ഉപഭോക്തൃ ഫീസ് ഈടാക്കാൻ റയിൽവേ: ടിക്കറ്റ് നിരക്ക് വർധിച്ചേക്കും

Web Desk

ന്യൂഡൽഹി:

Posted on September 18, 2020, 9:49 pm

വിമാനയാത്രക്കാർക്കു സമാനമായി ട്രെയിൻ യാത്രക്കാരില്‍ നിന്നും ഉപഭോക്തൃ ഫീസ് ഈടാക്കാൻ റയിൽവേയുടെ തീരുമാനം. ഇത് ടിക്കറ്റ് നിരക്കിൽ നേരിയ വർധനവുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. തിരക്കുള്ള റയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നാണ് ഉപഭോക്തൃ ഫീസ് ഈടാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഈ തുക റയിൽവേ സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായാണ് ഉപയോഗിക്കുക. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കുമെന്ന് റയിൽവേ ബോർഡ് ചെയർമാന്‍ വി കെ യാദവ് അറിയിച്ചു. സ്റ്റേഷനുകളുടെ പുനർവികസനം പൂർത്തിയാക്കുന്ന മുറയ്ക്ക് ഫീസ് ഇനത്തിൽ ലഭ്യമാകുന്ന തുക രാജ്യത്തൊട്ടാകെയുള്ള ട്രെയിൻ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫീസായി ഈടാക്കുന്ന തുക വളരെ ചെറുതായിരിക്കുമെന്നും യാത്രക്കാർക്ക് താങ്ങാനാവുന്നതാകുമെന്നും യാദവ് പറഞ്ഞു. ആകെയുള്ള 7000 റയിൽവേ സ്റ്റേഷനുകളിൽ 10 മുതൽ 15 ശതമാനത്തിൽ നിന്നുമാത്രമേ ഈ ഫീസ് ഈടാക്കുകയുള്ളൂ എന്നാണ് എല്ലായിടത്തു നിന്നും ഈ തുക ഈടാക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി. ഇതുപ്രകാരം 700 മുതൽ 1000 സ്റ്റേഷനുകളിൽ നിന്നും ഇത്തരത്തിലുള്ള ഫീസ് ഈടാക്കാനാണ് സാധ്യത. വികസിത റയിൽവേ സ്റ്റേഷനുകളിൽ നിന്നുമാത്രമേ ഇത്തരത്തിൽ ഉപഭോക്തൃ ഫീസ് ഈടാക്കുകയുള്ളൂ എന്നാണ് നേരത്തെ പത്രസമ്മേളനങ്ങളിൽ റയിൽവേ അധികൃതർ അറിയിച്ചിരുന്നത്.

സ്വകാര്യ ട്രെയിൻ ടിക്കറ്റ് നിരക്ക് നിർണയം കമ്പനികൾക്ക്

ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്ക് നൽകി കഴിഞ്ഞാൽ അതിലെ ടിക്കറ്റ് നിരക്കും അവർക്കു തന്നെ നിശ്ചയിക്കാമെന്ന് കേന്ദ്രം. റയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് ആണ് ഇക്കാര്യം അറിയിച്ചത്. ചാർജ് നിശ്ചയിക്കാൻ സ്വകാര്യ കമ്പനികള്‍ക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. എന്നാൽ ഈ റൂട്ടുകളിൽ ബസ്, വിമാന സർവീസുകളും ഉണ്ടെന്ന കാര്യം കമ്പനികൾക്ക് ഓർമ്മ വേണമെന്നും യാദവ് പറഞ്ഞു.

ENGLISH SUMMARY: rail­way tick­et rate should be increased

YOU MAY ALSO LIKE THIS VIDEO