Friday
06 Dec 2019

റെയില്‍വേയില്‍ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നാല് ലക്ഷം പേര്‍ക്ക് നിയമനം

By: Web Desk | Tuesday 2 July 2019 5:56 PM IST


 

ഇന്ത്യന്‍ റെയില്‍വേയില്‍ വരാനിരിക്കുന്നത് തൊഴിലവസരങ്ങളുടെ പെരുമഴക്കാലം. ഒന്നര ലക്ഷം തസ്തികകളിലേക്ക് ഇപ്പോള്‍ നിയമനം നടക്കുന്നുണ്ട് പുറമെ രണ്ടര ലക്ഷം പേരെക്കൂടി നിയമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റെയില്‍വേ മന്ത്രിയാണ് പറയുന്നത്. രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടി പറയവേ റെയില്‍വേയില്‍ ഇപ്പോള്‍ 1.5 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും അതുടന്‍തന്നെ നികത്തുമെന്നും റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി 2.25 ലക്ഷംമുതല്‍ 2.50 ലക്ഷംവരെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ആലോചനയുള്ളതായി മന്ത്രി അറിയിച്ചു.

2021 ആകുമ്പോള്‍ 4 ലക്ഷം പേരെ നിയമിക്കുകയെന്ന റെയില്‍വേയുടെ തീരുമാനത്തിന് അനുസരിച്ചുള്ള നടപടികളാണ് ഇവ. 10% തൊഴിലുകള്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
1.51 ലക്ഷം തസ്തികകളിലേക്കുള്ള നിയമന പ്രക്രിയ കഴിഞ്ഞവര്‍ഷമാണ് തുടങ്ങിയത്. അതില്‍ 1.31 ലക്ഷം തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. അടുത്ത രണ്ടു വര്‍ഷങ്ങളില്‍ 99,000ത്തോളം തസ്തികകള്‍കൂടി ഒഴിയും. 2019 ല്‍ 53,000 പേരും 2020ല്‍ 46,000 പേരാവും വിരമിക്കുക.

ഇതാദ്യമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലും (ആര്‍ പി എഫ്) ഗവണ്മെന്റ് റെയില്‍വേ പോലീസിലുമായി (ജി ആര്‍പി) നിയമിക്കപ്പെടുന്നവരില്‍ 50% വനിതകളാവും. റെയില്‍വേയില്‍, പ്രത്യേകിച്ചും ക്രമസമാധാന പരിപാലനത്തില്‍, കൂടുതല്‍ വനിതാ പങ്കാളിത്തത്തിനു ഇത് അവസരമൊരുക്കുകയാണ് ലക്ഷ്യം.

ആകെ 50% വനിതാ സംവരണം എര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ആര്‍പിഎഫിലും ജിആര്‍പിയിലും വനിതാ കോണ്‍സ്റ്റബിള്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും. ഇപ്പോള്‍ ആര്‍പിഎഫില്‍ 1,769 വനിതാ കോണ്‍സ്റ്റബിള്‍മാര്‍ മാത്രമാണുള്ളത്. ഇതില്‍ മാറ്റം സംഭവിക്കും. 8,619 കോണ്‍സ്റ്റബിള്‍മാരുടെ ഒഴിവില്‍ 4216 പോസ്റ്റുകള്‍ വനിതകള്‍ക്കായാണ് സംവരണം ചെയ്തിട്ടുള്ളത്.

1129 സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകളില്‍ 301 എണ്ണം വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.

Related News