ഇനി മുതൽ കാലൻ വരും ജീവൻ എടുക്കാൻ അല്ല, ജീവൻ തിരികെ തരാൻ

Web Desk
Posted on November 08, 2019, 5:24 pm

റെയില്‍വെ ട്രാക്കുകള്‍ മുറിച്ച്‌ കടക്കുന്നത് അപകടം പിടിച്ച കാര്യമാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്നാലും നമ്മൾ പിന്നെയും അത് തന്നെ ചെയ്ത് അപകടം വിളിച്ച് വരുത്തും. പല രീതിയിലുള്ള ബോധവത്കരണം നടത്തുകയും, പിഴ ഈടാക്കുകയും ചെയ്തിട്ടും ഫലമില്ലാതെ വന്നതോടെയാണ് പശ്ചിമ റെയില്‍വെ ഇതിനായി പുതിയ വഴി കണ്ടെത്തിയത്. സാക്ഷാല്‍ യമരാജനെ കളത്തില്‍ ഇറക്കിയാണ് പശ്ചിമ റെയില്‍വെ ബോധവത്കരണം നടത്തുന്നത്. ട്രാക്കില്‍ ഇറങ്ങുന്ന ആളുകളെ പൊക്കിയെടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് തിരികെ കയറ്റിവിടുന്ന യമരാജന്റെ ചിത്രങ്ങള്‍ പശ്ചിമ റെയില്‍വെ ട്വിറ്ററിൽ പങ്കുവെച്ചു.

ആളുകളെ റെയില്‍വെ ട്രാക്കില്‍ നടക്കുന്നതിന്റെ അപകടം ബോധിപ്പിക്കാനാണ് ഈ വഴി ഉപയോഗിച്ചതെന്ന് പശ്ചിമ റെയില്‍വെ ട്വീറ്റ് വ്യക്തമാക്കി. യാത്രക്കാരെ പാലവും, സബ്‌വേയും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം, ട്വീറ്റ് വ്യക്തമാക്കി. എന്തായാലും റെയില്‍വെയുടെ ‘കാലന്‍’ ഐഡിയ ഇതിനകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. നേരത്തെ ബംഗളൂരു പോലീസും, ഗുര്‍ഗാവോണ്‍ ട്രാഫിക് പോലീസും റോഡ് സുരക്ഷയ്ക്കായി യമരാജന്റെ സഹായം തേടിയിരുന്നു.