Web Desk

പുളിക്കല്‍ സനില്‍രാഘവന്‍

June 11, 2021, 1:00 pm

രാഹുലിന്‍റെ തീരുമാനങ്ങള്‍ക്ക്  കോണ്‍ഗ്രസില്‍ ഫലം കാണുന്നില്ല ; കൂടെയുള്ളവരെല്ലാം ബിജെപിയിലേക്ക് 

Janayugom Online

ന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി. രാജ്യത്തു കണ്ടുവരുന്ന രീതിയാണ്. അധികാരങ്ങള്‍ക്കും, മറ്റ് പ്രലോഭനങ്ങള്‍ക്കും കോണ്‍ഗ്രസ് വഴങ്ങുന്നു. ജനങ്ങളുടെ കണ്‍മുമ്പില്‍ കാണുകയാണ്. കോണ്‍ഗ്രസും, ബിജെപിയും തമ്മിലുള്ള വ്യത്യാസം എന്താണ്, ബിജെപി ഉയര്‍ത്തുന്ന സംഘപരിവാര്‍ അജണ്ടയേയും, ഫാസിസത്തേയും എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നു തെളിഞ്ഞിരിക്കുന്നു. രാഹുല്‍ ഗാന്ധി നടത്തുന്ന പരീഷണങ്ങളെല്ലാം പരാജയപ്പെടുകയാണ്. വെള്ളത്തില്‍ വരയ്ക്കുന്ന വരപോലെയാകുന്നു. കോൺഗ്രസിൽ തലമുറ മാറ്റം എന്ന ആവശ്യം ഉയർന്നുവരാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധി നേതൃനിരയിലെത്തിയപ്പോൾ യുവാക്കളായ ഒരു രണ്ടാം നിര നേതാക്കളുടെ സംഘത്തെ പ്രവർത്തകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ അവർ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായി മാറി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ യുവനേതാക്കളുടെ സ്വാധീനത്തിന് കഴിയുമെന്നായിരുന്നു രാഹുലിന്റെ കണക്കുകൂട്ടൽ. എന്നാല്‍ എല്ലാം പരാജയപ്പെടുകയാണ്. എന്നാൽ മാറി മറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇവരിൽ പലരും ഇപ്പോൾ രാഹുലിനൊപ്പമില്ല എന്നതാണ് വാസ്തവം.

ജ്യോതിരാദിത്യ സിന്ധ്യയും ഇപ്പോൾ ജിതിൻ പ്രസാദയും വരെയുള്ളവർ കോൺഗ്രസിൽ നിന്ന് കൂടുമാറി ബിജെപിയിലെത്തിയിരിക്കുന്നു. ദേശീയ തലത്തിൽ ഏത് ആശയത്തെ രാഷ്ട്രീയ കക്ഷിയെ കോൺഗ്രസ് എതിർക്കുന്നുവോ അങ്ങോട്ടേക്ക് തന്നെ പാർട്ടിയിലെ ശക്തരായ നേതാക്കൾ പോകുന്നത് രാഹുലിന്റെ പരീക്ഷണത്തിലെ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. ജ്യോതിരാദിത്യ സിന്ധ്യയ്ക്കു പിന്നാലെ ജിതിൻ പ്രസാദ. ഏതു നിമിഷവും മറുകണ്ടം ചാടാൻ അസ്വസ്ഥനായി സച്ചിൻ പൈലറ്റ്… കോൺഗ്രസിൽ പുതിയ തലമുറയെ വാർത്തെടുക്കാൻ രാഹുൽ ഗാന്ധി കൊണ്ടുവന്ന ടീമംഗങ്ങൾ ഒന്നൊന്നായി കൊഴിയുകയാണ്. നേതാക്കൾക്ക് ഉത്തരവാദിത്വങ്ങൾ നൽകുമ്പോൾ ആശയപരമായ പ്രതിബദ്ധത കൂടി പരിഗണിക്കണമെന്ന് മുതിർന്ന നേതാക്കൾ വിമർശിക്കുന്നതിലേക്കാണ് പാർട്ടിയിലെ രാഹുൽ പരീക്ഷണം എത്തിനിൽക്കുന്നത്. സംഘടനയിൽ സമൂലമാറ്റം ആവശ്യപ്പെട്ടു കത്തെഴുതിയ 23 നേതാക്കളിൽ ബാക്കിയുള്ള 22 നേതാക്കളെ അനുനയിപ്പിക്കുന്നത് വൈകരുതെന്ന സന്ദേശംകൂടി കോൺഗ്രസിന് നൽകുന്നുണ്ട് പ്രസാദയുടെ കാലുമാറ്റമെന്നു രാഷട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു, 2004 ൽ അമേഠിയിലെ രാഹുലിന്റെ അരങ്ങേറ്റത്തിനോടൊപ്പം വേറെയും യുവനേതാക്കളെ കോൺഗ്രസ് രംഗത്തിറക്കിയിരുന്നു. പാർട്ടിയിൽനിന്ന് പുറത്തുപോയ പ്രസാദയ്ക്കും സിന്ധ്യയ്ക്കുമൊപ്പം സച്ചിൻ പൈലറ്റ്, സന്ദീപ് ദീക്ഷിത്, മിലിന്ദ് ദിയോറ, മധു യാക്ഷി ഗൗഡ്, ദീപേന്ദർ ഹൂഢ, മനീഷ് തിവാരി, ആർ.പി.എൻ. സിങ് എന്നിവരും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു. തിവാരിയും സിങ്ങും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും യുവതുർക്കി നിരയുടെ ഭാഗമായി.

എന്നാൽ, ഒന്നര പതിറ്റാണ്ടു പിന്നിടുമ്പോൾ ഇവരിൽ ചിലർ പാർട്ടി വിട്ടു. ചിലർ വിടാനൊരുങ്ങുന്നു. മറ്റു ചിലരാകട്ടെ അസ്വസ്ഥരുമാണ്. സംഘടനയിൽ മാറ്റമാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 അംഗങ്ങളിൽ പ്രസാദയ്ക്കൊപ്പം മനീഷ് തിവാരിയും സന്ദീപ് ദീക്ഷിതും ഉണ്ടായിരുന്നു. മിലിന്ദ് ദിയോറ പാർട്ടിയിൽ നിന്ന് അകൽച്ചയിലാണ്. പൈലറ്റ് രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതുമായി കൊമ്പുകോർക്കുന്നത് തുടരുന്നു. 2019 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെയാണ് മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥ്, മുതിർന്ന നേതാവ് ദിഗ്വിജയ് സിങ് എന്നിവർക്കൊപ്പം അധികാരത്തർക്കത്തെത്തുടർന്ന് സിന്ധ്യ പുറത്തുപോയത്. ഉത്തർ പ്രദേശിൽ അടുത്തവർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കാനാവില്ലെന്ന് മുൻകൂട്ടി കണ്ട് പ്രസാദയും പുതിയ ലാവണത്തിലെത്തി. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരേ നവ്‌ജോത് സിങ് സിദ്ദു ഉയർത്തുന്ന വെല്ലുവിളി പഠിക്കാൻ ഹൈക്കമാൻഡിന് സമിതിയെ വെക്കേണ്ടി വന്നു. ഇതെല്ലാം പാർട്ടിയുടെ തലപ്പത്തുള്ള പ്രശ്നങ്ങളായാണ് മുതിർന്ന നേതാക്കളിൽ പലരും വ്യാഖ്യാനിക്കുന്നത്.കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന്റെ പരിമിതിയാണ് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്കിന് കാരണമെന്ന് വിലയിരുത്തുനനു വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ നിന്ന് ആളെപ്പിടിക്കാന്‍ ബിജെപി ശ്രമം തുടങ്ങി എന്നതിന് തെളിവാണ് എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ജിതിന്‍ പ്രസാദയുടെ രാഷ്ട്രീയമാറ്റവും. കോണ്‍ഗ്രസിന് ബിജെപിയില്‍ നിന്ന് ആകെ ഉള്ള വ്യത്യാസം വര്‍ഗീയ പാര്‍ട്ടി അല്ല എന്നത് മാത്രമാണ്.

ബിജെപിയുടെ മറ്റു രാഷ്ട്രീയ, സാമ്പത്തിക നയങ്ങളോട് കോണ്‍ഗ്രസിന് എതിര്‍പ്പില്ല. അതുകൊണ്ട് മാത്രം കോണ്‍ഗ്രസില്‍ വരുന്ന ഫ്യൂഡല്‍ രാഷ്ട്രീയം ഉള്ളവര്‍ ബിജെപിയിലേക്ക് പോവുന്നത് സ്വാഭാവിക രാഷ്ട്രീയമാറ്റമായി കണ്ടാല്‍ മതി. കേരളത്തില്‍ എല്‍ഡിഎഫ് ഉയര്‍ത്തിപിടിക്കുന്ന മതേതര, പുരോഗന നിലപാടുകളാണ് ബിജെപിക്ക് ഒരു കാരണവശാലും കേരളത്തില്‍ ഒരിഞ്ചു വളരാന്‍ പോലും കഴിയാത്തത്. കോണ്‍ഗ്രസും, യുഡിഎഫും ബിജെപി- ആര്‍എസ്എസ് സംഘപരിവാരങ്ങളുമായി തെളിഞ്ഞും, ഒളിഞ്ഞും സഖ്യത്തിലേര്‍പ്പെടുന്നു. ബിജെപിയുടെ ഹൈന്ദവവര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് കാലാകാലങ്ങളായി സ്വീകരിച്ചു പോരുന്നത്. കേരളത്തിലെ കോ.ലീ. ബി സഖ്യം പ്രസിദ്ധമല്ലോ. കേരളത്തില്‍ എല്‍ഡിഎഫ് എടുത്ത ശക്തമായ,സന്ധിയില്ലാത്ത രാഷട്രീയ നിലപാടിലാണ് ബിജെപിയുടെ ഗുജറാത്ത് എന്നു അവര്‍ വിശേഷിപ്പിച്ച നേമം മണ്ഡലം നഷ്ടമായത്. ദേശീയതലത്തില്‍ ബിജെപി വളരാന്‍ എല്ലാ സഹായവും ചെയ്തുകൊടുത്തത് കോണ്‍ഗ്രസ് ആണെന്നുള്ളകാര്യം ഏവര്‍ക്കും അറിയാം.യുപിയിലെ അയോധ്യയില്‍ വിഎച്ച്പിക്ക് ശിലാന്യാസം നടത്താന്‍ അവസരം ഒരുക്കി കൊടുത്തതുംകോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളെല്ലാം തന്നെ ബിജെപി ഭരിക്കുന്ന അവസ്ഥയല്ലേ കാണുന്നത്.ഇടതുപക്ഷം സുശക്തമായി നിലകൊള്ളുന്നതുകൊണ്ടുമാത്രം മറ്റു സംസ്ഥാനങ്ങളിലേതു പോലെ കോണ്‍ഗ്രസ്സ് നേതാക്കളെ വ്യാപകമായി വലവീശിപ്പിടിക്കാന്‍ കേരളത്തില്‍ ബിജെപി ക്ക് കഴിയുന്നില്ല, എന്നാലും എല്‍ഡിഎഫിനെ എതിര്‍ക്കാനായി കോണ്‍ഗ്രസ് ബിജപിയുമായി ചങ്ങാത്തത്തിലാകുന്നു. പുതിയ കെപിസിസി പ്രസിഡന്‍റായി വരുന്ന ആളിന്‍റെ ബിജെപി ബന്ധം ചര്‍ച്ചചെയ്യപ്പെടുകയാണ്പലപ്രമുഖ ബിജെപിനേതാക്കളും എന്നെ ബന്ധപ്പെടുകയും കാണുകയും ചെയ്തിട്ടുണ്ട്.

എനിക്ക് ആ പാര്‍ട്ടിയില്‍ ചേരണമെന്നു തോന്നുകയും ഞാന്‍ ചേരുകയും ചെയ്താല്‍ നിങ്ങള്‍ക്കെന്താ പ്രശ്‌നം? ’ എനിക്ക് ബിജെപിയില്‍ ചേരാന്‍ അഴീക്കോടന്‍ രാഘവന്‍ മന്ദിരത്തില്‍ നിന്നുള്ള എന്‍ ഒ സി വേണ്ട.’ അതായത്, ബിജെപിയില്‍  ചേരണമെന്ന് തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും ചേരും, ഇതാണ് പുതിയ കെപിസിസി പ്രസിഡന്‍റായി അധികാരമേള്‍ക്കുന്ന ആള് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്., ഈ മനോഭാവവും ചിന്താരീതിയും ഇന്നുള്ള കോണ്‍ഗ്രസ്സിനെ അടിമുടി ഗ്രസിച്ചിരിക്കുന്നു എന്നതാണ് കേന്ദ്രപ്രശ്‌നം. അതുകൊണ്ടാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളത്തിലും ബിജെപിയും കോണ്‍ഗ്രസ്സും അവരുടെ കൂട്ടാളികളും എല്‍ ഡി എഫ് സര്‍ക്കാരിനെതിരേ ഒരേ സ്വരത്തില്‍ അപവാദ പ്രചാരണവും മറ്റും സംഘടിപ്പിച്ചത്.കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം തന്നെ ദുർബലമാണെന്നതാണ് വാസ്തവം.

സംസ്ഥാന തലത്തിടക്കം കാര്യങ്ങൾ മനസിലാക്കാനും സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ തീരുമാനം എടുക്കാനും ഹൈക്കമാൻഡിന് സാധിക്കുന്നില്ല. അങ്ങനെ സാധിച്ചാൽ തന്നെ കൊഴിഞ്ഞുപോക്ക് അതിലും വലിയ തലവേദനയായി അവർക്കിപ്പോൾ തോന്നുന്നു. പാർട്ടിയുടെ തലപ്പത്തുള്ള പ്രശ്നങ്ങളായാണ് രാഷ്ട്രീയ നിരീക്ഷകരും മുതിർന്ന നേതാക്കളും ഇതിനെ വിലയിരുത്തുന്നത്. യുവനേതാക്കളെ മുന്നോട്ടുകൊണ്ടുവരുമ്പോൾ മുതിർന്ന നേതാക്കൾ മറ്റൊരു വിഭാഗമായി മാറുന്നതും കോൺഗ്രസിന് വെല്ലുവിളിയാണ്. കേരളത്തിലും സംഭവിക്കുന്നത് അതിന്റെ മറ്റൊരു രൂപമാണെന്ന് മാത്രം. നേതൃമാറ്റം എന്ന ആവശ്യം മുന്നോട്ട് വെക്കുമ്പോൾ വിട്ടുവീഴ്ചകളും ഇളവുകളും വേണമെന്ന് വാദിക്കുന്ന മുതിർന്ന നേതാക്കൾ. പാർട്ടിയോടുള്ള പ്രതിബദ്ധത ഉറയ്ക്കാത്ത യുവനിര. കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുക അത്ര എളുപ്പമല്ല. കതിരേല്‍ കൊണ്ടുവളെ വെച്ചിട്ടു കാര്യമില്ല. അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് കോണ്‍ഗ്രസ് പരിഹാരം കണ്ടേമതിയാകൂ.

Eng­lish sum­ma­ry; Rahul’s deci­sions are not work­ing in Congress

you may also like this video;

Skip to toolbar Log Out