തിരഞ്ഞെടുപ്പിലെ പരാജയം പഠിക്കാന്‍ രാഹുല്‍ ഗാന്ധി അമേഠിയിലേക്ക്

Web Desk
Posted on July 09, 2019, 10:26 am

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം പഠിക്കാന്‍ രാഹുല്‍ ഗാന്ധി അമേഠിയിലേക്ക്. തോല്‍പ്പിച്ച ജനങ്ങളെകാണില്ല പ്രവര്‍ത്തകരെ മാത്രം കാണും. ജൂലായ് 10ന് അമേഠിയിലെത്തുന്ന രാഹുല്‍ പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ല. നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ട് പരാജയത്തിനുപിന്നിലെ കാരണങ്ങള്‍ നേരിട്ടറിയുകയാണ് ഉദ്ദേശ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കുന്നു. പ്രിയങ്കാഗാന്ധിയും രാഹുലിനൊപ്പമുണ്ടാകുമെന്നാണ് സൂചന.
വയനാട്ടില്‍ വിജയിച്ചു എന്നിരിക്കിലും പരമ്പരാഗത സീറ്റായ അമേഠിയിലെ തോല്‍വി കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചതാണ്.
തോല്‍വി പഠിക്കാന്‍ റായ്ബറേലിയിലെ പ്രതിനിധി കെ.എല്‍. ശര്‍മയെയും എ.ഐ.സി.സി. സെക്രട്ടറി സുബൈര്‍ ഖാനെയും നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെയും ബി.എസ്.പി.യുടെയും നിസ്സഹകരണം മൂലമാണ് തോല്‍വി സംഭവിച്ചതെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇരുപാര്‍ട്ടികളും ഇത്തവണ അമേഠിയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. ഇതോടെയാണ് തോല്‍വിയെക്കുറിച്ച് നേരിട്ട് പഠിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. മാത്രമല്ല അധ്യക്ഷപദമൊഴിഞ്ഞതോടെ പാര്‍ട്ടി പ്രശ്‌നങ്ങളില്‍ വിമുഖനായി എന്ന ആരോപണം മറികടക്കാനും ഇതുപകരിക്കുമെന്ന ഉപദേശം രാഹുലിന് ലഭിച്ചതായറിയുന്നു.