Saturday
24 Aug 2019

റയില്‍വേ സ്വകാര്യവല്‍ക്കരണം യാത്രാസ്വാതന്ത്ര്യത്തിന് എതിരായ വെല്ലുവിളി

By: Web Desk | Monday 15 July 2019 10:34 PM IST


ഇന്ത്യന്‍ റയില്‍വേ സ്വകാര്യവല്‍ക്കരിക്കില്ലെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം പാഴ്‌വാക്കാവുന്നു. 2017ല്‍ അന്നത്തെ റയില്‍വേ മന്ത്രി സുരേഷ് പ്രഭു യാതൊരു കാരണവശാലും സ്വകാര്യവല്‍ക്കരണം നടത്തില്ലെന്ന് പറഞ്ഞിരുന്നു. സാധാരണക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന പൊതുയാത്രാ സംവിധാനം എന്ന റയില്‍വേയുടെ പ്രാധാന്യത്തിന് അദ്ദേഹം അടിവരയിട്ടിരുന്നു. സുരേഷ് പ്രഭുവിനെ തുടര്‍ന്ന് റയില്‍വേയുടെ ചുമതല ഏറ്റ ഇപ്പോഴത്തെ മന്ത്രി പിയൂഷ് ഗോയലും അതേ നിലപാട് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഗോയലും സഹമന്ത്രി സുരേഷ് സി അംഗടിയും ഉന്നത റയില്‍വേ ഉദ്യോഗസ്ഥരും ട്രെയിന്‍, കോച്ച് നിര്‍മാതാക്കളും പങ്കെടുത്ത യോഗം കൈക്കൊണ്ട തീരുമാനം മുന്‍വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമാണ്. ട്രെയിന്‍ സെറ്റുകള്‍, ഇലക്ട്രിക് മര്‍ട്ടിപ്പിള്‍ യൂണിറ്റുകള്‍, മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റുകള്‍ എന്നിവ സ്വകാര്യ നിര്‍മാതാക്കളില്‍ നിന്നും വാങ്ങുന്നതിന് തീരുമാനിച്ചു. റയില്‍വേ കോച്ചുകള്‍ നിര്‍മിച്ചു നല്‍കുന്ന മൂന്ന് പൊതുമേഖല ഫാക്ടറികളുടെ നിലനില്‍പുതന്നെ ചോദ്യം ചെയ്യുന്ന തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി, റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറി, കപുര്‍ത്തലയിലെ റയില്‍ കോച്ച് ഫാക്ടറി എന്നിവയുടെ അടച്ചുപൂട്ടലിലേക്കായിരിക്കും ഇത് നയിക്കുക. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി അത്തരത്തിലുള്ള ലോകത്തെ ഏറ്റവും വലിയ ഫാക്ടറിയാണ്. ആയിരക്കണക്കിന് തൊഴിലാളികളുടെയും ജീവനക്കാരുടെയും തൊഴില്‍ സുരക്ഷിതത്വമാണ് ഈ തീരുമാനത്തോടെ അപകടത്തിലായിരിക്കുന്നത്. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ അര്‍ദ്ധ അതിവേഗ ട്രെയിന്‍, ട്രെയിന്‍-18 അഥവ വന്ദേ ഭാരത് എക്പ്രസിന്റെ നിര്‍മാണം ഇതിനകം നിര്‍ത്തിവച്ചു കഴിഞ്ഞു. രാജ്യാന്തര നിലവാരത്തില്‍ ഇന്ത്യ വികസിപ്പിച്ചെടുത്ത തേജസ് ട്രെയിന്‍ സ്വകാര്യ നടത്തിപ്പുകാര്‍ക്ക് നല്‍കാനുള്ള തീരുമാനത്തിനു പിന്നാലെയാണ് പുതിയ നീക്കം.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 2000 റയില്‍വേ റേക്കുകളും വന്ദേ ഭാരത് എക്‌സ്പ്രസ് മാതൃകയില്‍ 320 ട്രെയിനുകളും കൊല്‍ക്കത്ത മെട്രോയ്ക്കുവേണ്ടി 124 റേക്കുകളും പുറത്തിറക്കാനാണ് റയില്‍വേ പദ്ധതിയിട്ടിരിക്കുന്നത്. ഭീമമായ ഈ ഓര്‍ഡര്‍ സ്വകാര്യ സംരംഭകര്‍ക്ക് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. രാജ്യത്തെ 23 റയില്‍വേ സ്റ്റേഷനുകളുടെ ആധുനീകരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. സ്വകാര്യ മുതലാളിമാര്‍ അതില്‍ ഏറെയൊന്നും താല്‍പര്യം പ്രകടിപ്പിക്കുക ഉണ്ടായില്ല. ആധൂനീകരിച്ച സ്റ്റേഷനുകള്‍ 15 വര്‍ഷം നടത്തുന്നതിന് നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അതിനുപകരം റയില്‍വേയുടെ അധീനതയിലുള്ള ഭൂമിയില്‍ മാളുകള്‍, സിനിമാ ഹാളുകള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവ സ്ഥാപിച്ച് നടത്താന്‍ 45 വര്‍ഷത്തെ പാട്ടത്തിന് നല്‍കുമെന്നായിരുന്നു വാഗ്ദാനം. സ്വകാര്യ സംരംഭകരാരും തന്നെ അതനുസരിച്ച് റയില്‍വേ സ്റ്റേഷന്‍ നവീകരണ പദ്ധതിയില്‍ പങ്കാളികളാവാന്‍ മുന്നോട്ടുവരികയുണ്ടായില്ല. പദ്ധതി കൂടുതല്‍ ഉദാരമാക്കി ഭൂമിയുടെ പാട്ടക്കാലാവധി 60 വര്‍ഷത്തേക്ക് നീട്ടിനല്‍കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഭോപാലിലെ ഹബീബ്ഗഞ്ച് സ്റ്റേഷന്‍ 400 കോടി രൂപയ്ക്ക് ആധുനീകരിക്കാന്‍ പ്രമുഖ നിര്‍മാണ കമ്പനിയായ ബന്‍സല്‍ ഗ്രൂപ്പ് മുന്നോട്ടുവന്നിട്ടുണ്ട്. കേരളത്തിലെ കോഴിക്കോട് റയില്‍വേ സ്റ്റേഷനും സ്വകാര്യവല്‍ക്കരിക്കുന്ന ആദ്യ പട്ടികയില്‍ ഉള്‍പ്പെടുന്നു. നൂറുകണക്കിന് റയില്‍വേ സ്റ്റേഷനുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടന്നുവരുന്നത്. സ്വകാര്യവല്‍ക്കരണം വളരെ ആകര്‍ഷകമെന്ന് തോന്നാമെങ്കിലും സാധാരണക്കാരായ യാത്രക്കാര്‍ അതിന് വലിയ വില നല്‍കേണ്ടിവരും. രാജ്യത്തെ പൊതുമേഖലാ ട്രെയിന്‍, കോച്ച് നിര്‍മാതാക്കളെ നോക്കുകുത്തിയാക്കി വിദേശ കോര്‍പറേറ്റുകള്‍ ഈ രംഗത്തേക്ക് കടന്നുവരികയാണ്. മലേഷ്യ, ജപ്പാന്‍, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ചില കമ്പനികള്‍ക്ക് ഈ രംഗത്ത് വിദേശ നിക്ഷേപം നടത്താന്‍ ഇതിനകം അനുമതി നല്‍കിക്കഴിഞ്ഞു.
സാധാരണക്കാരായ യാത്രക്കാരെയും ചരക്കുകളും വഹിക്കുന്ന 12,017 ട്രെയിനുകള്‍ രാജ്യത്തിന്റെ വിദൂര കോണുകളെ പരസ്പരം ബന്ധിപ്പിക്കുന്നു. പ്രതിദിനം രണ്ടര കോടിയോളം ജനങ്ങളാണ് യാത്രയ്ക്കുവേണ്ടി ഇന്ത്യന്‍ റയില്‍വേയെ ആശ്രയിക്കുന്നത്. മുപ്പതുലക്ഷം ടണ്‍ ചരക്കുകള്‍ ദിനംപ്രതി റയില്‍വേ കൈകാര്യം ചെയ്യുന്നു. വന്‍തോതില്‍ നിക്ഷേപം ആവശ്യമുള്ള റയില്‍പാതയുടേയും മറ്റ് റയില്‍ ഉപരിഘടനയുടെയും ഭാരിച്ച ചെലവ് നിറവേറ്റുന്നത് ജനങ്ങളുടെ നികുതി പണം കൊണ്ടാണ്. സ്വകാര്യ മൂലധനത്തിനാകട്ടെ അത് കേവലം ലാഭം കൊയ്യാനുള്ള ഉപാധി മാത്രമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റയില്‍വേയില്‍ ആവശ്യമായ നിയമനം നടക്കുന്നില്ല. ആവശ്യത്തിന് തൊഴിലാളികളും ജീവനക്കാരുമില്ലാത്തത് റയില്‍വേയുടെ കാര്യക്ഷമത, ശുചിത്വം തുടങ്ങി എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്നു. റയില്‍വേ പൊതുമേഖലയില്‍ തുടരുന്നതാണ് കാര്യക്ഷമതാ രാഹിത്യത്തിന്റെ മുഖ്യകാരണമെന്ന് വരുത്തിത്തീര്‍ത്ത് സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യത്തിനു നേരെയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. അതിനെതിരെ തൊഴിലാളികളും ജീവനക്കാരും പൊതുജനങ്ങളും ശക്തമായ പ്രതിരോധം ഉയര്‍ത്താന്‍ സമയമായിരിക്കുന്നു.