Janayugom Online
heavy rain

വയനാട്ടില്‍ മഴ തുടരുന്നു

Web Desk

കല്‍പറ്റ

Posted on June 10, 2018, 9:00 pm

ജില്ലയില്‍ മഴ തുടരുന്നു. കാലവര്‍ഷത്തില്‍ നാലു വീടുകള്‍ ഭാഗീകമായി തകര്‍ന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മഴക്കാല കെടുതികള്‍ നേരിടാനായി കലക്ടറേറ്റില്‍ ജില്ലാ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 86.97 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ശക്തമായ മഴയില്‍ പുഴകള്‍ കരകവിയാന്‍ തുടങ്ങിയതോടെ പുഴ പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍ വെള്ളപ്പൊക്ക ഭീതിയിലായി.

തരിയോട് കാവുംമന്ദം പൊയില്‍ കോളനിയിലെ വീടുകള്‍ വെള്ളത്തിലായി. ഉദ്ഘാടനത്തിന് മുമ്പെ വാളാട് പൊള്ളമ്പാറ പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു. വാളാട് പൊള്ളമ്പാറ പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു. പാലത്തിന്റെയും സമീപന റോഡുകളുടെയും പണി പൂര്‍ണമായും പൂര്‍ത്തിയായി ഉദ്ഘാടനത്തിന് കാത്തിരിക്കുന്ന വേളയിലാണ് മഴയില്‍ പാലത്തിന്റെ അപ്രോച്ച് റോഡ് പൂര്‍ണ്ണമായും തകര്‍ന്നത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടിനെയും തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരിയെയും ബന്ധിപ്പിക്കുന്ന പാലമാണിത്.

ശനിയാഴ്ച രാത്രിയിലെ കനത്ത മഴയില്‍ 20 മീറ്റര്‍ വീതിയുള്ള റോഡിന്റെ 90 ശതമാനവും ഇടിഞ്ഞ് താഴ്ന്നു. ഏകദേശം 60 മീറ്ററോളം നീളത്തില്‍ റോഡ് ഇടിഞ്ഞു പോയിട്ടുണ്ട്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും പൂര്‍ണ്ണമായി നിലച്ചു.

ടോള്‍ഫ്രീ നമ്പറായ 1077നും 04936 204151 എന്ന നമ്പറിനും പുറമെയാണ് 9207985027 എന്ന മൊബൈല്‍ നമ്പര്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുള്ളത്.