വിവിധ തസ്തികകളിലായി ലക്ഷത്തിലേറെ ഒഴിവുകളുണ്ടായിട്ടും അവ നികത്തുന്ന കാര്യത്തിൽ മെല്ലെപ്പോക്കുമായി റയിൽവേ. അപേക്ഷ നൽകി അവസരത്തിനായി കാക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഈ നിലപാടുമൂലം നിരാശരായിരിക്കുന്നത്. റയിൽവേയുടെ തന്നെ വെളിപ്പെടുത്തൽ പ്രകാരം രാജ്യത്തെ വിവിധ ഡിവിഷനുകളിലായി 1.4 ലക്ഷത്തിലേറെ ഒഴിവുകളുണ്ട്. ഇതിലേറെയും തീവണ്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ടതും അടിയന്തര പ്രാധാന്യത്തോടെ നികത്തേണ്ടവയുമാണ്. ഈ ഒഴിവുകളിലേക്ക് ഏതാണ്ട് രണ്ടരക്കോടിയോളം അപേക്ഷകരാണുള്ളത്. ഒഴിവുകൾ നികത്താൻ നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് റയിൽവേ അധികൃതർ പറഞ്ഞിട്ടു തന്നെ മാസങ്ങൾ കഴിഞ്ഞു. കൊടുത്ത അപേക്ഷയുടെ ഭാവിയെന്തന്നറിയാതെ ഉദ്യോഗാർത്ഥികൾ കാത്തിരുപ്പ് തുടരുകയാണ്.
ദക്ഷിണ റയിൽവേയിൽ തിരുവനന്തപുരം ഡിവിഷനിൽ മാത്രം പ്രധാനപ്പെട്ട ഒഴിവുകൾ ഏറെയാണ്. ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാൻ ഇപ്പോഴും നടപടിയില്ല. സേഫ്റ്റി കാറ്റഗറിയിൽ വരുന്ന പോയിന്റ്സ്മാൻമാരുടെ മാത്രം 140 ഒഴിവുകളാണുള്ളത്. 63 സ്റ്റേഷൻ മാസ്റ്റർമാരുടെയും 60 ഗാർഡ്മാൻമാരുടെയും ഒഴിവുകൾ വേറെയുമുണ്ട്. ആവശ്യത്തിനു ജീവനക്കാരില്ലാത്തതു മൂലം ഉള്ള ജീവനക്കാർ അധിക ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണെന്നും ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തണമെന്നും കാണിച്ച് ജീവനക്കാരുടെ സംഘടനകൾ പലതവണ കത്തു നൽകിയെങ്കിലും പരിഗണിച്ചിട്ടില്ല.
അമിത ജോലി ശ്രദ്ധക്കുറവിനും അതുവഴി ട്രെയിൻ സുരക്ഷയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ടെന്നും സംഘടനകൾ ചൂണ്ടിക്കാണിച്ചിരുന്നു. തീവണ്ടികളുടെ സുരക്ഷാ കാര്യങ്ങൾ നോക്കാൻ പോലും ഡിവിഷനിൽ ആളില്ലെന്നാണ് പരാതി. പാലക്കാട് ഡിവിഷന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതര കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെന്നപോലെ റയിൽവേയിലും കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിലാണ് ബന്ധപ്പെട്ടവർക്കു താല്പര്യം. ഈ വിധത്തിൽ ചില തസ്തികകളിലേക്കു വിമുക്തഭടന്മാരെ നിയമിക്കുകയും ചെയ്തു. പക്ഷേ, കോവിഡിന്റെ വരവോടെ നഷ്ടത്തിന്റെ കണക്കു പറഞ്ഞ്, കരാർ അടിസ്ഥാനത്തിൽ നിയമിച്ചവരെയെല്ലാം പിരിച്ചുവിടുകയും ചെയ്തു.
ENGLISH SUMMARY:Railways without filling vacancies; Candidates are waiting
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.