മഴവില്‍ സഖ്യം അനിവാര്യം: കമല്‍ ചിനോയ്

Web Desk
Posted on March 27, 2018, 9:48 pm
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച ‘ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള അതിക്രമവും പ്രതിരോധവും’ എന്ന ദേശീയ സെമിനാര്‍ ഡോ. കമല്‍മിത്ര ചിനോയ് ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകന്‍

കോഴിക്കോട്: രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കവര്‍ന്നെടുക്കുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്കും കേന്ദ്ര ഭരണകൂടത്തിനുമെതിരെ എല്ലാ വിഭാഗങ്ങളേയും അണിനിരത്തിക്കൊണ്ടുള്ള ഒരു മഴവില്‍ സഖ്യമാണ് അനിവാര്യമെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ഡോ. കമല്‍മിത്ര ചിനോയ് അഭിപ്രായപ്പെട്ടു. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കോഴിക്കോട്ട് ‘ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള അതിക്രമവും പ്രതിരോധവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസത്തിനെതിരെയുള്ള പോരാട്ടമാണ് ഇന്ന് കാലഘട്ടം ആവശ്യപ്പെടുന്നത്. അതിന് എല്ലാവിഭാഗത്തേയും ഒരുമിപ്പിക്കേണ്ടതുണ്ട്. ജനങ്ങളുടെ സംരക്ഷണത്തിന് ഇത്തരമൊരു നീക്കം അത്യന്താപേക്ഷിതമാണ്. ഇതാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ പാര്‍ട്ടികോണ്‍ഗ്രസ്സിന് മുമ്പാകെ വയ്ക്കുന്ന പ്രധാന അജണ്ടകളിലൊന്ന്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളില്‍ ഒരു സംഭാവനയും നല്‍കാത്ത പ്രസ്ഥാനമാണ് ആര്‍ എസ് എസ്. എന്നാല്‍ അവര്‍ ഇന്ന് സ്വാതന്ത്ര്യസമരത്തിന്റെ പങ്ക് പറ്റാന്‍ പരിശ്രമിക്കുകയാണ്. അതിനായി ചരിത്രത്തെപ്പോലും മാറ്റിയെഴുതാനാണ് ശ്രമം നടത്തുന്നത്. കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരുമെല്ലാം നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇതെല്ലാം വിസ്മൃതിയിലാഴ്ത്തുവാനാണ് ബോധപൂര്‍വ്വമായ നീക്കം നടക്കുന്നത്.

രാജ്യത്ത് സാധാരണ ജനങ്ങളുടെ ജീവിതം അനുദിനം പട്ടിണിയിലേക്ക് കൂപ്പുകുത്തുമ്പോള്‍ വിരലിലെണ്ണാവുന്ന ശതകോടീശ്വരന്‍മാര്‍ നമ്മുടെ സമ്പത്താകെ കയ്യടക്കുകയാണ്. അംബാനിമാര്‍ക്കും അമിതാബ് ബച്ചനുമെല്ലാം കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമുണ്ടെന്ന് വ്യക്തമായിട്ടും അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ മോഡി ഭരണകൂടം തയ്യാറാവുന്നില്ല. അമിത്ഷായുടെ മകന്‍ കോടികളുടെ അനധികൃത സ്വത്ത് കൈവശംവയ്ക്കുന്നുവെന്ന് ആരോപണമുയര്‍ന്നു. രാജ്യത്തെ സാധാരണക്കാരുടെ പണമാണ് ഇങ്ങനെ ന്യൂനപക്ഷം വരുന്ന കോര്‍പ്പറേറ്റ് മുതലാളിമാര്‍ കയ്യടക്കിയിട്ടുള്ളത്. ഭരണകൂടത്തിന്റെ ചെയ്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന പുരോഗമന പ്രസ്ഥാനങ്ങളെ തകര്‍ക്കുക എന്ന അജണ്ടയാണ് സംഘപരിവാറും ബിജെപി സര്‍ക്കാരും സ്വീകരിച്ചിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരേണ്ടിയിരിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് അജണ്ടകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയെല്ലാം നിശ്ശബ്ദമാക്കാനാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. ധബോല്‍ക്കറും പന്‍സാരെയും കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷുമെല്ലാം ഇത്തരം നീക്കത്തിന്റെ രക്തസാക്ഷികളാണ്. സ്ത്രീകളുടെയും മറ്റ് മതന്യൂനപക്ഷങ്ങളുടേയും അവകാശ സംരക്ഷണത്തിനും വര്‍ഗ്ഗീയതയ്‌ക്കെതിരേയുമെല്ലാം നിലപാടെടുത്തുവെന്നതാണ് ഇവരില്‍ ആരോപിക്കപ്പെട്ട കുറ്റം. കള്ളപ്പണത്തിനെതിരെയെന്ന് പറഞ്ഞു നടപ്പിലാക്കിയ നോട്ട് പരിഷ്‌കരണം വലിയ പരാജയമായിരുന്നുവെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. കള്ളപ്പണക്കാരായ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഒരു പോറലുമേല്‍പ്പിക്കാന്‍ ഇതിലൂടെ കഴിഞ്ഞില്ല. പകരം പാവപ്പെട്ട ജനവിഭാഗങ്ങളുടെ ദുരിതം വര്‍ധിപ്പിക്കാനെ ഇത് ഉപകരിച്ചുള്ളൂവെന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്ര ഭരണകൂടത്തിനെതിരെ കാര്‍ഷിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും നടന്നു വരുന്ന പ്രക്ഷോഭങ്ങള്‍ ആശാവഹമാണ്. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നടത്തിയ ലോംഗ് മാര്‍ച്ച് ഇത്തരത്തില്‍ ശ്രദ്ധേയമായ സമരമാണ്. ഇത് നമ്മുടെ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെമിനാറില്‍ കവി പി കെ ഗോപി അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ പി വത്സല, ഡോ. വി സുകുമാരന്‍, യു കെ കുമാരന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, എ പി കുഞ്ഞാമു, ഐ വി ശശാങ്കന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ സ്വാഗതവും അഷറഫ് കുരുവട്ടൂര്‍ നന്ദിയും പറഞ്ഞു.