ഷിബു ടി ജോസഫ്

കോഴിക്കോട്

January 10, 2021, 9:57 pm

മഴ ചതിച്ചു, കൊയ്യാറായ പാടങ്ങള്‍ വെള്ളത്തില്‍

Janayugom Online

കാലം തെറ്റി പെയ്ത മഴയില്‍ മുങ്ങിക്കുതിര്‍ന്ന് നെല്‍പ്പാടങ്ങള്‍. വിളഞ്ഞ് കൊയ്യാറായ നൂറുകണക്കിന് ഹെക്ടര്‍ പാടങ്ങളാണ് വടക്കന്‍ കേരളത്തില്‍ മഴയില്‍ മുങ്ങിനശിച്ചിരിക്കുന്നത്. മഴ തുടരുന്നതിനാല്‍ യന്ത്രമെത്തിക്കാന്‍ കഴിയാത്ത ചെറുപാടശേഖരങ്ങളിലെ നെല്ല് ഏതാണ്ട് പൂര്‍ണമായും നശിച്ച നിലയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും സഹായത്തോടെ സംസ്ഥാനത്തെ തരിശുകിടന്ന പാടശേഖരങ്ങളിലെല്ലാം കൃഷിയിറക്കിയത് മൂലം ഇത്തവണ നെല്ല് ഉല്പാദനം റെക്കോഡ് തലത്തിലേക്ക് എത്തുമെന്ന ഘട്ടത്തിലാണ് മഴ ചതിച്ചത്. അരനൂറ്റാണ്ടുകാലത്തെ അനുഭവത്തില്‍ കേരളത്തില്‍ ജനുവരി മാസം മഴയുണ്ടായ ചരിത്രമില്ല. ഒരാഴ്ചയിലേറെയായി പെയ്യുന്ന കനത്ത മഴയില്‍ പാടങ്ങളിലെല്ലാം തന്നെ നെല്ല് ചീഞ്ഞനിലയിലാണ്.

വടക്കന്‍ കേരളത്തിലാണ് നെല്‍കൃഷി നാശം വ്യാപകമായുണ്ടായിരിക്കുന്നത്. ജനുവരി മധ്യത്തോടെ കൊയ്ത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന പാടങ്ങളാണ് അപ്രതീക്ഷിത മഴയില്‍ മുങ്ങിയത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ കനത്ത കൃഷിനാശമുണ്ടായിക്കിയിരിക്കുന്നത്. കേരളത്തിലെ പ്രധാന നെല്ല് ഉല്പാദന മേഖലയായ പാലക്കാട് ജില്ലയില്‍ ഇതുവരെ കാര്യമായ പ്രശ്‌നമുണ്ടായിട്ടില്ല. ചെറിയതോതില്‍ പെയ്ത മഴ നെല്‍കൃഷിയെ ഇതുവരെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും എന്നാല്‍ വരുംദിവസങ്ങളില്‍ മഴ കനത്താല്‍ കൊയ്ത്ത് അവതാളത്തിലാകുമെന്നുമാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. പഴയകാലത്തേതുപോലെ കൊയ്ത്ത് നടത്താന്‍ ആളുകളെകിട്ടാത്ത അവസ്ഥ എല്ലാ ജില്ലകളിലുമുള്ളതിനാല്‍ യന്ത്രമെത്തിച്ചാണ് മിക്കയിടങ്ങളിലും കൊയ്ത്ത് നടത്തുക. കൊയ്ത്തിനായി ഓരോ പാടങ്ങളും തീയതി നിശ്ചയിച്ച് കൊയ്ത്ത് തുടങ്ങാനിരുന്ന ഘട്ടത്തിലാണ് മഴ അപ്രതീക്ഷിതമായി എത്തിയത്.

തെക്കന്‍ ജില്ലകളില്‍ വിതയ്ക്കലും നടീലും കഴിഞ്ഞ സമയമാണ്. ശക്തമായ മഴ ഇവിടെയും നെല്‍ക്കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേരളത്തിലെമ്പാടുമുള്ള പച്ചക്കറി കര്‍ഷകരെയും അപ്രതീക്ഷിതമായെത്തിയ മഴ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ സഹായത്തോടെ വ്യക്തികളും സംഘങ്ങളും കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി നെല്‍പ്പാടങ്ങളിലെല്ലാം കൃഷിയിറക്കാന്‍ മുന്നോട്ടുവന്നിരുന്നു. ഇക്കൊല്ലം കൃഷി ചെയ്തതിന്റെ കണക്കനുസരിച്ച് വലിയ ഉല്പാദനമാണ് പ്രതീക്ഷിച്ചിരുന്നത്. കൃഷിവകുപ്പിന്റെ സഹായവും വിവിധ സഹകരണസ്ഥാപനങ്ങളുടെ പ്രോത്സാഹനവും ഇക്കുറി തരിശുപാടങ്ങളിലെ കൃഷിച്ച് ലഭിച്ചിരുന്നു. ഇത് നല്ലതോതില്‍ കര്‍ഷകര്‍ പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. കോവിഡ് കാലത്തെ പ്രതിസന്ധിയെ അതിജീവിക്കുന്നതിന് കേരളീയര്‍ വ്യാപകമായ തോതില്‍ കൃഷിയിലേക്കിറങ്ങുകയും ചെയ്തിരുന്നു. തിരികെയെത്തിയ പ്രവാസികള്‍ അടക്കം ഏക്കര്‍ കണക്കിന് പാടങ്ങളേറ്റെടുത്താണ് കൃഷിയിറക്കിയത്. ചെറുപ്പക്കാരുടെ സംഘങ്ങളും യുവജനപ്രസ്ഥാനങ്ങളും കര്‍ഷക കൂട്ടായ്മകളും കേരളത്തില്‍ ഉടനീളം കൃഷിയിടത്തിലേക്കിറങ്ങിയതും ശ്രദ്ധേയമായ കാഴ്ചയായിരുന്നു. എന്നാല്‍ പുതുവര്‍ഷാരംഭത്തില്‍ പെയ്ത മഴ എല്ലാവരുടെയും പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയുമാണ് പാടത്തുതന്നെ മുക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ അടിയന്തരമായ സഹായവും പിന്തുണയും കൈത്താങ്ങും ഉണ്ടായില്ലെങ്കില്‍ വന്‍ പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കുമാണ് തങ്ങള്‍ എത്തുകയെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry : Rain caus­es dam­ages to pad­dy crops

You may also like this video :