Web Desk

തിരുവനന്തപുരം

June 17, 2020, 11:39 am

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുമായി ചങ്ങാത്തം; യുവതികളിൽനിന്നും തട്ടിയത് ലക്ഷങ്ങൾ; നാണക്കേടോർത്ത് മിക്കവരും പരാതിപ്പെട്ടിട്ടില്ല: റെയിൽവേ ടിക്കറ്റ് ക്ലാർക്ക് അറസ്റ്റിൽ

Janayugom Online

സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയ റെയിൽവേ ടിക്കറ്റ് ക്ലാർക്ക് അറസ്റ്റിൽ.
കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ സീനിയർ ടിക്കറ്റ് ക്ലാർക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം പി.എസ്.അരുണിനെ ഗാന്ധിനഗർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
ഭർത്താവിന്റെ ശ്രദ്ധ ലഭിക്കുന്നില്ലെന്നു തോന്നലിൽ കഴിഞ്ഞ വീട്ടമ്മയെ ഫെയ്സ്ബുക് ചാറ്റ് വഴി പരിചയപ്പെട്ട അരുൺ പുതിയ ജീവിതം നൽകാമെന്നു വാഗ്ദാനം ചെയ്തു ചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു. ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപെടുത്തി യുവതിയിൽ നിന്നും പല തവണയായി ലക്ഷങ്ങളാണ് യുവാവ് കൈക്കലാക്കിയത്. യുവാവിന്റെ ഭീഷണിയെ തുടർന്ന് സമ്മർദ്ദത്തിലായ യുവതി പലതവണ ആത്മഹത്യക്ക് ശ്രമിച്ചതായും പരാതിയിൽ പറയുന്നു.

ടിക്കറ്റ് റിസർവേഷൻ കൗണ്ടറിൽ എത്തുന്ന പെൺകുട്ടികളുടെ നമ്പർ റിസർവേഷൻ ആപ്ലിക്കേഷൻ ഫോമിൽ നിന്നു മനസ്സിലാക്കിയും അരുൺ തട്ടിപ്പിനു കളമൊരുക്കിയെന്നു പൊലീസ്.

നമ്പർ കൈവശപ്പെടുത്തി റിസർവേഷൻ സംബന്ധിച്ച് കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന അവരെ ബന്ധപ്പെടുകയും തുടർന്ന് ബന്ധം സ്ഥാപിക്കുകയും ചെയ്യാറുണ്ടെന്നു പൊലീസ് കണ്ടെത്തി. ഏകദേശം ഇരുപത്തഞ്ചോളം യുവതികളെ അരുൺ വലയിൽ വീഴ്ത്തിയിട്ടുണ്ടെന്നു ഫോണും ഫെയ്സ്ബുക് അക്കൗണ്ടും പരിശോധിച്ചപ്പോൾ മനസ്സിലായതായും പൊലീസ് പറയുന്നു. മിക്കവരും നാണക്കേടോർത്ത് പരാതിപ്പെട്ടിട്ടില്ല.

Eng­lish sum­ma­ry: Rail­way tick­et clerk arrested

You may also like this video