25 April 2024, Thursday

Related news

April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 23, 2024
April 22, 2024
April 21, 2024
April 20, 2024
April 20, 2024
April 19, 2024

റയില്‍വേ നിയമന ഭൂപടം: കേരളം പുറത്ത്

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
October 30, 2021 10:35 pm

കേരളത്തിനെ ദ്രോഹിക്കുന്ന റയില്‍വേയുടെ അവഗണന പിന്നെയും തുടര്‍ക്കഥയാവുന്നു. ദക്ഷിണ റയില്‍വേയുടെ തിരുവനന്തപുരത്തെ റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓഫീസ് ചെന്നൈയിലേക്ക് പറിച്ചു നടാനുള്ള നടപടികളാരംഭിച്ചതോടെ റയില്‍വേ നിയമന ഭൂപടത്തില്‍ നിന്ന് കേരളം പുറത്തായി. ദക്ഷിണ റയില്‍വേയിലെ മുഴുവന്‍ നിയമന നടപടികളും ഇനി ചെന്നൈയിലെ റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴിയാകും നടപ്പിലാക്കുക. തിരുവനന്തപുരം, പാലക്കാട്, മധുര റയില്‍വേ ഡിവിഷനുകളുടെ പരിധിയില്‍ വരുന്ന നിയമനങ്ങളാണ് തിരുവനന്തപുരത്തെ റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിയിരുന്നത്. ബോര്‍ഡ് നിര്‍ത്തലാക്കുന്നതോടെ കേരളത്തിനു പ്രതിവര്‍ഷം ലഭിച്ചിരുന്ന ശരാശരി 500 നിയമനങ്ങളാണ് നഷ്ടമാവുക. 800 നിയമനങ്ങള്‍ നടന്ന വര്‍ഷങ്ങളുമുണ്ടായിരുന്നു. സ്റ്റേഷന്‍ മാസ്റ്റര്‍, ഗുഡ്സ്‌യാര്‍ഡ് ഗാര്‍ഡ്, ടിക്കറ്റ് ക്ലര്‍ക്ക്, ജൂനിയര്‍ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, കൊമേഴ്സ്യല്‍ അസിസ്റ്റന്റ്, സീനിയര്‍ ക്ലര്‍ക്ക്, ജൂനിയര്‍-സീനിയര്‍ ടൈം കീപ്പര്‍ ട്രാഫിക് അസിസ്റ്റന്റ്, ട്രെയിന്‍ ക്ലര്‍ക്ക് തുടങ്ങി ബി, സി ഗ്രൂപ്പ് വിഭാഗത്തിലെ ഇരുപതോളം തസ്തികകളിലാണ് തിരുവനന്തപുരത്തെ റിക്രൂട്ട്മെന്റ് ബോര്‍ഡു വഴി നിയമനം നടത്തിയിരുന്നത്.

ഇനി ഈ തസ്തികകളിലേക്കുള്ള നിയമനം നാഷണല്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ കീഴിലുള്ള ചെന്നൈ റിക്രൂട്ടിങ് ബോര്‍ഡാണ് നടത്തുക. രണ്ടു വര്‍ഷം മുമ്പുള്ള വിജ്ഞാപന നടപടികള്‍ തിരുവനന്തപുരത്തെ റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിക്കൊണ്ടിരിക്കെയാണ് റിക്രൂട്ട്മെന്റ് ബോര്‍ഡിനെത്തന്നെ ചെന്നൈയിലേക്ക് പറിച്ചു നടുന്നത്. റയില്‍വേ ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം വെട്ടിച്ചുരുക്കാനുള്ള റയില്‍വേ ബോര്‍ഡിന്റെ ആസൂത്രിത നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് റിക്രൂട്ട്മെന്റ് ബോര്‍ഡ് അപഹരണം. 

കേരളത്തിനു മാത്രമായി ഒരു റയില്‍വേ മേഖല ഉണ്ടാക്കുമെന്ന കേന്ദ്രത്തിന്റെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രഖ്യാപനത്തിനു പിന്നാലെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളെ വെട്ടിമുറിച്ച് മധുര, സേലം ഡിവിഷനുകളുടെ ഭാഗമാക്കിയിരുന്നു. പുതിയ മേഖലയ്ക്കു പകരം സംസ്ഥാനത്തെ ഡിവിഷനുകളുടെ പരിധി ഗണ്യമായി വെട്ടിക്കുറച്ചായിരുന്നു അവഗണന. ഇപ്പോള്‍ തലസ്ഥാനത്തെ മേഖലാ നിയമന ബോര്‍ഡും റയില്‍വേയിലെ എന്നും ശക്തമായ തമിഴ് ലോബി തട്ടിയെടുത്തിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരേ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്.

ENGLISH SUMMARY:Railway recruit­ment map: Ker­ala is not in it
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.