Web Desk

തിരുവനന്തപുരം

March 20, 2020, 10:18 pm

അനുമതിയായി: ഓട്ടോകാസ്റ്റിന് ഇനി ട്രെയിൻ ബോഗി നിർമ്മിക്കാം

Janayugom Online

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ഓട്ടോകാസ്റ്റ് പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ ട്രെയിന്‍ ബോഗിക്ക് റയില്‍വെയുടെ അംഗീകാരം. ഇതോടെ, റയില്‍വെയില്‍നിന്ന് ലഭിച്ച ഓര്‍ഡര്‍ പ്രകാരം ബോഗി നിര്‍മ്മാണം തുടങ്ങാം. ഉത്തര റയില്‍വെയ്ക്ക് വേണ്ടി ഗുഡ്‌സ് ട്രെയിനിനുള്ള കാസ്‌നബ് ബോഗിയാണ് നിര്‍മ്മിക്കുക. അടുത്ത ദിവസം തന്നെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ഓട്ടോകാസ്റ്റ് എം ഡി എസ് ശ്യാമള പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനം റയില്‍വെ ബോഗി നിര്‍മ്മിക്കുന്നത്. ബോഗി നിര്‍മ്മിക്കാന്‍ റയില്‍വെ മന്ത്രാലയത്തിന് കീഴിലുള്ള റിസര്‍ച്ച് ഡിസൈന്‍സ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെ (ആര്‍ഡിഎസ്ഒ) അംഗീകാരം ഓട്ടോകാസ്റ്റിന് കഴിഞ്ഞവര്‍ഷം ലഭിച്ചിരുന്നു.

ഇതുപ്രകാരം നിര്‍മ്മിച്ച പ്രേട്ടോടൈപ്പ് ബോഗി ആർഡിഎസ്ഒ പരിശോധിച്ച് അംഗീകാരം നല്‍കി. തുടര്‍ന്ന് ഉത്തര റയില്‍വെയില്‍നിന്ന് പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചു. റയില്‍വെയുടെ പ്രിന്‍സിപ്പല്‍ ചീഫ് മെറ്റീരിയല്‍ മാനേജരുടെ ഓര്‍ഡര്‍ പ്രകാരം ആറു മാസത്തിനകം ബോഗി നിര്‍മ്മിച്ച് ഉത്തര റയില്‍വെയ്ക്ക് എത്തിച്ചു കൊടുക്കണം. അഞ്ചു ബോഗികളുടെ നിര്‍മ്മാണം തൃപ്തികരമായി നിര്‍വഹിച്ചാല്‍ അടുത്ത ഘട്ടത്തില്‍ 20 ബോഗിക്കു വരെയുള്ള ഓര്‍ഡര്‍ ലഭിക്കും. അതും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഏതൊരു ടെന്‍ഡറിലും സൂചിപ്പിക്കുന്നത്ര എണ്ണം ബോഗികള്‍ നിര്‍മ്മിക്കാനാകും. ഓട്ടോകാസ്റ്റിലെ എഞ്ചിനിയര്‍മാരും തൊഴിലാളികളും തന്നെയാണ് പരീക്ഷണ ബോഗി നിര്‍മ്മിച്ചത്. വിവിധ ബോഗികളുടെ മാതൃകകള്‍ വിശദമായി പരിശോധിച്ച് എഞ്ചിനിയര്‍മാര്‍ ഡിസൈന്‍ തയ്യാറാക്കുകയായിരുന്നു.

ഓട്ടോകാസ്റ്റില്‍ ബോഗി നിര്‍മ്മിക്കാനുള്ള സംവിധാനങ്ങള്‍ പരിശോധിച്ച ആർഡിഎസ്ഒ അധികൃതര്‍ പൂര്‍ണതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആര്‍ഡിഎസ്ഒയുടെ ‘ക്ലാസ് എ ഫൗണ്ടറി’ അംഗീകാരം ലഭിച്ച ഓട്ടോകാസ്റ്റിന് ഇന്ത്യന്‍ റയില്‍വേക്കാവശ്യമായ ബോഗികള്‍, കപ്ലര്‍, ബഫര്‍ഫ്‌ളാഞ്ച് എന്നിവയുടെ നിര്‍മ്മാണത്തിനുള്ള ടെണ്ടറുകളില്‍ പങ്കെടുക്കാം. പ്രതിവര്‍ഷം 4800 ടണ്‍ സ്റ്റീല്‍കാസ്റ്റിംഗ് ഉല്പാദിപ്പിക്കുവാന്‍ ശേഷിയുള്ളവര്‍ക്കാണ് ക്ലാസ് എ ഫൗണ്ടറി അംഗീകാരം നല്‍കുക. 1983 നു ശേഷം നഷ്ടത്തിലായിരുന്ന സ്ഥാപനം ലാഭത്തിലെത്താനുള്ള കഠിനപ്രയത്‌നത്തിലാണെന്ന് ചെയര്‍മാന്‍ കെഎസ് പ്രദീപ് കുമാര്‍ പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO