ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാനത്ത് കര്‍ശന പരിശോധന; 44 സ്ഥാപനങ്ങള്‍ പൂട്ടിച്ചു.

Web Desk
Posted on September 05, 2019, 3:32 pm

തിരുവനന്തപുരം: ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്നുവരുന്ന കര്‍ശനമായ ഭക്ഷ്യസുരക്ഷാ പരിശോധന 44 ഹോട്ടലുകള്‍ക്ക് പൂട്ട് വീണു. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ശുചിത്വ നിലവാരം ഉറപ്പുവരുത്തുവാന്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ആഗസ്റ്റ് 21 മുതല്‍ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടന്നുവരുയാണ്. ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയ 44 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്പ്പിക്കുകയും ലംഘനങ്ങള്‍ക്ക് പിഴ നല്‍കിയതായും ആരോഗ്യവകുപ്പ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സംസ്ഥാന വ്യാപകമായി ആഗസ്റ്റ് 21 മുതലാണ് പരിശോധന ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 3,359 സ്ഥാപനങ്ങള്‍ പരിശോധിച്ചു. അതില്‍ 20,55,000 രൂപ പിഴ ഈടാക്കി. പിന്നാലെ 1316 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 347 ഭക്ഷ്യസാമ്പിളുകള്‍ പരിശോധിക്കുകയും 44 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഈ റെയിഡുകള്‍ ഇനിയും തുടരും എന്ന് തന്നെയാണ് ആരോഗ്യമന്ത്രാലയത്തിലെ ഉന്നതര്‍ വിരല്‍ ചൂണ്ടുന്നത്. നല്ല ഭക്ഷണം നല്‍കുക. അല്ലെങ്കില്‍ ഹോട്ടലുകള്‍ അടച്ചു പൂട്ടുക എന്ന നയം തന്നെ കേരളത്തില്‍ ആദ്യമായാണ് നടപ്പിലാക്കപ്പെടുന്നത്. കനത്ത പിഴയും സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീഴലും ഈ നയത്തിന്റെ ഭാഗം തന്നെയാണ് നടപ്പിലാക്കപ്പെടുന്നതും.

ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഇല്ലാതെ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഏതെങ്കിലും സ്ഥാപനം ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ടോള്‍ഫ്രീ നമ്ബരിലോ തൊട്ടടുത്ത ഭക്ഷ്യസുരക്ഷാ കാര്യാലയങ്ങളിലോ വിവരം അറിയിക്കേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിക്കുന്നു. ചൂട് പായസം, പ്ലാസ്റ്റിക്ക് കവറുകളില്‍ ഒഴിവാക്കേണ്ടതാണ്. അനുവദനീയമായ ഫുഡ് ഗ്രേഡ് അലുമിനിയം ഫോയില്‍ കവറുകളില്‍ (ഐ.എസ്. 8970) മാത്രം ഭക്ഷണ സാധനം പാഴ്‌സല്‍ ആക്കി നല്‍കാന്‍ അനുവദിച്ചിട്ടുള്ളു. ആഹാര സാധനങ്ങള്‍ പൊതിയുവാനോ സൂക്ഷിക്കുവാനോ അടയ്ക്കുവാനോ ന്യൂസ് പേപ്പര്‍ കര്‍ശനമായി ഉപയോഗിക്കുവാന്‍ പാടില്ലെന്നും കര്‍ശനമായ പരിശോധനകള്‍ വരും ദിവസങ്ങളില്‍ തുടരുന്നതാണെന്നും ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിക്കുകയും ചെയ്യുന്നു.