Web Desk

December 17, 2019, 10:32 pm

തിരുവനന്തപുരത്തുനിന്ന് കാസർകോട് എത്താൻ നാലുമണിക്കൂര്‍; അർധ അതിവേഗ റയിൽ ഇടനാഴി ഉടൻ

Janayugom Online

തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെ സംസ്ഥാനത്ത് നടപ്പാക്കുന്ന അർധ അതിവേഗ റയിൽപാതാ പദ്ധതിയായ സിൽവർ ലൈനിന് കേന്ദ്ര റയിൽവെ മന്ത്രാലയം തത്വത്തിൽ അനുമതി നൽകി. പദ്ധതിക്കുവേണ്ട നിക്ഷേപ സമാഹരണവുമായി മുന്നോട്ടു പോകാൻ മന്ത്രാലയം കേരള റയിൽ വികസന കോർപറേഷന് (കെആർഡിസിഎൽ)അനുമതി നൽകി. ഇന്ത്യൻ റയിൽവെയും സംസ്ഥാന സർക്കാരും ചേർന്ന് രൂപീകരിച്ച കെആർഡിസിഎൽ ആണ് പദ്ധതി നടപ്പാക്കുന്നത്. 200 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിൻ ഓടിക്കാവുന്ന രണ്ട് റയിൽലൈനുകളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. പദ്ധതിയുടെ അവസാന അനുമതി വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം ലഭിക്കും. കെആർഡിസിഎൽ നടത്തിയ ഒരു വർഷം നീണ്ട പ്രാഥമിക സാധ്യതാപഠനത്തിൽ വിജയകരമായി നടപ്പാക്കാനാവുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മന്ത്രിസഭ പദ്ധതി അംഗീകരിച്ചിരുന്നു. തുടർന്നാണ് ഈ റിപ്പോർട്ട് കേന്ദ്ര റയിൽവെ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചതെന്ന് കെആർഡിസിഎൽ മാനേജിങ് ഡയറക്ടർ വി അജിത് കുമാർ പറഞ്ഞു. നിക്ഷേപസമാഹരണത്തിനുള്ള ആസൂത്രണവുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഈയിടെ ജപ്പാൻ സന്ദർശിച്ചപ്പോൾ പദ്ധതി നിക്ഷേപത്തെക്കുറിച്ചു ചർച്ച നടത്തിയിരുന്നു.

ഈ പരിസ്ഥിതി സൗഹൃദ പദ്ധതി യാഥാർഥ്യമാകുന്നതോടെ റോഡപകടങ്ങൾക്കുപുറമെ ബസുകളടക്കമുള്ള വാഹനങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണം ഗണ്യമായി കുറയ്ക്കാനാകും. കൊച്ചുവേളിയിൽ നിന്ന് കാസർകോടു വരെ 532 കിലോമീറ്ററിൽ പൂർത്തിയാക്കുന്ന തരത്തിലാണ് റയിൽപാത നിർമ്മിക്കുന്നത്. പിന്നീടിത് 12 വരെയാക്കും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയിൽ പത്തു സ്റ്റേഷനുകളുണ്ടാകും. കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് സ്റ്റേഷനുകൾ. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങൾ പാതയുടെ പരിധിയിൽ വരും. സ്ഥലമെടുപ്പ് ഒഴിവാക്കാനും ചെലവു കുറയ്ക്കാനുമായി നഗരങ്ങളിൽ ആകാശപാതയായിട്ടാണ് കേരള റയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം-എറണാകുളം യാത്രാസമയം ഒന്നര മണിക്കൂറാണ്. തിരുവനന്തപുരം മുതൽ തൃശൂർ വരെ നിലവിലുള്ള പാതയിൽനിന്ന് മാറിയാണ് നിർദ്ദിഷ്ട റയിൽ ഇടനാഴി നിർമ്മിക്കുന്നത്. തൃശൂർ മുതൽ കാസർകോടു വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും.

ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിംഗ് സൗകര്യമുണ്ടായിരിക്കും. റയിൽ ഇടനാഴി നിർമ്മാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലഭിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ 11,000 പേർക്ക് തൊഴിൽ ലഭിക്കും. അറ്റകുറ്റപ്പണിക്കും മറ്റുമായി പാതയ്ക്കു സമാന്തരമായി റോഡും വിഭാവനം ചെയ്തിട്ടുണ്ട്. ഇതു പക്ഷേ തുടർച്ചയായ റോഡ് ആയിരിക്കുകയില്ല. നദികളിലും മറ്റുമായി നിർമ്മിക്കുന്ന പാലങ്ങളിൽ ഈ റോഡ് ഒഴിവാക്കും. ചരക്കുലോറികൾ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോൾ ഓൺ റോൾ ഔട്ട് (റോറോ) സർവ്വീസും ഉറപ്പാക്കും. സ്റ്റേഷനുകളിൽനിന്ന് യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തെത്തുവാൻ വൈദ്യുതി വാഹന സൗകര്യങ്ങളും പ്രദാനം ചെയ്യും. ഈ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനും പാർക്ക് ചെയ്യുന്നതിനുമുള്ള സജ്ജീകരണമേർപ്പെടുത്തും. കേരളത്തിലെ റയിൽപാതയിൽ ഗതാഗതം ഇപ്പോൾതന്നെ 115 ശതമാനമാണ്. ഭാവിയിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാനോ നിലവിലുള്ള ട്രെയിനുകളുടെ വേഗം കൂട്ടാനോ കഴിയാത്ത സ്ഥിതിയാണ്.

ദിനംപ്രതി നിരവധി ജീവനുകൾ പൊലിയുന്ന തരത്തിൽ റോഡുമാർഗമുള്ള ഗതാഗതം അതീവദുഷ്കരമായി മാറിയിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനം ലക്ഷ്യമാക്കി കേരളത്തിൽ അതിവേഗ റയിൽ ഇടനാഴി നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പാരീസിലെ സിസ്ട്ര എന്ന സ്ഥാപനമാണ് സാധ്യതാപഠനം പൂർത്തിയാക്കിയത്. പദ്ധതി നൂറുശതമാനം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കായി ഐഐഎം അഹമ്മദാബാദുമായി ധാരണാപത്രം ഒപ്പുവയ്ക്കും. സൗരോർജവിനിയോഗം പരമാവധി ഉപയോഗിക്കാനും സ്റ്റീലും കോൺക്രീറ്റും പുനർസംസ്കരിച്ച് ഉപയോഗിക്കാനും നടപടി സ്വീകരിക്കും. നിർമ്മാണത്തിലുണ്ടാകുന്ന പാഴ്വസ്തുക്കളും ഇങ്ങനെ സംസ്കരിക്കും. മലിനീകരണം തീരെയില്ലാത്ത യന്ത്രങ്ങളാണ് കേരള റയിൽ നിർമ്മാണത്തിനുപയോഗിക്കുന്നത്. ഹരിത നിർമ്മാണ വ്യവസ്ഥകൾ പാലിച്ചുകൊണ്ടായിരിക്കും സ്റ്റേഷനുകളും മറ്റു കെട്ടിടങ്ങളും നിർമ്മിക്കുന്നത്.