Web Desk

തിരുവനന്തപുരം

February 24, 2021, 4:25 pm

രാഹുലിന്‍റെ പ്രസംഗം ബിജെപിക്കുവേണ്ടിയോ; കണ്ണടച്ച് ഇരുട്ടാക്കുന്നു

Janayugom Online

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫ് ജാഥയുടെ സമാപനം കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് പരക്കെ ആക്ഷേപം ഉയരുകയാണ്. രാജ്യത്തെ നിലവിലുള്ള രാഷട്രീയ സാഹചര്യംമറന്നു കൊണ്ടുള്ള പ്രസംഗമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. രാജ്യത്ത് വര്‍ഗീയ ഫാസിസം ഉയര്‍ത്തുന്ന ബിജെപിയുടെ നയങ്ങളെ വിമര്‍ശിക്കാതെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ വാക്കു കേട്ട് ആക്ഷേപിക്കാന്‍ തുനഞ്ഞത് ഒട്ടും ശരിയായ നടപടിയല്ല. കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവിന്റെ പ്രസംഗത്തില്‍ ബിജെപിയ്‌‌ക്കെതിരെ ദുര്‍ബലമായ വിമര്‍ശനം ഉന്നയിക്കാന്‍ പോലും തയ്യാറായില്ല, എന്നു മാത്രമല്ല ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ ബജെപിയുടെ അതേ ശബ്ദം തന്നെയായിരുന്നു രാഹുല്‍ ഗാന്ധിയില്‍ നിന്നുമുണ്ടായത്. കോണ്‍ഗ്രസ്സിന്റെ വര്‍ഗീയ വിധേയത്വത്തെ തുറന്നു കാട്ടുകയാണ് ഇത്. ഈ സമീപനമാണ് പല സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും ബി.ജെ.പിയാകാന്‍ ഉത്തേജനം നല്‍കുന്നത്. ചെന്നിത്തല നയിച്ച ജാഥയില്‍ ബി.ജെ.പിയ്‌ക്കെതിരെ ഉരിയാടാതിരുന്നത് യാദൃശ്ചികമല്ലെന്നും കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും ഇതോടെ വ്യക്തമായി.

സംസ്ഥാന സര്‍ക്കാരിനെപ്പറ്റി രാഹുല്‍ഗാന്ധി നടത്തിയ ആക്ഷേപങ്ങള്‍ തരംതാണതായി പോയി. കള്ളക്കടത്ത് കേസ് സംബസിച്ചും, തൊഴില്‍ പ്രശ്‌നം സംബന്ധിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസ്സിനെ സംബന്ധിച്ചായിരിക്കും. ഭരണസ്വാധീനം ഉപയോഗിച്ച് അനധികൃതമായി സമ്പാദിച്ചുകൂട്ടിയ സ്വത്തിന്റെ പേരില്‍ നിരന്തരം അന്വേഷണ ഏജന്‍സികളുടെ മുമ്പില്‍ നില്‍ക്കുന്നത് ആരാണെന്നു രാഹുല്‍ മറന്നു പോയതായിരിക്കാം. ഇടതുപക്ഷത്തെ വേട്ടയാടുന്നതില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് വേഗത പോരെന്ന വിമര്‍ശനമാണ് രാഹുല്‍ഗാന്ധിക്കുള്ളത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പാര്‍ലമെന്‍റില്‍ രാഹുല്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ വെറും കളവാണെന്നു ഇതിലൂടെ തെളിഞ്ഞിരിക്കുന്നു. 

കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തന്നതു സംബന്ധിച്ച് ശക്തമായ വിമര്‍ശനം നടത്തിയ രാഹുല്‍ഗാന്ധി കേരളത്തില്‍ എത്തിയപ്പോള്‍ നടത്തിയ മലക്കം മറിച്ചില്‍ ബി.ജെ.പിയുമായ രഹസ്യധാരണയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്ത് വിദേശ ട്രോളറുകള്‍ക്ക് കടല്‍ പൂര്‍ണ്ണമായും തീറെഴുതി കൊടുത്തത് 1991 ല്‍ കോണ്‍ഗ്രസ്സാണ്. കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് വിട്ടുകൊടുത്ത ഉദാരവല്‍ക്കരണ നയവും കോണ്‍ഗ്രസ്സിന്റേതാണ്. ലോകസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച നിയമമാണ് ഇപ്പോള്‍ ബി.ജെ.പി നടപ്പിലാക്കിയത്. അതിനെതിരെ വയനാട്ടില്‍ ട്രാക്ടര്‍ റാലി നടത്തിയ രാഹുല്‍ഗാന്ധി സ്വയം പരിഹാസ്യമാവുകയാണ് ചെയ്തത്. 

എൽഡിഎഫിനെ പരാജയപ്പെടുത്താൻ മോഡിയുടെ സഹായം തേടുന്നവരാണ്‌ കേരളത്തിലെ കോൺഗ്രസുകാരെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പൂർണമായും പരാജയപ്പെട്ട നേതാവാണ്‌ രാഹുല്‍ . അദ്ദേഹമാണ് കേരളത്തിലെ സർക്കാരിനെതിരെ പ്രതികരിക്കുന്നത്‌. പുതുച്ചേരിയിലെ കാലുമാറ്റം തടയാൻ രാഹുൽ ഗാന്ധിക്കായില്ലല്ലോ. ജമാ അത്തെ ഇസ്‌ലാമിയുമായി ബന്ധമുണ്ടോ എന്നതിന്‌ ഇതുവരെ കോൺഗ്രസോ രാഹുൽ ഗാന്ധിയോ മറുപടി പറഞ്ഞിട്ടില്ല. എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക്‌ പോകുന്നത്‌ തടയാൻ കഴിയാത്ത രാഹുൽ ഗാന്ധി കേരളത്തിലെ വികസനവും കണ്ടില്ലെന്ന്‌ നടിക്കുന്നു. അദ്ദേഹം എംപിയായിരിക്കുന്ന വയനാട്ടിൽ ഏഴായിരം കോടി രൂപയുടെ പാക്കേജാണ്‌ കർഷകർക്കായി പിണറായി സർക്കാർ നടപ്പാക്കുന്നത്‌. എന്നാല്‍ ഇതെല്ലാം മറന്നു കൊണ്ടുള്ള രാഹുലിന്‍റെ പ്രസംഗം കോണ്‍ഗ്രസ് ‑ബിജെപി സഖ്യത്തിന്‍റെ ഭാഗമായിട്ടുവേണം വിലയിരുത്താന്‍. 

ENGLISH SUMMARY:Rahul’s speech for BJP
You may also like this video