മോദിമാരെ അധിക്ഷേപിച്ചു, രാഹുല്‍ഗാന്ധി ഇന്ന് പട്‌ന കോടതിയില്‍

Web Desk
Posted on July 06, 2019, 10:04 am

പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയപരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് പട്‌ന കോടതിയില്‍ നേരിട്ട് ഹാജരാവും. ബിജെപി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോദി നല്‍കിയ കേസാണ് നിലവില്‍ പട്‌ന അഡീഷനല്‍ ചീഫ്ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കുമാര്‍ ഗഞ്ജന്‍ മുന്‍പാകെയുള്ളത്.

കര്‍ണാടകയില്‍ ഏപ്രിലില്‍ നടത്തിയ പ്രസംഗമാണ് കേസിന്നാധാരം. ആയിരക്കണക്കിന് കോടി രൂപ വായ്പയെടുത്ത് രാജ്യം വിട്ട നീരവ് മോദിയെയും സാമ്ബത്തിക കുറ്റവാളി ലളിത് മോദിയെയും റഫാല്‍ അഴിമതിയില്‍ നരേന്ദ്ര മോദിയെയും കുറിച്ച് പരാമര്‍ശിക്കവെ, എന്തുകൊണ്ടാണ് കള്ളന്‍മാരുടെയെല്ലാം പേരിന്റെ കൂടെ ‘മോദി’ എന്നു വന്നതെന്ന് രാഹുല്‍ ചോദിച്ചിരുന്നു. പ്രസംഗം ‘മോദി’ എന്നു പേരുള്ളവരെയെല്ലാം ആക്ഷേപിക്കലാണെന്നു ചൂണ്ടിക്കാട്ടിയാണ് സുശീല്‍കുമാര്‍ മോദി പരാതി നല്‍കിയത്.

കോടതി നടപടികള്‍ക്ക് ശേഷം മസ്തിഷ്‌ക ജ്വര ബാധയെ തുടര്‍ന്ന് 150ല്‍ അധികം കുട്ടികള്‍ മരിച്ച മുസഫര്‍പൂരും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. രാഹുലിന്റെ മുസഫര്‍പൂര്‍ സന്ദര്‍ശനം പ്രതീക്ഷിക്കുന്നതായും അതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയതായും ബിഹാര്‍ പി.സി.സി അറിയിച്ചു.