9,000 കുതിരശക്തിയുള്ള (എച്ച്പി) ലോക്കോമോട്ടീവ് എന്‍ജിന്‍ കരാര്‍ ജര്‍മ്മന്‍ കമ്പനിയായ സീമെന്‍സിന് നല്‍കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം വിവാദമാകുന്നു. സീമെന്‍സ് വൈസ് പ്രസിഡന്റായിരുന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് കരാറിന് ചരടുവലിച്ചതെന്നാണ് പുറത്തുവരുന്നത്. പശ്ചിമബംഗാളിലെ ചിത്തരഞ്ജന്‍ ലോക്കോമോട്ടീവില്‍ തദ്ദേശീയമായി 9,000 കുതിരശക്തിയുള്ള ലോക്കോമോട്ടീവ് നിര്‍മ്മിക്കുന്നുണ്ട്. ഇതിനിടെയാണ് അശ്വനി വൈഷ്ണവിന്റെ താല്പര്യപ്രകാരം ജര്‍മ്മന്‍ കമ്പനിക്ക് കരാര്‍ നല്‍കിയത്. കഴിഞ്ഞമാസം 26ന് ഗുജറാത്തിലെ ദാഹോദ് റെയില്‍ ഫാക്ടറിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സാക്ഷിയാക്കിയാണ് 9,000 കുതിരശക്തിയുള്ള ലോക്കോമോട്ടീവ് എന്‍ജിന്‍ പ്രകാശനം ചെയ്തത്. എന്നാല്‍ ഇതേ എന്‍ജിന്‍ ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് വര്‍ക്സില്‍ 1990 മുതല്‍ നിര്‍മ്മിക്കുന്നുണ്ട്. 2022 ഡിസംബറിലാണ് ദാഹോദ് റെയില്‍ ഫാക്ടറിയില്‍ എന്‍ജിന്‍ നിര്‍മ്മിക്കാന്‍ സീമെന്‍സിന് കരാര്‍ നല്‍കുന്നത്. നാസിക്, ഔറംഗാബാദ്, മുംബൈ എന്നിവിടങ്ങളിലെ സീമെന്‍സ് പ്ലാന്റില്‍ നിര്‍മ്മിക്കുന്ന എന്‍ജിനുകളുടെ അന്തിമ അസംബ്ലി, പരിശോധന, കമ്മിഷന്‍ ചെയ്യല്‍ എന്നിവ ദാഹോദിലാണ് നടന്നത്. ലെറ്റര്‍ ഓഫ് അവാര്‍ഡ് (എല്‍ഒഎ) പ്രകാരം 9,000 കുതിരശക്തിയുള്ള ഇലക്ട്രിക് ലോക്കോമോട്ടീവ് എന്‍ജിനുകളുടെ 1,200 യൂണിറ്റ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുടെ സാങ്കേതിക പങ്കാളിയായാണ് സീമെന്‍സിന് തെരഞ്ഞെടുത്തത്. പതിനൊന്ന് വര്‍ഷത്തേക്കായിരുന്നു കരാര്‍. 35 വര്‍ഷം എന്‍ജിനുകളുടെ അറ്റകുറ്റപ്പണി സീമെന്‍സ് വഹിക്കുമെന്നും കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു.
26,000 കോടി രൂപയുടെ കരാറാണ് ജര്‍മ്മന്‍ കമ്പനിയുമായി ഒപ്പുവച്ചത്. സീമെൻസ് നിർമ്മിക്കുന്ന 9,000 കുതിരശക്തിയുള്ള ലോക്കോമോട്ടീവുകൾക്ക് മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ 4,600 ടൺ ചരക്ക് കൊണ്ടുപോകാൻ ശേഷിയുണ്ടാകുമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍ മണിക്കൂറിൽ 120 കിലോമീറ്റർ പരമാവധി വേഗതയും 5,800 ടൺ ചരക്ക് കൊണ്ടുപോകാനുള്ള ശേഷിയും ഉണ്ടെന്നാണ് സീമെൻസിന്റെ വാദം. ഇതിലും വെെരുധ്യം നിലനില്‍ക്കുകയാണ്. ഇതിനിടെയാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ അശ്വനി വൈഷ്ണവാണ് കരാറിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. 2012ല്‍ വൈഷ്ണവ് സീമെന്‍സ് ലോക്കോമോട്ടീവ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. സീമെന്‍സ് വിട്ട ശേഷം വൈഷ്ണവ് ഗുജറാത്തില്‍ രണ്ട് ഓട്ടോമൊബൈല്‍ കമ്പനികള്‍ ആരംഭിച്ചു. ത്രീ ടീ ആട്ടോ ലോജിസ്റ്റിക്സും, ലീ ജീ ആട്ടോ കംപോണന്റസും. രണ്ടിന്റെയും മാനേജിങ് ഡയറക്ടര്‍ പദവി മേയ് 2017ലാണ് വൈഷ്ണവ് രാജിവച്ചത്. വൈഷ്ണവിന്റെ ഭാര്യ സുനിത വൈഷ്ണവാണ് ഇപ്പോള്‍ പദവി വഹിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.