കോട്ടയം; റെയിൽവേ ലൈനിലെ അറ്റകുറ്റപ്പണിക്കിടെ രണ്ടു ജീവനക്കാർക്ക് ഷോക്കേറ്റു

Web Desk
Posted on October 30, 2019, 5:35 pm
കോട്ടയം: റെയിൽവേ ലൈനിലെ അറ്റകുറ്റപ്പണിക്കിടെ രണ്ടു ജീവനക്കാർക്ക് ഷോക്കേറ്റു. കോട്ടയം പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ മഹേഷ് കുമാർ, സബീറാ ബീഗം എന്നിവർക്കാണ് ഷോക്കേറ്റത്. ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപം ഇരുമ്ബയം കല്ലിങ്കലിൽ അറ്റകുറ്റ പണി നടത്തുന്നതിനിടെയാണ് രണ്ടു ജീവനക്കാർക്ക് പരിക്കേറ്റത്. അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് ഒരു ലൈനിലെ വൈദ്യുതി വിച്ഛേദിക്കാത്തതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ മഹേഷ് കുമാറിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സബീറയുടെ കൈയിനാണ് പൊള്ളൽ.

ഇരുവരേയും ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.