Web Desk

October 27, 2021, 4:07 am

റയില്‍വേ കൂടുതല്‍ ജനപക്ഷമാകണം

Janayugom Online

കോവിഡ് മഹാമാരി അടുത്തകാലത്തൊന്നും മനുഷ്യരാശിയെ വിട്ടുപോകുന്നില്ലെന്ന അന്തിമ നിഗമനത്തോട് നാം പൊരുത്തപ്പെട്ടുവരികയാണ്. സമൂഹത്തിനാകെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയാലും ഒരു പകര്‍ച്ചവ്യാധിയായി ഇത് നമുക്കൊപ്പമുണ്ടാകുമെന്നും വൈറസിനൊപ്പം ജീവിക്കുവാന്‍ശീലിക്കേണ്ടിവരുമെന്നുമാണ് ലോകത്താകെയുള്ള ആരോഗ്യ വിദഗ്ധര്‍ നല്കുന്ന സൂചനകള്‍. അതുകൊണ്ടുതന്നെ മൂന്നാം തരംഗത്തിന്റെയും പുതിയ ഉപവകഭേദത്തിന്റെയുമൊക്കെ മുന്നറിയിപ്പുകള്‍ നിലവിലുണ്ടെങ്കിലും അധികൃതര്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒന്നൊന്നായി എടുത്തുകളഞ്ഞ് ജനജീവിതം സാധാരണ നിലയിലേയ്ക്ക് കൊണ്ടുപോകുന്ന പ്രക്രിയയിലാണ്. ജനങ്ങള്‍ അത്തരമൊരു പൊരുത്തപ്പെട്ടു പോകലിനെ സ്വീകരിച്ചു കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ നമ്മുടെ റയില്‍വേ മാത്രം അത് അംഗീകരിക്കാത്ത അവസ്ഥയായിരുന്നു. കോവിഡിനെ കുറിച്ചുള്ള അറിവുകള്‍ പരിമിതമായിരുന്ന കാലത്തെന്നതുപോലെ തന്നെ നിയന്ത്രണങ്ങള്‍ പലതും തുടരുകയായിരുന്നു റയില്‍വേ. 2020 മാര്‍ച്ച് 24 ന് പൊടുന്നനെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാജ്യത്ത് തീവണ്ടി സേവനങ്ങളും നിര്‍ത്തിവച്ചത്.

 


ഇതുകൂടി വായിക്കൂ: കൂവാതെ പായുമോ തീവണ്ടികള്‍


 

പിന്നീട് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നു തുടങ്ങിയതോടെ ജൂണ്‍ ഒന്ന് മുതല്‍ വളരെ കുറച്ച് തീവണ്ടികള്‍ ഓട്ടം തുടങ്ങുകയും പിന്നീട് ഘട്ടംഘട്ടമായി തീവണ്ടികളുടെ എണ്ണം കൂട്ടുകയും ചെയ്തു. എന്നാല്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്ന ടിക്കറ്റുകളുമായി മാത്രമേ യാത്ര ചെയ്യുന്നതിന് അനുവദിച്ചുള്ളൂ. നിര്‍ത്തലാക്കിയ സീസണ്‍ ടിക്കറ്റ്, സാധാരണ ടിക്കറ്റ്, വിവിധ വിഭാഗങ്ങള്‍ക്കുള്ള സൗജന്യങ്ങള്‍ എന്നിവ പുനഃസ്ഥാപിക്കുന്നതിന് റയില്‍വേ സന്നദ്ധമായില്ല. വൈറസ് വ്യാപന ഭീതിയും സമൂഹഅകലവും വ്യക്തിശുചിത്വം പാലിക്കല്‍ നിര്‍ബന്ധിതമായതുമെല്ലാം കാരണമാണ് ആ ഘട്ടത്തില്‍ അത്തരം നിയന്ത്രണങ്ങള്‍ പിന്തുടര്‍ന്നത്. ജനങ്ങളും പൂര്‍ണാര്‍ത്ഥത്തില്‍ അത് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ അത്തരം നിയന്ത്രണങ്ങളെ നിലനിര്‍ത്തിക്കൊണ്ട് ജനങ്ങളെ പിഴിയുന്നതിനുള്ള സൗകര്യമായും ഇതിനെ ഉപയോഗിക്കുന്നുവെന്ന് വ്യാഖ്യാനിക്കാവുന്ന വിധത്തിലാണ് കാര്യങ്ങളുടെ ഗതി. രണ്ടാം കോവിഡ് തരംഗത്തിന്റെ ശേഷി കുറഞ്ഞു തുടങ്ങിയതിനാല്‍ എല്ലാ മേഖലകളിലും സാധാരണ സ്ഥിതി പുനഃസ്ഥാപിച്ചുവരികയാണ്. ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്ന വ്യവസ്ഥയില്‍ സ്വകാര്യ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തന സജ്ജമായി. ഏറ്റവും ഒടുവില്‍ കലാലയങ്ങളും പ്രവര്‍ത്തനമാരംഭിച്ചു. സ്കൂളുകള്‍ അടുത്ത മാസത്തോടെ പ്രവര്‍ത്തന ക്ഷമമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ദ്രുതവേഗതയില്‍ നടക്കുകയുമാണ്.

 


ഇതുകൂടി വായിക്കൂ: റയില്‍വേ വികസനം; കേരളത്തോടുള്ള കേന്ദ്ര അവഗണ അവസാനിപ്പിക്കണം: ജി സുധാകരന്‍


 

പല സംസ്ഥാനങ്ങളിലും ഇത് നേരത്തേതന്നെ ആരംഭിച്ചിരുന്നതുമാണ്. ആദ്യഘട്ടത്തില്‍ ദീര്‍ഘദൂര തീവണ്ടികളും പിന്നീട് ഹ്രസ്വ ദൂര തീവണ്ടികളും ആരംഭിച്ചുവെങ്കിലും മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്ന യാത്ര മാത്രമാണ് അനുവദിച്ചത്. നിരന്തരമായുള്ള ആവശ്യത്തെതുടര്‍ന്ന് ചില പാസഞ്ചര്‍ തീവണ്ടികള്‍ ഓടിത്തുടങ്ങി. എന്നാല്‍ അവയിലും പെട്ടെന്ന് ടിക്കറ്റെടുത്തുള്ള യാത്രയ്ക്കായുള്ളത് പരിമിതമായ ബോഗികള്‍ മാത്രമാണ്. ഇപ്പോള്‍ ഓടുന്ന തീവണ്ടികളില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റുകളുടെ എണ്ണം നവംബര്‍ ഒന്നുമുതല്‍ കൂട്ടാനും മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കുവാനും ശക്തമായ പ്രതിഷേധത്തിനൊടുവില്‍ റയില്‍വേ തീരുമാനിച്ചിട്ടുണ്ട്. പാസഞ്ചർ, എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ഉള്‍പ്പെടെ 23 ട്രെയിനുകളിലെ ജനറൽ കോച്ചുകളാണ് പുനഃസ്ഥാപിക്കുക. നവംബർ പത്തിന് രണ്ട് ട്രെയിനുകളിൽ കൂടി ഈ സജ്ജീകരണമൊരുക്കും. എന്നാല്‍ ഇതുകൊണ്ടു മാത്രം പ്രശ്നപരിഹാരമാകുന്നില്ല. നേരത്തേ ഈ തീവണ്ടികളില്‍ ഉണ്ടായിരുന്ന ഒന്നോ രണ്ടോ ജനറല്‍ കമ്പാര്‍ട്ട്മെന്റുകളാണ് പുനഃസ്ഥാപിക്കുവാന്‍ പോകുന്നത്. കോവിഡിന്റെ നിയന്ത്രണങ്ങള്‍ തുടരണമെന്ന നിബന്ധനയുടെ പശ്ചാത്തലത്തില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ കുറച്ചുമാത്രമാകുന്നത് തിരക്കു് കുറയ്ക്കുകയും അകലവും പാലിക്കുകയുമെന്നത് പ്രയാസകരമാകും. വിദ്യാര്‍ത്ഥികള്‍ കൂടി യാത്രയ്ക്കെത്തുന്നതോടെയും മുഴുവന്‍ തീവണ്ടികളും യാത്ര ആരംഭിച്ചിട്ടില്ലാത്തതിനാലും തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടുന്നതിനും അതോടൊപ്പം നിര്‍ത്തിവച്ചിരിക്കുന്ന എല്ലാ പാസഞ്ചര്‍ സര്‍വീസുകളും പുനരാരംഭിക്കുന്നതിനുമുള്ള നടപടികളും റയില്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. മുഴുവന്‍ തീവണ്ടികളും പുനഃസ്ഥാപിക്കാത്തത് നിലവില്‍ ഓടുന്നവയില്‍ തിരക്ക് വര്‍ധിക്കുന്ന സാഹചര്യവും സൃഷ്ടിക്കും. തീവണ്ടികളില്‍ യാത്ര ചെയ്യാനുള്ള പരിമിതി സര്‍ക്കാര്‍ — സ്വകാര്യ ബസ് സര്‍വീസിനെ സമ്മര്‍ദ്ദത്തിലാക്കുകയും അവിടെയും അമിതമായ തിരക്ക് രൂപപ്പെടുത്തുകയും ചെയ്യും. ഇന്ധനവില താങ്ങാനാകാത്ത വിധം ക്രമാതീതമായി ഉയരുന്ന സ്ഥിതിയില്‍ ജനങ്ങള്‍ പൊതുഗതാഗതത്തെ കൂടുതലായി ആശ്രയിക്കുമെന്നതുകൊണ്ട് അതിനനുസൃതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ റയില്‍വേയ്ക്ക് സാധിക്കേണ്ടതുണ്ട്. അതിനുപകരം കോവിഡിന്റെ പേരിലുള്ള കൊള്ള തുടരുന്നത് പ്രതിഷേധാര്‍ഹമാണ്. തിരക്കു നിയന്ത്രിക്കുവാനെന്ന പേരില്‍ പ്ലാറ്റ്ഫോം ടിക്കറ്റിന്റെ നിരക്ക് പത്തില്‍ നിന്ന് അമ്പതുരൂപയായി ഉയര്‍ത്തിയതും പ്രത്യേക തീവണ്ടിയെന്ന പേരില്‍ ഓടി സാധാരണ സൗജന്യങ്ങളും സൗകര്യങ്ങളും നല്കാതിരിക്കുന്നതും അതിന്റെ ഉദാഹരണങ്ങളാണ്. അതുകൊണ്ട് ഈ ദുരിതകാലത്ത് ജനപക്ഷ സമീപനങ്ങള്‍ റയില്‍വേയുടെ ഭാഗത്തുനിന്നു ഉണ്ടാകേണ്ടതുണ്ട്.

You may also like this video;