റെയ്ഡ്

Web Desk
Posted on March 23, 2018, 11:08 am

ബോളിവുഡ് കോര്‍ണര്‍

ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഇന്‍കംടാക്‌സ് റെയ്ഡിന്റെ കഥയാണ് രാജ്കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ‘റെയ്ഡ്’. ചിത്രം തിയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു. അജയ്‌ദേവ്ഗണും ഇലിയാന ഡിക്രൂസുമാണ് മുഖ്യറോളില്‍. ‘സത്യ’യിലൂടെയും ‘ജോളി എല്‍എല്‍ബി‘യിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന ശുക്ലയാണ് പ്രതിനായക വേഷത്തില്‍.
ലക്‌നൗവിലെ ഇന്‍കംടാക്‌സ് കമ്മിഷണറായ ശാരദ പ്രസാദ് പാണ്ഡേ 1981ല്‍ നടത്തിയ പരിശോധനയെ അവലംബിച്ചാണ് ചിത്രം തയ്യാറാക്കിയിട്ടുള്ളത്. പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് എംഎല്‍എയുമായ സര്‍ദാര്‍ ഇന്ദര്‍സിംഗിന്റെ കാണ്‍പൂരിലെ വീട് റെയ്ഡ് ചെയ്ത് 1.6 കോടി രൂപയുടെ കറന്‍സിയും സ്വര്‍ണാഭരണങ്ങളും പിടികൂടിയതാണ് ആദായനികുതി വകുപ്പ് രാജ്യത്ത് നടത്തിയിട്ടുള്ള ഏറ്റവും വലിയ റെയ്ഡ്. അമയ് പട്‌നായിക് എന്ന ഇന്‍കംടാക്‌സ് കമ്മിഷണറായി അജയ്‌ദേവ്ഗണും ഭാര്യ നിതാ പട്‌നായിക്കായി ഇലിയാന ഡിക്രൂസും വേഷമിടുന്നു. രാമേശ്വര്‍ രാജാജി സിംഗ് എന്ന വ്യവസായ പ്രമുഖന്റെ റോളാണ് സൗരഭ് ശുക്ലയ്ക്ക്.
റിയലിസ്റ്റിക്കായ ചിത്രത്തില്‍ ആക്ഷനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇന്ദര്‍സിംഗിന്റെ വീട്ടിലെ റെയ്ഡ് സമാധാനപരമായിരുന്നെങ്കില്‍ 1989 സെപ്റ്റംബറില്‍ പേപ്പര്‍മില്‍ ഉടമയായ ഹരീഷ് ഛാബ്രയുടെയും ജുവലറി വ്യവസായി ആയ ചിത്രാഞ്ജന്‍ സ്വരൂപിന്റെയും വസതികളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധന സംഘര്‍ഷത്തില്‍ കലാശിക്കുകയും നിരവധി ഉദ്യോഗസ്ഥര്‍ ക്രൂരമര്‍ദ്ദനത്തിന് വിധേയമാവുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളെല്ലാം കോര്‍ത്തിണക്കിയാണ് രാജ്കുമാര്‍ ഗുപ്ത ‘റെയ്ഡ്’ ഒരുക്കിയിട്ടുള്ളത്.
ലക്‌നൗവും റായ്ബറേലിയുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. പാകിസ്ഥാനി സംഗീതജ്ഞന്‍ രാഹത് ഫത്തേ അലിഖാന്‍ രണ്ട് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. അമിത് ത്രിവേദിയും തനിഷ്‌ക് ബാഗ്ചിയുമാണ് സംഗീതം പകര്‍ന്നത്. അജയ്‌യും ഇലിയാനയും ‘ബാദ്ഷാേഹാ‘യ്ക്കുശേഷം ഒരുമിക്കുന്ന ചിത്രമാണിത്. എണ്‍പതുകളാണ് ദൃശ്യവല്‍ക്കരിച്ചിട്ടുള്ളത്. ലക്‌നൗവിലെ 85 കാരിയായ മുത്തശ്ശി പുഷ്പ ജോഷി സൗരഭിന്റെ മാതാവായി രംഗത്തെത്തുന്നു എന്നതും പ്രത്യേകതയാണ്.