Thursday
18 Jul 2019

റഫാല്‍ അഴിമതി- മോഡിക്ക് രക്ഷപ്പെടാന്‍ രാഹുല്‍ വഴിയൊരുക്കുന്നു

By: Web Desk | Monday 8 April 2019 10:51 PM IST


C R Joseprakash

സി ആര്‍ ജോസ്പ്രകാശ്

ന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് നടത്തിയ ആദ്യത്തെ ആയുധ ഇടപാടാണ് റഫാല്‍ യുദ്ധവിമാന ഇടപാട്. ഇക്കാര്യത്തില്‍ മോഡി ഒറ്റയ്ക്ക് നടത്തിയ നീക്കങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ഇന്ന് രാജ്യത്തിനു മുന്നിലുണ്ട്. ഈ ഇടപാടില്‍ 35,352 കോടി രൂപയുടെ അഴിമതി നടന്നു എന്നും അത്രയും തുക രാജ്യത്തിന് നഷ്ടമായി എന്നും വ്യക്തമാക്കുന്ന കൃത്യമായ രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. റഫാല്‍ ആയുധ ഇടപാടില്‍ പുറത്തുവന്ന തെളിവുകള്‍ എന്തൊക്കെയാണ്? (എ) ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിക്കുകയും കാര്യങ്ങളില്‍ ധാരണ വരുത്തുകയും ചെയ്തിരുന്നു. യുപിഎ സര്‍ക്കാരിന്റെ അവസാന നാളുകളിലായിരുന്നു ഇത്. ബിജെപി സര്‍ക്കാര്‍ വന്ന ആദ്യഘട്ടത്തില്‍ തന്നെ ഈ കരാര്‍ പൊളിച്ചെഴുതുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഏകപക്ഷീയമായി തീരുമാനിച്ചു. (ബി) ഇന്ത്യയ്ക്കാവശ്യമായ യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിന് നിലവില്‍ ഒരു സംവിധാനമുണ്ട്. പ്രതിരോധ മന്ത്രി, മൂന്ന് സേനാവിഭാഗങ്ങളുടെയും മേധാവികള്‍, പ്രതിരോധ ഗവേഷണകേന്ദ്രം ഡയറക്ടര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) ആയുധം വാങ്ങുന്നതിനുള്ള രൂപരേഖ തയാറാക്കുകയും അത് അംഗീകരിച്ച് മന്ത്രിസഭയ്ക്ക് നല്‍കുകയും വേണം. ഇത് മന്ത്രിസഭ അംഗീകരിച്ചാലേ കരാറില്‍ ഒപ്പിടാനാകു. ഈ സംവിധാനത്തെ മോഡി മറികടന്നു. (സി) വിദേശ രാജ്യങ്ങളില്‍ നിന്ന് യുദ്ധോപകരണങ്ങള്‍ വാങ്ങുന്നത് ഇന്ത്യന്‍ നെഗോഷേറ്റിംഗ് ടീമിന്റെ ശുപാര്‍ശ പ്രകാരമാണ്. ഈ ഏഴ് അംഗടീമില്‍ രാജീവ് വര്‍മ്മ, എ വി സിംഗ്, എ ആര്‍ സുലേ എന്നിവര്‍ കരാര്‍ ഭേദഗതിയിലെ അപകടം ചൂണ്ടിക്കാട്ടി 2015 നവംബര്‍ 24 ന് കുറിപ്പെഴുതി. ഇത് പൂര്‍ണമായും അവഗണിച്ചു. (ഡി) എതിരഭിപ്രായം വസ്തുതാപരമായി അവതരിപ്പിക്കുന്നതിന് മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച രാജീവ് വര്‍മ്മയെ കമ്മിറ്റിയില്‍ നിന്നും നീക്കം ചെയ്തു. (ഇ) ഒരു യുദ്ധവിമാനത്തിന്റെ വില നേരത്തെ നിശ്ചയിച്ചിരുന്ന 629 കോടിയില്‍ നിന്ന് 1611 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. (എഫ്) 126 യുദ്ധവിമാനങ്ങള്‍ക്കുപകരം 36 എണ്ണം വാങ്ങിയാല്‍ മതി എന്ന് തീരുമാനിച്ചു. (ജി) 36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലൂടെ ഇന്ത്യയ്ക്ക് 35,352 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. (എച്ച്) യാതൊരു ഗ്യാരണ്ടിയുമില്ലാതെ ഫ്രാന്‍സിലെ ദസോ ഏവിയേഷന്‍ കമ്പനിക്ക് 8700 കോടി രൂപ അഡ്വാന്‍സായി നല്‍കി. ഇന്ത്യയില്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ ഇന്ത്യയുടെ പങ്കാളിത്ത സ്ഥാനത്തുനിന്നും ഒഴിവാക്കി പകരം ഇന്ത്യയിലെ കോര്‍പ്പറേറ്റ് ആയ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിനെ (ആര്‍ഡിഎല്‍) ഇന്ത്യയിലെ പങ്കാളിയാക്കി. (ഐ) മോഡി കരാറിന്റെ പ്രഖ്യാപനം നടത്തുന്നതിന് 13 ദിവസങ്ങള്‍ക്ക് മുന്‍പു മാത്രമാണ് ഇങ്ങനെയൊരു കമ്പനിക്ക് രൂപം നല്‍കിയത്. (ജെ) ഈ കമ്പനിയുടെ രൂപീകരണത്തിന് 27 ലൈസന്‍സുകള്‍ ശരവേഗത്തില്‍ വാങ്ങി. (കെ) ആര്‍ഡിഎല്‍ കമ്പനിക്ക് ഒരിക്കല്‍ പോലും യുദ്ധവിമാനങ്ങള്‍ നിര്‍മ്മിച്ച് മുന്‍ പരിചയം ഉണ്ടായിരുന്നില്ല. (എല്‍) ആയുധ നിര്‍മ്മാണത്തില്‍ മുന്‍പരിചയം ഇല്ലാത്ത കമ്പനികളെ കരാര്‍ ഏല്‍പ്പിക്കാന്‍ പാടില്ല എന്ന നിലവിലുള്ള നിയമം അട്ടിമറിച്ചു. (എം) മോഡി പാരീസില്‍ എത്തുന്നതിന് 10 ദിവസം മുന്‍പ് അനില്‍ അംബാനി പാരീസില്‍ എത്തുകയും ഫ്രഞ്ച് പ്രതിരോധമന്ത്രിയായിരുന്ന യാങ് ഈദ് ലേബ്രിയാനുമായി ആയുധ ഇടപാട് വിഷയത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. (എന്‍) ഇന്ത്യന്‍ പ്രതിരോധ മന്ത്രിയോ സെക്രട്ടറിയോ അറിയാത്ത കാര്യങ്ങള്‍ – ആയുധ ഇടപാടിലെ രഹസ്യങ്ങള്‍- അനില്‍ അംബാനി എന്ന കോര്‍പ്പറേറ്ററിഞ്ഞു. (ഒ) മോഡി പ്രഖ്യാപനം നടത്തുമ്പോള്‍ അനില്‍ അംബാനി അവിടെ സന്നിഹിതനായിരുന്നു. (പി) പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പത്രസമ്മേളനങ്ങള്‍ക്കു നല്‍കിയ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പറഞ്ഞത് ‘റഫാല്‍ യുദ്ധവിമാന ഇടപാട് പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ അജന്‍ഡയില്‍ ഇല്ല’എന്നാണ്. (ക്യൂ) റിലയന്‍സ് കമ്പനിയെ ഇന്ത്യന്‍ പങ്കാളിയായി നിശ്ചയിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ ആണെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സാ ഒലേന്ദുവിന്റെ വെളിപ്പെടുത്തല്‍. (ആര്‍) ഇന്ത്യയുടെ സുരക്ഷയ്ക്ക് 126 യുദ്ധവിമാനങ്ങള്‍ ആവശ്യമാണെന്ന വ്യോമസേനയുടെ അഭ്യര്‍ത്ഥന തള്ളി അത് 36 ആയി കുറച്ചതിലൂടെ ദേശീയ സുരക്ഷയില്‍ വിള്ളല്‍ വീഴ്ത്തി. (എസ്) ഇന്ത്യയ്ക്ക് നല്‍കിയതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഫ്രാന്‍സ്, സൗദി അറേബ്യക്ക് റഫാല്‍ യുദ്ധവിമാനങ്ങള്‍ നല്‍കിയത്. ഇക്കാര്യങ്ങളാകെ തെളിയിക്കുന്ന 42 രേഖകളാണ് ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ പത്രങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഈ രേഖകള്‍ ശരിയല്ലെന്നോ കെട്ടിച്ചമച്ചതാണെന്നോ പ്രധാനമന്ത്രിയോ കേന്ദ്രസര്‍ക്കാരോ ബിജെപിയോ ഇപ്പോഴത്തെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനോ പറയുന്നില്ല. റഫാല്‍ അഴിമതികേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞത്, ഈ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അതിനാല്‍ അത് മോഷ്ടിച്ചവര്‍ക്കെതിരെയും പ്രസിദ്ധീകരിച്ചവര്‍ക്കെതിരെയും ക്രിമിനല്‍ കേസ് എടുക്കണം എന്നുമാണ്. സുപ്രീം കോടതിയിലെ ഈ വാദത്തിലൂടെ രേഖകളിലെ ആധികാരികത കേന്ദ്ര സര്‍ക്കാര്‍ തന്നെ അംഗീകരിക്കുകയായിരുന്നു. അതേ സമയം ഈ രേഖകള്‍ തെളിവായി സ്വീകരിക്കരുതെന്ന വാദം സുപ്രീം കോടതി തള്ളിക്കളയുകയുമുണ്ടായി.
റഫാല്‍ അഴിമതിയുടെ രേഖകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അസാധാരണമായ ഐക്യത്തോടെയാണ് പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ മോഡിക്കെതിരെ അണി നിരന്നത്. രാജ്യവ്യാപകമായി റഫാല്‍ അഴിമതി കൊടുങ്കാറ്റായി ആഞ്ഞുവീശി. എന്നാല്‍ ഒരിക്കല്‍ പോലും പ്രധാനമന്ത്രി നരേന്ദ്രമോഡി പത്രക്കാരെ കാണുകയോ ഈ വിഷയത്തില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയോ ഉണ്ടായില്ല. കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയും ഇടതുപക്ഷ നേതാക്കളുമാണ് ഈ അഴിമതിക്കെതിരെ രാജ്യമാകെ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്.
15 ലക്ഷം രൂപ എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും നല്‍കും, അഞ്ചു വര്‍ഷം കൊണ്ട് 10 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും തുടങ്ങിയ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനം, സാമ്പത്തിക തകര്‍ച്ച, നോട്ടു നിരോധനം സൃഷ്ടിച്ച കെടുതികള്‍, കര്‍ഷക ആത്മഹത്യ, വളര്‍ച്ചാ നിരക്കിലെ കുറവ്, ഭരണഘടനാ സ്ഥാപനങ്ങളുടെ തകര്‍ച്ച, ആസൂത്രിതമായ വര്‍ഗ്ഗീയ കലാപങ്ങള്‍, പശുക്കളുടെ പേരില്‍ നടത്തിയ കൊലകള്‍, ന്യൂനപക്ഷങ്ങള്‍ക്കും പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നേരെയുണ്ടായ വേട്ടയാടല്‍, കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി നേതാക്കളെ അന്യായമായി ജയിലിലടച്ച നടപടി, സംസ്ഥാനങ്ങള്‍ക്ക് നേരെയുള്ള വിവേചനം നിറഞ്ഞ നടപടികള്‍, തൊഴില്‍ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭേദഗതി ചെയ്യല്‍, കേന്ദ്ര സര്‍വ്വീസിലെ നിയമനങ്ങള്‍ മരവിപ്പിക്കല്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറല്‍, എസ്ബിറ്റി ഉള്‍പ്പെടെയുള്ള ദേശീയ ബാങ്കുകളെ ഇല്ലാതാക്കല്‍ തുടങ്ങി ഒട്ടേറെ കാരണങ്ങളാല്‍ ബിജെപി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെടുന്ന അവസ്ഥയുണ്ടായി. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് റഫാല്‍ അഴിമതി രേഖകള്‍ പുറത്തുവരുന്നത്.
ജാതിയും മതവും അന്തവിശ്വാസങ്ങളും അനാചാരങ്ങളും ഒക്കെ തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി എത്ര തീഷ്ണതയോടെ ബിജെപി എടുത്ത് ഉപയോഗിച്ചാലും അതിനെയൊക്കെ മറികടക്കാന്‍ പോരുന്ന അനുഭവങ്ങളും വസ്തുതകളുമായിരുന്നു ജനങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ ബിജെപി മുന്നണിയെ തെരഞ്ഞെടുപ്പിലൂടെ പുറത്താക്കാന്‍ എല്ലാ അനുകൂല സാഹചര്യങ്ങളും ഒത്തുവന്നു. മതനിരപേക്ഷതയില്‍ ഉറച്ചുവിശ്വസിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍, വിട്ടുവീഴ്ച ചെയ്ത് കൂട്ടായ്മയോടെ അണിനിരക്കുക മാത്രമായിരുന്നു രാജ്യത്തിന്റെ രക്ഷയ്ക്ക് ആവശ്യമായ സംഗതി. ഈ സന്ദര്‍ഭത്തില്‍, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച്, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വസ്തുനിഷ്ഠമായി അവതരിപ്പിച്ച്, നല്ല വ്യക്തതയോടെ മുന്നോട്ടു പോകണമെന്ന നിര്‍ദ്ദേശം ഇടതുപക്ഷം മുന്നോട്ടു വച്ചിരുന്നു. പ്രതിപക്ഷത്തെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസ്സും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധിയും ആത്മാര്‍ത്ഥതയും ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും പ്രകടിപ്പിച്ചിരുന്നു എങ്കില്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒറീസ, പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും ബിജെപിക്ക് എതിരെ ഒറ്റ സ്ഥാനാര്‍ഥി എന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തുമായിരുന്നു.
ഇടതുപക്ഷത്തിന് സ്വാധീനമുള്ള ശക്തമായ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഉണ്ട്. കര്‍ഷക സംഘടനകള്‍, ബാങ്കിംഗ് ജീവനക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, വിദ്യാര്‍ഥികള്‍ ഈ വിഭാഗങ്ങള്‍ക്കിടയിലെല്ലാം മിക്ക സംസ്ഥാനങ്ങളിലും കാര്യമായ സ്വാധീനം ചെലുത്താന്‍ ഇടതുപക്ഷത്തിനു കഴിയുന്നുണ്ട്. ദേശീയ തലത്തില്‍ നടന്ന എല്ലാ തൊഴിലാളി സമരങ്ങളുടെയും ശക്തി ശ്രോതസ്സ് മുഖ്യമായും ഇടതുപക്ഷമായിരുന്നു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉള്‍പ്പെടെയുള്ള മതനിരപേക്ഷ കക്ഷികള്‍ തമ്മില്‍ ധാരണ ഉണ്ടായാല്‍ നിരവധി സീറ്റുകള്‍ ജയിക്കാനാവശ്യമായ ബഹുജന സ്വാധീനം ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. യഥാര്‍ത്ഥത്തില്‍ ഫലപ്രദമായ തെരഞ്ഞെടുപ്പ് ധാരണ ഉണ്ടായാല്‍ അതിന്റെ നേട്ടം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് കോണ്‍ഗ്രസ്സിനായിരിക്കും. എന്നാല്‍ മതനിരപേക്ഷ കക്ഷികളുടെ ദേശീയ ഐക്യം കെട്ടിപ്പടുക്കുന്നതില്‍ കോണ്‍ഗ്രസ്സും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധിയും പരാജയപ്പെടുകയായിരുന്നു. ഓരോ സംസ്ഥാന ഘടകങ്ങളുടെയും അധികാര വടംവലിക്കും ഗ്രൂപ്പു തര്‍ക്കത്തിനും സങ്കുചിത താല്‍പര്യങ്ങള്‍ക്കും മുന്നില്‍ ദേശീയ നേതൃത്വം പകച്ചുനിന്നു. രാജ്യത്ത് തമിഴ്‌നാട്ടില്‍ മാത്രമാണ് ഇങ്ങനെ ഒരു ഐക്യം രൂപപ്പെട്ടത്. അവിടെ ഡിഎംകെ ഫലപ്രദമായി നേതൃത്വം നല്‍കിയതുകൊണ്ടാണ് ഐക്യം സാദ്ധ്യമായത്. അതിന്റെ നല്ല ഫലം തമിഴ്‌നാട്ടില്‍ കൊയ്‌തെടുക്കാനാകുമെന്നാണ് ഇതുവരെയുള്ള സൂചന.
ദേശീയ സാഹചര്യം ഇങ്ങനെ നില്‍ക്കുമ്പോഴാണ്, നിലവിലുള്ള അനുകൂല സാഹചര്യങ്ങള്‍ തട്ടിയുടയ്ക്കുന്ന വിധത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായി എത്തിയിരിക്കുന്നത്. ബിജെപിക്ക് സ്ഥാനാര്‍ഥിയില്ലാത്ത, അഥവാ മത്സരിച്ചാല്‍ തന്നെ കെട്ടിവച്ച കാശു ലഭിക്കാത്ത വയനാട്ടില്‍, സിപിഐ സ്ഥാനാര്‍ഥിയെ നേരിടാനാണ് രാഹുല്‍ വന്നിരിക്കുന്നത്. രാജ്യത്തു നിലനില്‍ക്കുന്ന പൊതു രാഷ്ട്രീയ സ്ഥിതി തിരിച്ചറിയാന്‍ പ്രാപ്തിയുള്ള ഒരു നേതൃത്വത്തിന് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കഴിയില്ല. ജാതിയും മതവും കൊണ്ട് തീപ്പന്തമുണ്ടാക്കി രാജ്യമാകെ വലിച്ചെറിയാന്‍ കച്ചകെട്ടി നിന്ന ബിജെപിക്ക് ഒരു മടിയുമില്ലാതെ കോണ്‍ഗ്രസ്സ് പുതിയ ഒരു ആയുധം നല്‍കിയിരിക്കുകയാണ്. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ ബിജെപിയെ നേരിടാനാകാതെ രാഹുല്‍ ഒളിച്ചോടി എന്ന പ്രചരണം ഉത്തരേന്ത്യയില്‍ കത്തിപ്പടരുകയാണ്. ജാതിയുടെയും മതത്തിന്റെയും വിഷം ആവോളം കുത്തി നിറച്ചാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ പ്രചരണരംഗത്ത് നില്‍ക്കുന്നത്. ‘ബിജെപിക്ക് എതിരെ രാജ്യം’ എന്ന അവസ്ഥ രാഹുലിന്റെ വയനാട് വരവോടെ മാറിയിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കു മുന്‍പുവരെ ദേശീയ മാധ്യമങ്ങളില്‍ കത്തിനിന്നിരുന്ന റഫാല്‍ അഴിമതി വാര്‍ത്ത ഒരാഴ്ചയ്ക്കുള്ളില്‍ അപ്രത്യക്ഷമായിരിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് ആഹ്ലാദം പകരുന്നതാണ് രാജ്യത്തെ പുതിയ വഴിത്തിരിവ്. റഫാല്‍ അഴിമതി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ച് കൂട്ടുന്ന മനുഷ്യനായി നരേന്ദ്രമോഡി മാറിയിരുന്നു. അങ്ങനെയുള്ള മോഡിക്ക് വളഞ്ഞ വഴിയിലൂടെ രക്ഷപ്പെടാന്‍ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിലൂടെ, രാഹുല്‍ ഗാന്ധി വഴിയൊരുക്കി കൊടുത്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്ന കേരളത്തിലെ ജനങ്ങള്‍, ഈ തെരഞ്ഞെടുപ്പിലൂടെ മര്‍മ്മമറിഞ്ഞുള്ള ചികിത്സ തന്നെ നടത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Related News