സാമ്പത്തിക മാന്ദ്യം നേരിടാൻ ജനങ്ങൾക്കുമേൽ അധികബാധ്യതയ്ക്ക് കേന്ദ്ര സർക്കാർ; റയിൽ യാത്രാനിരക്കു കൂട്ടും

സ്വന്തം ലേഖകൻ
Posted on December 03, 2019, 9:40 pm

ചെന്നൈ: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെതുടർന്നുണ്ടായ വരുമാനനഷ്ടം നികത്താൻ റയിൽവേ യാത്രാ കൂലി വർധിപ്പിക്കാനൊരുങ്ങുന്നു. എക്സ്പ്രസ്, മെയിൽ ട്രെയിനുകളിൽ അഞ്ച് മുതൽ പത്ത് ശതമാനംവരെ നിരക്ക് വർധിപ്പിക്കാനാണ് തീരുമാനം. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ഭയന്ന് അതുകഴിഞ്ഞ നിരക്കുകൾ കൂട്ടാനാണ് തീരുമാനം. രാജധാനി, ശതാബ്ദി ട്രെയിനുകൾ ഇപ്പോൾ നടപ്പാക്കിയ ബക്കറ്റ് ഫെയർ സംവിധാനം ( തിരക്കു കൂടുമ്പോൾ യാത്രാ കൂലി വർധിപ്പിക്കുന്നത്) മറ്റ് പ്രീമിയം ട്രെയിനുകളിലും ഏർപ്പെടുത്താനുള്ള നീക്കവുമുണ്ട്. പ്രീമിയം ട്രെയിനുകളിൽ നൽകുന്ന ഭക്ഷണ സാധനങ്ങളുടെ വില ഐആർസിടിസി അടുത്തിടെ വർധിപ്പിച്ചിരുന്നു. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലെത്തിയപ്പോൾ യാത്രാ നിരക്കുകൾ വർധിപ്പിച്ചിരുന്നു. യാത്രാക്കൂലി 14.2 ശതമാനവും ചരക്ക് നീക്കത്തിന്റെ കൂലി 6.5 ശതമാനവും വർധിപ്പിച്ചിരുന്നു. പിന്നീട് വിവിധ ഇനങ്ങളിലായി നിരവധി തവണ ചാർജുകൾ വർധിപ്പിച്ചിരുന്നു. ചാർജുകൾ നിരവധി തവണ വർധിപ്പിച്ചിട്ടും പ്രവർത്തനലാഭത്തിൽ വൻ ഇടിവാണ് ഉണ്ടാകുന്നത്.

ഒക്ടോബർ മാസത്തിലെ കണക്കുകൾ പ്രകാരം 19.000 കോടിരൂപയുടെ കുറവാണ് വരുമാനത്തിൽ ഉണ്ടായത്. അതിനിടെ ചെലവിൽ 4000 കോടി രൂപയുടെ വർധനയുണ്ടായി. യാത്രാക്കൂലി, ചരക്ക് നീക്കം, ഇതര വരുമാനങ്ങൾ എന്നിവയിലെല്ലാം വരുമാന കുറവാണ് രേഖപ്പെടുത്തിയത്. ഒക്ടോബർ 31 ന് അവസാനിച്ച എഴ് മാസത്തെ വരുമാനം 1,18,634. 69 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ലഭിച്ച വരുമാനം 99,222.72 കോടി രൂപ മാത്രമാണ്. 19,411. 97 കോടി രുപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം സമാന കാലയളവിൽ വരുമാനം 99,794.19 കോടി രൂപയായിരുന്നു. ഇക്കുറി 574. 47 കോടി രൂപയുടെ കുറവാണുണ്ടായത്. പ്രവർത്തന ചെലവുകൾ ഗണ്യമായി വർധിച്ചു. 97,264.73 കോടി രൂപയാണ് ചെലവിനത്തിൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ചെലവ് 1,01, 363.90 കോടി രൂപയായി വർധിച്ചു. 4099 കോടി രൂപയുടെ വർധനയാണ് ചെലവിനത്തിൽ ഉണ്ടായത്.

യാത്രാക്കൂലി ഇനത്തിൽ 32,681.10 കോടി രൂപയാണ് ഒക്ടോബർ 31 ന് അവസാനിച്ച ഏഴ് മാസത്തിനായി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് 30,715. 10 കോടി രൂപയായി കുറഞ്ഞു. 1966.33 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. ചരക്ക് നീക്കത്തിലൂടെയുള്ള വരുമാനത്തിലും കുറവുണ്ടായി 77,615.89 കോടി രൂപ ലക്ഷ്യമിട്ടപ്പോൾ 62,773.17 കോടി രൂപ മാത്രമാണ് ലഭിച്ചത്. 14,882.72 കോടി രൂപയുടെ കുറവാണുണ്ടായത്.

റയിൽവേയുടെ പ്രവർത്തന ലാഭത്തിൽ ഗണ്യമായ കുറവുണ്ടായതായി തിങ്കളാഴ്ച്ച പാർലമെന്റിൽ സമർപ്പിച്ച സിഎജി റിപ്പോർട്ട് പറയുന്നു. 2017–18 ലെ പ്രവർത്തന വരുമാന- ചെലവ് അനുപാതം 98.44 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.