26 March 2024, Tuesday

Related news

March 26, 2024
March 25, 2024
March 25, 2024
March 24, 2024
March 24, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 23, 2024

ബിജെപിക്കും റയില്‍നിയമന ബോര്‍ഡ്; നാലായിരത്തോളം പേരെ കബളിപ്പിച്ച് ഉദ്യോഗത്തട്ടിപ്പ്

Janayugom Webdesk
July 2, 2022 9:51 pm

ഇന്ത്യന്‍ റയില്‍വേയില്‍ പതിനായിരക്കണക്കിന് ഉദ്യോഗങ്ങള്‍ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ബിജെപി നേതൃത്വത്തിലുള്ള കറക്കുകമ്പനി വലയില്‍. വ്യാജ റയില്‍വേ നിയമനത്തിനായി തട്ടിക്കൂട്ടിയ ബിജെപി സംഘം നാലായിരത്തോളം പേരെ വലയില്‍ വീഴ്ത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
കോഴിക്കോട് നിന്നുമാത്രം കബളിപ്പിക്കപ്പെട്ട എഴുന്നൂറോളം പേര്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വീതമാണ് ഇരകളില്‍ നിന്നും ‘ബിജെപി റയില്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ്’ തട്ടിയെടുത്തത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഈ തട്ടിപ്പുസംഘത്തിന്റെ പ്രവര്‍ത്തനം കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും വ്യാപിച്ചു കിടക്കുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇന്ത്യന്‍ റയില്‍വേയുടെ വലിയ സ്ഥാപനങ്ങളുള്ള തൃശിനാപ്പള്ളി, സേലം എന്നിവിടങ്ങളില്‍ നിന്നുള്ള മറുനാടന്‍ മലയാളികളും തട്ടിപ്പിനിരയായവരില്‍പ്പെടുന്നു. കോഴിക്കോട് മുക്കം പൊലീസ് അഞ്ഞൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി എ ശ്രീനിവാസ് അറിയിച്ചു. 

ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി കെ കൃഷ്ണദാസിന്റെ പേരും ചിത്രവും ഉപയോഗിച്ചായിരുന്നു ഉദ്യോഗത്തട്ടിപ്പ്. അദ്ദേഹത്തെ റയില്‍വേ ബോര്‍ഡംഗമായി ചിത്രീകരിച്ച് അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചായിരുന്നു പ്രതികളുടെ കബളിപ്പിക്കല്‍. സംഭവം പുറത്തായതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ ചില പ്രാദേശിക നേതാക്കളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. റയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഇ മെയില്‍ വിലാസവും ലെറ്റര്‍ഹെഡ്ഡും വ്യാജമായി നിര്‍മ്മിച്ച് വിവിധ പേരുകളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചായിരുന്നു ഉദ്യോഗാര്‍ത്ഥികളെ ചതിക്കുഴികളില്‍ വീഴ്ത്തിയത്. റയില്‍വേ ബോര്‍ഡിന് ഒരു ചെയര്‍മാനേയുള്ളു. എന്നാല്‍ ദക്ഷിണറയില്‍വേ ചെയര്‍മാന്‍ എന്ന തസ്തികതന്നെ തട്ടിപ്പുകാര്‍ സൃഷ്ടിച്ചാണ് വ്യാജരേഖ ചമച്ചതെന്നും കണ്ടെത്തി. ഈ വ്യാജതസ്തികയില്‍ വ്യാജ ഒപ്പിട്ടാണ് നിയമനരേഖകള്‍ നല്കിയത്. റയില്‍വേയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുന്നതിനിടെയായിരുന്നു ഈ വ്യാജ ഉദ്യോഗദാനപ്പെരുമഴ.

സമൂഹമാധ്യമങ്ങളിലൂടെ റയില്‍വേയില്‍ വര്‍ക്ക് ഫ്രം ഹോം പദ്ധതിയനുസരിച്ച് ആദ്യം ഏതാനുംപേരെ നിയമിക്കുകയും അവര്‍ക്ക് ഏതാനും മാസങ്ങള്‍ ആകര്‍ഷകമായ വേതനം നല്കുകയും ചെയ്ത് തട്ടിപ്പുകാര്‍ വിശ്വാസ്യത കെെവരിച്ചതോടെയായിരുന്നു തുടക്കം. ഇതു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ ഉദ്യോഗാര്‍ത്ഥികളുടെ മലവെള്ളപ്പാച്ചിലായി. ഇവര്‍ക്കെല്ലാം റയില്‍വേയില്‍ സ്ഥിരനിയമനം നല്കാമെന്നു പ്രലോഭിപ്പിച്ചാണ് അഞ്ച് ലക്ഷം രൂപ വീതം തട്ടിയത്. നിയമനനടപടികള്‍ ഇന്ത്യയൊട്ടാകെ ഏകോപിപ്പിച്ചു നടത്താനുള്ള ചെലവിനെന്നു പറഞ്ഞായിരുന്നു അഞ്ച് ലക്ഷം രൂപ വീതം കൊയ്തെടുത്തത്. ‘ശമ്പളം പറ്റുന്ന ജീവനക്കാര്‍’ എന്ന ഒരു വ്യാജ വെബ്സെെറ്റും തട്ടിപ്പുകാര്‍ തട്ടിക്കൂട്ടിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ വ്യാജ റിക്രൂട്ട്മെന്റ് കമ്പനിയുടെ സൂത്രധാരന്മാര്‍ ഇപ്പോഴും ഒളിവിലാണ്. ഇതിനകം പിടിയിലായ മുക്കത്തുനിന്നുള്ള രണ്ടുപേര്‍ തങ്ങള്‍ ഇവരുടെ ഏജന്റുമാര്‍ മാത്രമാണെന്നും മൊഴി നല്കിയതായി അറിയുന്നു. അന്വേഷണം മറ്റു ജില്ലകളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

Eng­lish Summary:Railway Recruit­ment Board for BJP too; Employ­ment scam by deceiv­ing around 4000 people
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.