രാഹുല്‍ഗാന്ധി അധ്യക്ഷപദമൊഴിഞ്ഞു;വൈകാതെ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും രാഹുല്‍

Web Desk
Posted on July 03, 2019, 4:34 pm

ന്യൂഡല്‍ഹി; രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദമൊഴിഞ്ഞു. അഭ്യൂഹങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിരാമമിട്ടാണ് രാജി. താനിപ്പോള്‍ അധ്യക്ഷനല്ലെന്നും വൈകാതെ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും രാഹുല്‍ പരസ്യമായി അറിയിച്ചു. താന്‍ നേരത്തേതന്നെ തന്റെ രാജി നല്‍കിയിരുന്നതാണെന്നും രാഹുല്‍ പാര്‍ലമെന്റിനുവെളിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിന്നീട് തന്റെ 4 പേജുകളുള്ള രാജിക്കത്ത് രാഹുല്‍ ഗാന്ധി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

2017ല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേറിയ രാഹുല്‍ ലോക് സഭാതിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ പേരില്‍ കഴിഞ്ഞ മേയ് 25് നടന്ന കോണ്‍ഗ്രസ് വര്‍ക്കിംങ് കമ്മിറ്റിയിലാണ് രാജി പ്രഖ്യാപിച്ചത്. എന്നാല്‍ കമ്മിറ്റി ഏകകണ്ഠമായി ആവശ്യം നിരസിച്ചു. പിന്നീട് രാഹുലിനെതീരുമാനത്തില്‍ നിന്നും പിന്മാറ്റാന്‍ മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരും സാധാരണ പ്രവര്‍ത്തകരും ശ്രമം നടത്തിയിരുന്നു. ഇന്നലെ പാര്‍ട്ടി ആസ്ഥാനത്തിനുമുന്നില്‍ ആത്മഹത്യാശ്രമം വരെ നടന്നു. എന്നാല്‍ രാഹുല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ഗാന്ധിക്കുടുംബത്തിന് പുറത്ത് ഒരാളെ അധ്യക്ഷനാക്കണമെന്ന അഭിപ്രായം വ്യക്തമാക്കുകയും ചെയ്തു.

കോണ്‍ഗ്രസിന് 52 സീറ്റുകള്‍മാത്രമാണ് ലഭിച്ചതെന്നത് അധ്യക്ഷപദത്തില്‍ ഏറെ വിയര്‍പ്പൊഴുക്കിയ രാഹുലിനെ അപമാനത്തിലാക്കി. 2014ല്‍ ലഭിച്ചതിനേക്കാള്‍ കേവലം എട്ടുസീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.

അതേസമയം ഇനി പിന്മാറ്റമില്ലെന്ന് വ്യക്തമായതോടെ പുതിയ അധ്യക്ഷനെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമായി. മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന നേതാവുമായ സുശീല്‍കുമാര്‍ ഷിന്‍ഡേ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയില്‍. ഇതോടൊപ്പം പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടെ സമൂല അഴിച്ചുപണിയ്ക്കാണ് കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നത്.

രാഹുലും സോണിയാ ഗാന്ധിയും ശനിയാഴ്ച വിദേശത്തേക്ക് പോകുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ ഈയാഴ്ച തന്നെ തീരുമാനിക്കാന്‍ ആലോചനയുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ പ്രവര്‍ത്തക സമിതി ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ബുധനാഴ്ച രാഹുല്‍ മടങ്ങിവന്നാലുടന്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തെക്കും.

ഗാന്ധി കുടുംബത്തിന് നിയന്ത്രിക്കാന്‍ കഴിയുന്ന സൗമ്യവ്യക്തിത്വമുള്ള നേതാക്കളെന്ന നിലയിലാണ് പിന്നോക്ക സമുദായാംഗമായ സുശീല്‍ കുമാര്‍ ഷിന്‍ഡേ, രാജസ്ഥാനില്‍ നിന്നുള്ള അശോക് ഗെലോട്ട് എന്നിവരുടെ പേരുകള്‍ പരിഗണനയിലുള്ളത്. ഗെലോട്ടിനെ പരിഗണിച്ചാല്‍ നേട്ടം രണ്ടാണ്. രാജസ്ഥാനില്‍ നിന്നും അവിടത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ ആവശ്യം പരിഗണിച്ച് സച്ചിന്‍ പൈലറ്റിനുവേണ്ടി  മുഖ്യമന്ത്രിയായ ഗെലോട്ടിനെ മാറ്റുക എന്ന ഉദ്യേശ്യവും ഇതിനു പിന്നിലുണ്ട്. ഇത്തരം ആവശ്യം അവിടെനിന്നും ഉയര്‍ന്നു കഴിഞ്ഞു.