29 March 2024, Friday

ചരിത്രത്താളുകളിലേക്ക് റെയിൽവേ സ്റ്റേഷനുകളും

പ്രദീപ് ചന്ദ്രൻ
കൊല്ലം
March 22, 2023 9:12 am

ഓരോ നാടിന്റെയും ചരിത്രം അതാത് റെയിൽവേ സ്റ്റേഷനുകളുടെ പശ്ചാത്തലത്തിൽ ആഴത്തിൽ പഠിക്കാനുള്ള നൂതന പദ്ധതിക്ക് റെയിൽവേ മന്ത്രാലയം രൂപം നൽകി. രാജ്യത്തെ 7000 റെയിൽവേ സ്റ്റേഷനുകൾ ഓരോ പ്രദേശത്തിന്റെയും വികസനത്തിന് വഹിച്ച പങ്കും അത് സംബന്ധിച്ച രേഖകളും സമാഹരിച്ച് ബൃഹത്തായ പഠനത്തിനാണ് റെയിൽവേ തയ്യാറെടുക്കുന്നത്.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തെ 1275 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആശയം ഉടലെടുത്തത്. സ്റ്റേഷനുകൾ സ്ഥാപിച്ച കാലം മുതൽ ബന്ധപ്പെട്ട നഗരത്തിന്റെയും ഗ്രാമങ്ങളുടെയും പടിപടിയായുള്ള വികസനം അനാവരണം ചെയ്യുകയും ചരിത്രത്തിന്റെ ദശാസന്ധികളിൽ ഓരോ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട സംഭവങ്ങൾ അപഗ്രഥിക്കുകയും ലഭ്യമായ ലിഖിതങ്ങളും രേഖകളും കണ്ടെടുക്കുകയും ചെയ്ത് ഡാറ്റാബേസ് സജ്ജീകരിക്കുക എന്ന ദൗത്യത്തിനാണ് റെയിൽവേ ഒരുങ്ങുന്നത്. ഓരോ നഗരത്തിന്റെയും ചരിത്രം അതാത് റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ ഇത് സംബന്ധിച്ചുള്ള എല്ലാ രേഖകളും ശേഖരിക്കാൻ റെയിൽവേ മന്ത്രാലയം 17 സോണൽ ആസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

സ്റ്റേഷനുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിശദാംശങ്ങൾ, അതിനു പിന്നിലെ കാരണങ്ങൾ എന്നിവയെല്ലാം പഠന വിധേയമാക്കും. പഴയ സ്റ്റേഷൻ മന്ദിരത്തിലെ ഫലകങ്ങൾ, ചരിത്ര പ്രാധാന്യമുള്ള വസ്തുക്കൾ എന്നിവ വീണ്ടെടുത്ത് കൈമാറാനും നിർദേശിച്ചിട്ടുണ്ട്. ഇതിനായി ഓരോ സോണൽ ആസ്ഥാനത്തും കമ്മിറ്റികൾക്ക് രൂപം നൽകി. ലഭ്യമാകുന്ന വിവരങ്ങൾ സോണൽ ആസ്ഥാനത്ത് അപഗ്രഥിച്ച് തിട്ടപ്പെടുത്തിയ ശേഷമായിരിക്കും റെയിൽവേ ബോർഡിന് കൈമാറുക. ഇതിനായി പൊതുജനങ്ങളുടെ സഹകരണം തേടാനും റെയിൽവേ ഡിവിഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട ചില സ്റ്റേഷനുകളുടെ ചരിത്ര പ്രാധാന്യമടങ്ങുന്ന വസ്തുതകൾ മാത്രമാണ് നിലവിൽ റെയിൽവേ മന്ത്രാലയത്തിന്റെ കൈവശമുള്ളത്.

മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ് (മുമ്പ് വിക്ടോറിയ ടെർമിനസ്), കൊൽക്കത്തയിലെ ഹൗറ സ്റ്റേഷൻ, തീവണ്ടി സർവീസ് ആരംഭിച്ച താനെ സ്റ്റേഷൻ, ഈസ്റ്റ് ഇന്ത്യ റെയിൽവേ കമ്പനി 1867 ൽ ആരംഭിച്ച ലഖ്‌നൗവിലെ ചാർബാഗ് എന്നിവ ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന റെയിൽവേ സ്റ്റേഷനുകളാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ മഹാത്‌മാഗാന്ധിയുടെ യാത്രകൾ ഭൂരിഭാഗവും തീവണ്ടിയുമായി ബന്ധപ്പെട്ടാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആർക്കൈവ്സുകളിൽ പോലും ലഭ്യമല്ല. കൂടാതെ രാജ്യത്തെ ചെറുതും വലുതുമായ നിരവധി റെയിൽവേ സ്റ്റേഷനുകളുടെ ചരിത്ര പ്രാധാന്യവും റെയിൽവേയുടെ കൈവശമില്ല. ഈ പശ്ചാത്തലത്തിലാണ് ഇവ ചരിത്രത്തിൽ വഹിച്ച പങ്ക് തിട്ടപ്പെടുത്താനുള്ള ശ്രമകരമായ ദൗത്യം റെയിൽവേ മന്ത്രാലയം ഏറ്റെടുത്തിട്ടുള്ളത്.

Eng­lish Sum­ma­ry : His­to­ry of Rail­way Sta­tions in India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.