ഭീകരാക്രമണത്തില്‍ രാഷ്ട്രീയം കളിക്കാനില്ലെന്ന് രാഹുല്‍

Web Desk
Posted on February 15, 2019, 2:48 pm

രാഷ്ട്രീയം  കളിക്കാനില്ലെന്നും  കേന്ദ്ര സര്‍ക്കാരിനെയും കൊല്ലപ്പെട്ട സൈനികരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി . പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു  രാഹുല്‍ ഗാന്ധി. ഈ അവസരത്തില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നെന്ന് വ്യക്തമാക്കിയ രാഹുല്‍, ഈ വിഷയത്തില്‍ മറ്റ് പ്രസ്താവനകള്‍ക്കില്ലെന്നും പറഞ്ഞു. ഇത് രാജ്യത്തിന് ബുദ്ധിമുട്ടേറിയ സമയമാണ്. അഇതേസമയം രാഷ്ട്രീയ വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അവഗണിച്ചു. ഇത് അതിനുള്ള സമയമോ സന്ദര്‍ഭമോ അല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ശക്തിക്കും, വെറുപ്പിനും ദേഷ്യത്തിനും സ്‌നേഹം കൊണ്ട് കെട്ടിപ്പടുത്ത നമ്മുടെ രാജ്യത്തെ ഒന്നും ചെയ്യാനാവില്ലെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കശ്മീരിനെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. സൈനിക വാഹനത്തിന് നേരെ ചാവേറാക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികരാണ് കൊല്ലപ്പെട്ടത്.