റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; മൂന്ന് പേരെ അറസ്റ്റ് ചെയ്തു, പരാതിക്കാരന് വധഭീഷണി

Web Desk
Posted on May 16, 2019, 10:29 pm

പുനലൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ് നടത്തിവന്നിരുന്ന സംഗം പിടിയില്‍. സംഘത്തിലുള്ള മൂന്നുപേരെയാണ് പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിവന്നിരുന്ന സംഘത്തിന് അന്തര്‍ സംസ്ഥാന ബന്ധമുള്ളതായി സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
കേസില്‍ 11 പ്രതികളാണുള്ളത്. മൂന്നര കോടി രൂപയുടെ തട്ടിപ്പിന്റെ പരാതി ഇതിനകം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടാവുമെന്നാണ് പ്രാഥമിക നിഗമനം. കരവാളൂര്‍ കടയില്‍ ഹാര്‍ഡ് വെയര്‍ ഉടമ മുരളീധരന്‍ പിള്ളയാണ് ആദ്യം പരാതി നല്‍കിയത്. ഇദ്ദേഹത്തിന്റെ മകന് റെയില്‍വേയില്‍ ജോലി നല്‍കാം എന്ന് പറഞ്ഞ് 14.5 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

പനയം സ്വദേശി പ്രശാന്ത് 18 പേരില്‍ നിന്നായി ഒരു കോടി 68 ലക്ഷം രൂപ സംഭരിച്ച് ജോലിക്കായി ഇവരെ ഏല്‍പ്പിച്ചു. ഇങ്ങനെ നിരവധി തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്ന് പോലീസ് കരുതുന്നു. പരാതി നല്‍കിയ മുരളീധരന് നെറ്റ് ഫോണില്‍ നിന്നും വധഭീഷണി ലഭിച്ചു.ഇന്നലെ കസ്റ്റഡിയില്‍ എടുത്ത മൂന്ന് സ്ത്രീകളില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചിറയന്‍കീഴ് തട്ടത്തുമല പാപ്പാല പുത്തന്‍വീട്ടില്‍ വി.ജി. വിദ്യ 26, തിരുവനന്തപുരം കല്ലിയൂര്‍ പെരിങ്ങമല ആര്‍ പി എല്‍ എസ് സ്‌കൂളിന് എതിര്‍വശം താമസിക്കുന്ന രാഹുല്‍ (30), പെരിങ്ങമല ശിശുമന്ദിരം റോഡില്‍ കുളത്തുങ്കര വീട്ടില്‍ രോഹിത് (31) എന്നിവരാണ് അറസ്റ്റിലായത്.

ഇനി 8 പേരെ പിടികിട്ടാനുണ്ട്. ഇതില്‍ കരവാളൂര്‍ കുരിയിലും മുകളില്‍ താമസിക്കുന്ന രതീഷ്, ഇയാളുടെ ഭാര്യയുടെ ജേഷ്ഠത്തിയുടെ ഭര്‍ത്താവ് മുരളീധരന്‍, ഗീതാ രാജ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. പോലീസ് ഇവര്‍ക്കായി വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

YOU MAY LIKE THIS VIDEO