ബേബി ആലുവ

December 23, 2019, 9:08 pm

വേളാങ്കണ്ണി — രാമേശ്വരം സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്താതെ റയിൽവേ

Janayugom Online

കൊച്ചി: എറണാകുളത്തു നിന്നു വേളാങ്കണ്ണിയിലേക്കും രാമേശ്വരത്തേക്കുമുള്ള പ്രത്യേക തീവണ്ടികൾ സ്ഥിരപ്പെടുത്തണമെന്ന ആവശ്യത്തോടു മുഖം തിരിച്ച് ദക്ഷിണ റയിൽവേ. നിലവിൽ എറണാകുളം ജംഗ്ഷനിൽ നിന്നു വേളാങ്കണ്ണിയിലേക്ക് ശനിയാഴ്ചകളിലും രാമേശ്വരത്തേക്ക് തിങ്കളാഴ്ചകളിലും ഓരോ സ്പെഷ്യൽ ട്രെയിനുകളാണുള്ളത്. സർവീസ് തുടങ്ങി ഒരു വർഷമാകാറായ വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ ആഴ്ചയിൽ രണ്ടു ദിവസമാക്കാൻ ഇടയ്ക്ക് റയിൽവേ ബോർഡ് അംഗീകാരം നൽകിയെങ്കിലും തുടർ നടപടി ദക്ഷിണ റയിൽവേയുടെ ചെന്നൈ ആസ്ഥാനത്ത് ചുവപ്പുനാടയിൽ കുരുങ്ങി. 2018‑ൽ അംഗീകാരം ലഭിച്ച എറണാകുളം- രാമേശ്വരം റൂട്ടിലും ആഴ്ചയിൽ ഒരു സ്പെഷ്യൽ ട്രെയിനാണുള്ളത്. ഇവ സ്ഥിരം ട്രെയിനുകളാക്കണം എന്നത് യാത്രക്കാരുടെ നിരന്തരമായ ആവശ്യമാണ്.

ചെന്നൈ ആസ്ഥാനം മനസ്സില്ലാ മനസ്സോടെ പച്ചക്കൊടി കാട്ടിയതോടെ 2018 ഏപ്രിൽ ഒന്നു മുതൽ ഓടിത്തുടങ്ങിയ എറണാകുളം- രാമേശ്വരം പ്രത്യേക തീവണ്ടി 13 ദിവസത്തിനുള്ളിൽ ഉണ്ടാക്കിയ വരുമാനം ഒരു കോടി 20 ലക്ഷം രൂപയാണ്. ഒരു ട്രിപ്പിനു ശരാശരി അഞ്ചുലക്ഷം രൂപ വീതം. ആ വർഷം ജൂണിനു ശേഷം 12 സ്പെഷ്യൽ ട്രെയിനുകൾ മൂന്നു മാസത്തേക്കു നീട്ടിയപ്പോൾ വരുമാനമുണ്ടാക്കിക്കൊടുത്ത രാമേശ്വരം സ്പെഷ്യലും വേളാങ്കണ്ണി സ്പെഷ്യലും നിർത്തലാക്കി. നിവേദനങ്ങളുടെയും മറ്റും ഫലമായി ഇവ വീണ്ടും ആരംഭിച്ചപ്പോൾ ഞായറാഴ്ചകളിൽ എറണാകുളം ജങ്ക്ഷനിൽ നിന്നു പുറപ്പെട്ടിരുന്ന വണ്ടി ചൊവ്വാഴ്ചതോറുമാക്കി മാറ്റി. ഇത്, സർവീസ് നഷ്ടമാണെന്നു വരുത്തിത്തീർക്കാൻ ചില ഉദ്യോഗസ്ഥന്മാർ നടത്തിയ കളിയായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോൾ പിന്നീട് ഈ സർവീസ് തിങ്കളാഴ്ചതോറുമാക്കി.

ഇതിനിടെ, തിരുവനന്തപുരം — മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുമെന്ന വാഗ്ദാനവും റയിൽവേ വിഴുങ്ങി. അമൃത‑രാജ്യറാണി എക്സ്പ്രസുകൾ സ്വതന്ത്ര ട്രെയിനുകളാകുന്ന മുറയ്ക്ക് അമൃത രാമേശ്വരത്തേക്കു നീട്ടുമെന്നായിരുന്നു ഉറപ്പ്. എന്നാൽ ഇവ രണ്ടും സ്വതന്ത്ര ട്രെയിനുകളായിട്ട് മാസം ഏഴു കഴിഞ്ഞെങ്കിലും റയിൽവേ വാഗ്ദാനം നിറവേറ്റിയില്ല. ഇപ്പോൾ പറയുന്ന ഒഴികഴിവ്, വെള്ളം നിറയ്ക്കൽ, വൃത്തിയാക്കൽ എന്നിവയ്ക്ക് വേണ്ടി വരുന്ന മൂന്നു മണിക്കൂർ സമയം രാമേശ്വരത്ത് കിട്ടാനിടയില്ല എന്നതാണ്. എന്നാൽ ഈ മണിക്കൂർ നിബന്ധന ദക്ഷിണ റയിൽവേയിലെ പല ട്രെയിനുകൾക്കുമില്ലെന്ന് പാസഞ്ചേഴ്സ് അസോസിയേഷനുകൾ ചൂണ്ടിക്കാട്ടുന്നു.

ഇതിനൊക്കെപ്പുറമെ, ഒക്ടോബർ 15‑ന് ആരംഭിച്ച 10 ‘സേവാ ട്രെയിനു‘കളിൽ ഒന്നു പോലും കേരളത്തിന് അനുവദിക്കാതെ റയിൽവേ കേരളത്തോടുള്ള അവഗണന അവർത്തിക്കുകയും ചെയ്തു. കൂടുതൽ തിരക്കുള്ള റൂട്ടുകളിൽ കൂടുതൽ ട്രെയിനുകൾ വേണമെന്ന് ഏറെക്കാലമായി കേരളം ആവശ്യമുയർത്തുന്നതിനിടെയാണ് റയിൽവേയുടെ ഈ പതിവ് ചിറ്റമ്മനയം. മലയാളിയായ ജോൺ തോമസാണ് മൂന്നു മാസമായി ദക്ഷിണറയിൽവേയുടെ ജനറൽ മാനേജർ.

you may also like this video