Sunday
21 Jul 2019

റയില്‍വേ റിക്രൂട്ട്‌മെന്റിന്റെ പേരില്‍ തട്ടിപ്പ്: 10 കോടി കബളിപ്പിച്ചയാള്‍ പിടിയില്‍

By: Web Desk | Friday 19 October 2018 10:21 PM IST


തിരുവനന്തപുരം: റയില്‍വേ റിക്രൂട്ട്‌മെന്റിന്റെ പേരില്‍ തട്ടിപ്പ് നടത്തി മൂന്നുറോളം പേരില്‍ നിന്നായി പത്ത് കോടിയിലേറെ രൂപ കബളിപ്പിച്ചയാളെ തിരുവനന്തപുരം സിറ്റി പൊലീസ് പിടികൂടി. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പരപ്പ കമ്മാടം കുളത്തിങ്കല്‍ ഹൗസില്‍ ‘ഉഡായിപ്പ് ഷമീം’ എന്നു വിളിക്കുന്ന ഷമീം (28) നെയാണ് പിടികൂടിയത്. കഴക്കൂട്ടം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
റയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ചീഫ് എക്‌സാമിനര്‍ എന്നു പരിചയപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. സൗത്ത് വെസ്റ്റേണ്‍ റയില്‍വേയില്‍ ടിക്കറ്റ് കളക്ടര്‍, ബുക്കിങ് ക്ലാര്‍ക്ക്, ജൂനിയര്‍ എഞ്ചിനിയര്‍, ഇലക്ട്രോണിക്‌സ് എഞ്ചിനിയര്‍, ബിഎസ്‌സി നഴ്‌സിങ്ങ്, അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, സിവില്‍ എഞ്ചിനിയര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കെന്ന് പറഞ്ഞ് തസ്തികയുടെ നിലവാരം അനുസരിച്ച് രണ്ട് ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷത്തോളം രൂപ വരെ വാങ്ങി ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ ഇത്രയധികം ആള്‍ക്കാരെ കബളിപ്പിച്ചത്.
2012 കാലഘട്ടത്തില്‍ റെയില്‍വേയുടെ പാന്‍ട്രി വിഭാഗത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ആറ് മാസം ജോലി ചെയ്തിട്ടുള്ള ഇയാള്‍ക്ക് റയില്‍വേ റിക്രൂട്ട്‌മെന്റിനെ കുറിച്ചുള്ള അന്ന് കിട്ടിയ അറിവും, ഇന്റര്‍നെറ്റില്‍ കൂടി ഇതിനെ കുറിച്ച് കൂടുതല്‍ പഠിച്ചുമാണ് ഇത്തരത്തിലുള്ള തട്ടിപ്പ് തുടങ്ങിയത്. കബളിപ്പിക്കപ്പെട്ട നിരവധി പേര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂം എ സി വി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക ഷാഡോ പൊലീസ് അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
വിവിധ സംസ്ഥാനങ്ങളിലെ മുന്തിയ ഹോട്ടലുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയില്‍ റെയില്‍വേയുടെ പേരില്‍ അച്ചടിച്ച നിരവധി വ്യാജരേഖകളും, റെയില്‍വേ മുദ്രയുള്ള വ്യാജ സീലുകളും, നോട്ട് എണ്ണുന്ന രണ്ട് യന്ത്രവുമടക്കം നിരവധി സാധനങ്ങള്‍ കണ്ടെടുത്തു. വ്യാജരേഖകള്‍ പരിശോധിച്ചതില്‍ റയില്‍വേയുടെ വ്യാജ രേഖകള്‍ക്ക് പുറമെ കര്‍ണ്ണാടാക സര്‍ക്കാരിന്റെ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുകളും ,ഗുജറാത്ത്, മദ്ധ്യപ്രദേശ്, എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ വ്യാജ രേഖകളും കണ്ടെടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലും സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോന്നറിയാന്‍ അന്വേഷണം വ്യാപിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡിസിപി ആര്‍ ആദിത്യ, കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ വി സുരേഷ് കുമാര്‍, കഴക്കൂട്ടം എസ്എച്ച്ഒ എസ് വൈ സുരേഷ് കുമാര്‍, എസ് ഐമാരായ സുധീഷ്, ഷാജി, ഷാഡോ,എഎസ് ഐ മാരായ അരുണ്‍കുമാര്‍, യശോധരന്‍, ഷാഡോ ടീമംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.

Related News