു. സംഭവത്തില്‍ സുഹൃത്തുക്കളുടെ മൊഴികള്‍ അന്ന് തന്നെ പോലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പൊലീസിന്റെ ശക്തമായ അന്വേഷണത്തില്‍ സംശയം തോന്നിയ സുഹൃത്തുക്കളെ നിരീക്ഷിച്ചുവരുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ രാഹുലിന്റെ സുഹൃത്തുക്കളെ പോലീസ് അറസ്റ്റു ചെയ്തത്.

പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.20ന് സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാഹുല്‍ വിഷ്ണുവിനും സുനീഷിനുമൊപ്പം പോയിരുന്നു. തിരികെ ബസ്സ് ഗാരേജിലെത്തിയ രാഹുലും വിഷ്ണുവും സുനീഷും തമ്മില്‍ വിവാഹത്തിന് സംഭാവന നല്‍കാഞ്ഞതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയും സുനീഷും വിഷ്ണുവും ചേര്‍ന്ന് രാഹുലിനെ മര്‍ദ്ദിക്കുകയും ടിക്കറ്റ് മെഷീന്‍ ഉപയോഗിച്ച് അടിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ രാഹുലിന് സാരമായി പരിക്കേറ്റിരുന്നു. പിന്നീട് മൂവരും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാഹുല്‍ കാര്‍ ഓടിച്ചു പോകുകയായിരുന്നു എന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.

ഇതിനിടെ യാത്രാ മദ്ധ്യേ കാര്‍ കേടായതിനെ തുടര്‍ന്ന് തകരാര്‍ പരിഹരിക്കുന്നതിനായി വാഹനത്തിന്റെ അടിയില്‍ കയറുകയും ശരീരത്ത് ഏറ്റ പരിക്കിന്റെ കാഠിന്യത്തില്‍ മരണം സംഭവിക്കുകയുമായിരുന്നു എന്നാണു പോലീസ് പറയുന്നത്. സംഭവസമയത്ത് രാത്രിയില്‍ രാഹുലിന്റെ ഭാര്യ ശ്രീവിദ്യ രാഹുലിനെ ഫോണ്‍ വിളിക്കുമ്പോള്‍ രാഹുല്‍ ഫോണെടുത്തെങ്കിലും സംസാരിച്ചില്ലന്നും തുടര്‍ന്ന് ബഹളം കേള്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് കോള്‍ റെക്കാര്‍ഡ് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതാണ് പൊലീസിന്റെ കേസ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ആദ്യ ഘട്ടം സുഹൃത്തുക്കളെ ചോദ്യം ചെയ്‌തെങ്കിലും വഴക്കു നടന്ന കാര്യം ഇവര്‍ പൊലീസിനോട് മറച്ചു വെയ്ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Eng­lish sum­ma­ry: Rahul mur­der followup
You may also like this video: